വയസ്സ് 12, പഠനം കോളജില്‍; തനിഷ്കിന് മോഹം അമേരിക്കന്‍ പ്രസിഡന്‍റാകാന്‍

ഷാര്‍ജ: കുട്ടിത്തം വിട്ടുമാറാത്ത പയ്യന് കോളജില്‍ എന്താണ് കാര്യം? കാലിഫോര്‍ണിയയിലെ അമേരിക്കന്‍ റിവര്‍ കോളജില്‍ ബിരുദ പഠനത്തിനത്തെിയ 12 വയസ്സുകാരനെ കണ്ട് സഹപാഠികള്‍ അത്ഭുതം കൂറി. എന്നാല്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷാഫലം വന്നപ്പോള്‍ അവരുടെ കണ്ണുതള്ളി. മുതിര്‍ന്നവരെ പിന്തള്ളി ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ക്ളാസില്‍ ഒന്നാമനായത് മീശ പോലും മുളക്കാത്ത പയ്യന്‍. ചില്ലറക്കാരനല്ളെന്ന് മനസ്സിലായപ്പോള്‍ അവനുമായി ചങ്ങാത്തം കൂടാനായി എല്ലാവരുടെയും മത്സരം. നേട്ടങ്ങളുടെ പൊന്‍തൂവലുമായി 12ാം വയസ്സില്‍ കോളജില്‍ നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ പയ്യനിപ്പോള്‍ അമേരിക്കയിലെ പ്രശസ്ത സര്‍വകലാശാലകളിലൊന്നില്‍ തുടര്‍ പഠനത്തിനുള്ള തയാറെടുപ്പിലാണ്. 
കാലിഫോര്‍ണിയയില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല അയിരൂര്‍ സ്വദേശി ബിജോ അബ്രഹാം- ഡോ. ടാജി അബ്രഹാം ദമ്പതികളുടെ മകനാണ് തനിഷ്ക് മാത്യു അബ്രഹാം എന്ന അത്ഭുത ബാലന്‍. ഷാര്‍ജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന കുട്ടികളുടെ വായനോത്സവത്തില്‍ ശ്രദ്ധാകേന്ദ്രം കൂടിയാണ് തനിഷ്ക്.
ചെറുപ്പം മുതലേ പഠനത്തില്‍ ആരെയും അതിശയിപ്പിക്കുന്ന മികവ് പുലര്‍ത്തിയിരുന്നു തനിഷ്ക്. നാലാം മാസത്തില്‍ കുട്ടികളുടെ കഥാപുസ്തകം മറിച്ച് നോക്കാന്‍ തുടങ്ങി അവന്‍. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തുടങ്ങിയപ്പോള്‍ മകന്‍െറ പ്രതിഭ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചു. കിന്‍റര്‍ഗാര്‍ട്ടനില്‍ മറ്റ് കുട്ടികളെ ബഹുദൂരം പിന്നിലാക്കി. പിന്നെ നേരിട്ട് രണ്ടാം ഗ്രേഡിലാക്കായിരുന്നു പ്രവേശം. തനിഷ്കിനൊപ്പമത്തൊന്‍ അധ്യാപകര്‍ക്ക് പോലും കഴിയുന്നില്ളെന്ന് വ്യക്തമായപ്പോള്‍ മൂന്നാം ഗ്രേഡില്‍ സാമ്പ്രദായിക പഠനം അവസാനിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. പിന്നെ വീട്ടിലിരുന്ന് ഇന്‍റര്‍നെറ്റിന്‍െറയും മാതാപിതാക്കളുടെയും സഹായത്തോടെയായി പഠനം. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയുടെ നാലാം ഗ്രേഡ് വരെയുള്ള കണക്ക് പുസ്തകങ്ങള്‍ ആറുമാസം കൊണ്ടാണ് തനിഷ്ക് പഠിച്ചുതീര്‍ത്തത്. ആറാം വയസ്സില്‍ ഹൈസ്കൂള്‍ വിഷയങ്ങളുടെ പഠനം പൂര്‍ത്തിയായെങ്കിലും പ്രായക്കുറവ് വിലങ്ങുതടിയായപ്പോള്‍ പരീക്ഷയെഴുതാന്‍ 10 വയസ്സുവരെ കാത്തുനില്‍ക്കേണ്ടിവന്നു. 10ാം വയസ്സില്‍ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൈസ്കൂള്‍ ഗ്രാജ്വേറ്റായി തനിഷ്ക് ചരിത്രം കുറിച്ചു. 
