അബൂദബി: ‘നടവഴിയിലെ നേരുകള്‍’ എന്ന തന്‍െറ പുസ്തകത്തെ അബൂദബിയിലെ പ്രവാസികള്‍ ഇത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് എഴുത്തുകാരി ഷെമി മനസ്സിലാക്കിയത് വ്യാഴാഴ്ച രാത്രിയാണ്. നോവല്‍ പ്രസിദ്ധീകരിച്ച ശേഷം ആദ്യമായി അബൂദബിയിലേക്ക് എത്തിയ ഷെമിക്ക് വായനക്കാര്‍ നല്‍കിയത് എന്നും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന സ്നേഹ സമ്മാനങ്ങള്‍.
‘നടവഴിയിലെ നേരുകള്‍’ വായിച്ച അനുഭവങ്ങള്‍ പങ്കിടാനും പുസ്തകത്തില്‍ എഴുത്തുകാരിയുടെ കൈയക്ഷരത്തില്‍ രണ്ട് വരികള്‍ കുറിപ്പിക്കാനും നിരവധി പേരാണ് വ്യാഴാഴ്ച വൈകുന്നേരം മദീന സായിദിലെ ലുലുവില്‍ എത്തിയത്. യു.എ.ഇ വായനാ വര്‍ഷത്തിന്‍െറ ഭാഗമായി ലുലു ഗ്രൂപ്പും ഡി.സി. ബുക്സും ചേര്‍ന്ന് മദീന സായിദ് ലുലു മാളില്‍ സംഘടിപ്പിച്ച പുസ്തക മേളയുടെ ഭാഗമായാണ് നാട്ടിലും പ്രവാസ ലോകത്തും ഏറെ ശ്രദ്ധേയമായ ‘നടവഴിയിലെ നേരുകള്‍’ നോവലിന്‍െറ എഴുത്തുകാരി എത്തിയത്. ലുലുവില്‍ നടന്ന പരിപാടിയില്‍ വായനക്കാരുമായി സംവദിക്കുകയും പുസ്തകങ്ങളില്‍ ഒപ്പിട്ടു നല്‍കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ചുകാലമായി പൊതുവേദികളില്‍ നിന്ന് വിട്ടുനിന്നിരുന്ന ഷെമിയുടെ മാസങ്ങള്‍ക്ക് ശേഷമുള്ള ആദ്യ പരിപാടിയും കൂടിയാണ് അബൂദബിയില്‍ നടന്നത്. വായിച്ചുകഴിഞ്ഞ പുസ്തകവുമായി നിരവധി വീട്ടമ്മമാരാണ് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് അബൂദബിയിലേക്ക് എത്തിയത്. പുസ്തകം വായിച്ചുകഴിഞ്ഞെങ്കിലും എഴുത്തുകാരിയുടെ കൈയൊപ്പ് പതിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പുസ്തകം പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ വായനക്കാര്‍ എത്തിയ പരിപാടിയായിരുന്നു അബൂദബിയില്‍ നടന്നതെന്ന് ഡി.സി. ബുക്സിന്‍െറ ഷക്കീം പറഞ്ഞു. പുസ്തകോത്സവത്തിന്‍െറ ഭാഗമായി എട്ടിന് വൈകുന്നേരം ഏഴിന് പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.