അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

അബൂദബി: ആറ് ദിവസം നീളുന്ന 26ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അബൂദബി നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി. 63 രാജ്യങ്ങളില്‍ നിന്നുള്ള 1260 പ്രദര്‍ശകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവം  വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക- വിജ്ഞാന വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, സഹമന്ത്രിയും നാഷനല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ജാബിര്‍, അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക്, നാഷനല്‍ മീഡിയ കൗണ്‍സില്‍ ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മന്‍സൂര്‍ അല്‍ മന്‍സൂരി, അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് സഈദ് ഗോബാഷ്, അബൂദബി യൂനിവേഴ്സിറ്റിസ് എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാന്‍ അലി സഈദ് ബിന്‍ ഹര്‍മല്‍ അല്‍ ദാഹേരി  തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.  
വൈജ്ഞാനികം, സാഹിത്യം, കല, സാംസ്കാരികം, ഭക്ഷണം, ബാല സാഹിത്യം, ആത്മീയം തുടങ്ങിയ മേഖലകളിലായി നൂറുകണക്കിന് പുസ്തകങ്ങളാണ് വിവിധ പ്രസാധകരും പ്രദര്‍ശകരും പുസ്തകമേളയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള നിരവധി പ്രസാധകരും മേളക്കത്തെിയിട്ടുണ്ട്. മലയാളത്തില്‍ നിന്ന് ഡി.സി. ബുക്സ് ശ്രദ്ധേയ സാന്നിധ്യമാണ്. നാഷനല്‍ ബുക്ക് ട്രസ്റ്റിന്‍െറ സ്റ്റാളുമുണ്ട്.  അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി വിനോദ സഞ്ചാര- സാംസ്കാരിക അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടിയില്‍ രചനയുടെ വൈവിധ്യ മേഖലകളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. യു.എ.ഇ വായനാവര്‍ഷം ആചരിക്കുന്നതിന്‍െറ ഭാഗമായി ഈ വര്‍ഷം പുസ്തകോത്സവത്തില്‍ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  31962 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പ്രദര്‍ശനം നടക്കുന്നത്.
പ്രമുഖ അറബ്- അന്താരാഷ്ട്ര കവികള്‍, എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്‍മാര്‍ തുടങ്ങിയവര്‍ പുസ്തകോത്സവത്തിനത്തെുന്നുണ്ട്. ഈ വര്‍ഷത്തെ ബഹുമാനിത രാഷ്ട്രമായി തെരഞ്ഞെടുക്കപ്പെട്ട ഇറ്റലിയില്‍ നിന്ന് നിരവധി സൃഷ്ടികളും സാഹിത്യകാരന്‍മാരും അബൂദബിയിലേക്ക് എത്തിയിട്ടുണ്ട്. പുസ്തകോത്സവത്തിന്‍െറ ആദ്യ ദിനത്തില്‍ തന്നെ ഇറ്റാലിയന്‍ എംബസി പ്രത്യേക പരിപാടിയും സംഘടിപ്പിച്ചിരുന്നു. മേയ് മൂന്ന് വരെ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി പത്ത് വരെയായിരിക്കും പ്രവേശം. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ രാത്രി പത്ത് വരെയാണ് പ്രവേശം. ഈ വര്‍ഷം മൂന്ന് ലക്ഷം പേര്‍ പുസ്തക മേളയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.