ഏഴാം വയസ്സില്‍ സമാന്തരമായി ബിരുദ പഠനവും തുടങ്ങിയിരുന്നു. പ്രായക്കുറവ് മൂലം തടസ്സം നിന്ന കോളജ് അധികൃതരോട് പടവെട്ടിയാണ് മാതാപിതാക്കള്‍ ബിരുദ പഠനത്തിന് അവസരമൊരുക്കിയത്. നിരവധി കോളജുകളെ സമീപിച്ചെങ്കിലും ആരും പ്രവേശം നല്‍കാന്‍ തയാറായില്ല. ഒടുവില്‍ അമേരിക്കന്‍ റിവര്‍ കോളജ് അധികൃതര്‍ ഉപാധിയോടെ സമ്മതം നല്‍കി. മാതാവിനൊപ്പം മാത്രമേ കോളജില്‍ വരാന്‍ അനുവദിക്കൂവെന്നായിരുന്നു ഉപാധി. അങ്ങനെ ഡോ. ടാജി ബിരുദപഠനത്തിനായി കോളജില്‍ എന്‍റോള്‍ ചെയ്തു. ഒപ്പം തനിഷ്കിനെയും കൊണ്ടുപോകും. ജിയോളജി, അസ്ട്രോണമി വിഷയങ്ങള്‍ അതിവേഗം ഹൃദിസ്ഥമാക്കിയ തനിഷ്ക് ക്ളാസിലെ ഏറ്റവുമധികം മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിയായി. 11ാം വയസ്സില്‍ കണക്ക്, ഫിസിക്കല്‍ സയന്‍സ്, ജനറല്‍ സയന്‍സ്, ഫോറിന്‍ ലാംഗ്വേജ് സ്റ്റഡീസ് എന്നിവയില്‍ ബിരുദം നേടി ഈ നേട്ടം കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്‍ഥിയായി. ജീവശാസ്ത്രത്തെ ഏറെ ഇഷ്ടപ്പെടുന്ന തനിഷ്ക് ഇപ്പോള്‍ ബയോ മെഡിക്കല്‍ എന്‍ജിനിയറിങില്‍ ബിരുദം നേടാനുള്ള ശ്രമത്തിലാണ്. വൈദ്യശാസ്ത്ര രംഗത്ത് ഗവേഷകനായി മാറാനാണ് ആഗ്രഹം. ഒപ്പം അമേരിക്കന്‍ പ്രസിഡന്‍റാകണമെന്ന മോഹവും മനസ്സില്‍ സൂക്ഷിക്കുന്നു. 
പഠനത്തിനൊപ്പം കലാ- സാംസ്കാരിക മേഖലകളിലും സജീവമാണ് തനിഷ്ക്. ഉയര്‍ന്ന ഐ.ക്യു ഉള്ളവരുടെ സംഘടനയായ ‘മെന്‍സ’യില്‍ 99.9 ശതമാനം മാര്‍ക്ക് നേടി നാലാം വയസ്സില്‍ അംഗമായയാളാണ് ഈ മിടുക്കന്‍. എട്ടാം വയസ്സില്‍ കോളജിലെ അസ്ട്രോണമി- ഫിസിക്സ് ക്ളബിന്‍െറ സ്ഥാപക വൈസ്പ്രസിഡന്‍റായി. ഒമ്പതാം വയസ്സില്‍ നാസയില്‍ മുതിര്‍ന്നവര്‍ക്ക് മുന്നില്‍ പ്രഭാഷണം നടത്തി ഏവരെയും അത്ഭുതപ്പെടുത്തി. സി.എന്‍.എന്‍ അടക്കം നിരവധി ടി.വി, റേഡിയോ ഷോകളില്‍ പ്രത്യക്ഷപ്പെട്ടു. ഹഫിങ്ടണ്‍ പോസ്റ്റ് അടക്കം അമേരിക്കന്‍ മാധ്യമങ്ങളിലും താരമായി. 
മൂന്നാം വയസ്സില്‍ പിയാനോ പഠനം തുടങ്ങിയ തനിഷ്ക് ഗ്രാമി അവാര്‍ഡ് നേടിയ സാന്‍ഫ്രാന്‍സിസ്കോ ബോയ്സ് ഗായക സംഘത്തില്‍ അഞ്ച് വര്‍ഷമായി അംഗമാണ്. അഞ്ചാം ഗ്രേഡില്‍ പഠിക്കുന്ന സഹോദരി ടിയാര തങ്കം അബ്രഹാമും തനിഷ്കിന്‍െറ വഴിയേ തന്നെയാണ്. 98 ശതമാനം മാര്‍ക്കോടെ നാലാം വയസ്സില്‍ ടിയാരയും ‘മെന്‍സ’യില്‍ അംഗമായിട്ടുണ്ട്. 
സോഫ്റ്റ്വെയര്‍ എന്‍ജിനിയറാണ് പിതാവ് ബിജോ അബ്രഹാം. വെറ്ററിനറി ഡോക്ടറായ മാതാവ് ടാജി അബ്രഹാം ജോലി പോലും ഉപേക്ഷിച്ച് മക്കളുടെ കുതിപ്പിന് നിറഞ്ഞ പിന്തുണയുമായി കൂടെയുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.