ദുബൈ: പുതുവർഷത്തിലേക്ക് ലോകം മിഴിതുറന്ന രാവ് ആഘോഷത്താൽ നിറച്ച് യു.എ.ഇ. എമിറേറ്റുകളിൽ ഉടനീളം സജ്ജീകരിച്ച വിവിധ ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എല്ലായിടങ്ങളിലും കനത്ത സുരക്ഷയും സജ്ജീകരണം ഒരുക്കി അധികൃതർ പുതുവർഷത്തെ വരവേൽക്കാനെത്തിയവർക്ക് കാവലൊരുക്കി. ചൊവ്വാഴ്ച പകൽ മുതൽതന്നെ വിനോദ കേന്ദ്രങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങിയിരുന്നു. ദുബൈയിൽ മാത്രം 36 സ്ഥലങ്ങളിലാണ് വെടിക്കെട്ടുകൾ നടന്നത്.
ദുബൈയിൽ നടക്കുന്ന വെടിക്കെട്ട് പ്രദര്‍ശനം കാണാന്‍ കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേക ഏരിയകള്‍ നിശ്ചയിച്ചിരുന്നു. ബുര്‍ജ് ഖലീഫ പ്രദര്‍ശനം ഉള്‍ക്കൊള്ളുന്ന ഡൗണ്ടൗണ് ദുബൈ, ദുബൈ ഹില്‍സ് എസ്റ്റേറ്റ് എന്നീ രണ്ടിടങ്ങളിലാണ് കുടുംബങ്ങള്‍ക്കും ബാച്ചിലര്‍മാര്‍ക്കും പ്രത്യേകം കാഴ്ചാ ഇടങ്ങള്‍ ഒരുക്കിയത്. ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാൻ കിലോമീറ്ററുകൾക്കപ്പുറം പോലും കെട്ടിടങ്ങളിൽ ഉറക്കൊഴിച്ച് നിരവധിപേർ കാത്തിരിക്കുകയായിരുന്നു. ഡൗണ്‍ ടൗണ്‍ ദുബൈയില്‍, സന്ദര്‍ശകര്‍ക്ക് വലിയ സ്ക്രീനുകളും ബുര്‍ജ് പാര്‍ക്കും സഹിതം കരിമരുന്ന് പ്രകടനം, ലൈറ്റിങ്, ലേസര്‍ ഷോകള്‍, ജലധാരകള്‍, സംഗീതം എന്നിവ ആസ്വദിക്കാൻ സന്നാഹമുണ്ടായിരുന്നു. ദുബൈ ഹില്‍സ് എസ്റ്റേറ്റിലും ഡി.ജെ ഷോകള്‍, സ്ക്രീനുകള്‍, കുട്ടികള്‍ക്കുള്ള ഗെയിമുകള്‍, ലൈവ് ആര്‍ട്ട് ഷോകള്‍ എന്നിവ ഒരുക്കി.
ആഘോഷ പരിപാടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 8,000ത്തിലധികം പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 10,000ത്തിലധികം ഉദ്യോഗസ്ഥരെയും പ്രദേശത്തുടനീളം 33 സുരക്ഷാ ടെന്റുകളും അധികൃതര്‍ വിന്യസിച്ചു. 10 ആശുപത്രികളുടെ പിന്തുണയോടെ അടിയന്തര പരിചരണത്തിനുള്ള വിപുലമായ സൗകര്യങ്ങളും ഒരുക്കി. സിവിൽ ഡിഫൻസും മറ്റു സംവിധാനങ്ങളും സർവസജ്ജമായി നേരത്തേതന്നെ നിലയുറപ്പിച്ചതും ആഘോഷത്തിനെത്തിയവർക്ക് ആത്മവിശ്വാസം പകർന്നു.
അബൂദബിയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള കരിമരുന്ന് പ്രയോഗമാണ് നടന്നത്. അബൂദബിയിലെ അൽ വത്ബ ഷോ ഗ്രൗണ്ടിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഉന്നത സംഘാടക സമിതിയാണ് പുതുവത്സരം ആഘോഷിക്കുന്നതിനായി മെഗാ ഇവന്റുകളും ഷോകളും ഒരുക്കിയത്. ലേസർ ഷോ, എമിറേറ്റ്സ് ഫൗണ്ടൻ, ഗ്ലോവിങ് ടവേഴ്സ് ഗാർഡൻ, ഫെസ്റ്റിവലിന്റെ വിവിധ പവലിയനുകൾ എന്നിവിടങ്ങളിലെ പ്രത്യേക പരിപാടികളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. പുതുവർഷ രാവിൽ ഒരു ലക്ഷം കളർ ബലൂണുകൾ ആകാശത്തേക്ക് പറത്തുന്ന ദൃശ്യവിരുന്നിനും കാണികൾ സാക്ഷ്യംവഹിച്ചു.
ഗിന്നസ് നേട്ട കരിമരുന്ന് വിരുന്നൊരുക്കിയാണ് പുതുവര്‍ഷത്തെ റാസല്‍ഖൈമ വരവേറ്റത്. ലോക റെക്കോഡുകള്‍ രേഖപ്പെടുത്തിയ അല്‍ മര്‍ജാന്‍ ഐലന്റിലെ ആഘോഷ രാവില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. കഴിഞ്ഞ അഞ്ചു വര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. അജ്മാനിൽ 11 സ്ഥലങ്ങളിലാണ് വെടിക്കെട്ട് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.