നവീകരണം കഴിഞ്ഞ് മാസങ്ങളായിട്ടും കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനഃസ്ഥാപിക്കുന്നില്ല

ദുബൈ: റണ്‍വേ അറ്റകുറ്റപണികള്‍ പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും കരിപ്പൂര്‍ വിമാനത്താവളത്തിലെ നിര്‍ത്തിവെച്ച സര്‍വീസുകള്‍ പുനരാരംഭിച്ചില്ല. മതിയായ റണ്‍വേ സൗകര്യം ഇല്ളെന്ന് കാണിച്ച്  സുരക്ഷാ പ്രശ്നത്തിന്‍െറ പേരിലാണ്  വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ 65 പി.സി.എന്‍ റണ്‍വേ ശക്തി മതിയെന്നിരിക്കെ 75 പി.സി.എന്‍ ശക്തിയുള്ള റണ്‍വേയാണിപ്പോള്‍ കോഴിക്കോട്ട് തയാറായിട്ടുള്ളത്. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ ആവശ്യമായ നീളവും റണ്‍വേക്ക് നിലവിലുണ്ട്. നേരത്തെ 56 പി.സി.എന്‍ മാത്രമായിരുന്നു റണ്‍വേയുടെ  ബലം.  
നവീകരണത്തിന്‍െറ പേരിലാണ് പല രാജ്യാന്തര സര്‍വീസുകളും നിര്‍ത്തിവെച്ചതും  ഹജ്ജ് യാത്രക്കാരെ നെടുമ്പാശ്ശേരി വഴിയാക്കിയതും. റിപ്പയര്‍ ജോലികളെല്ലാം ഇതിനകം പൂര്‍ത്തിയായി. പഴയ സ്ഥിതി പുനഃസ്ഥാപിക്കുന്നതിനും റദ്ദാക്കിയ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനും മറ്റ് തടസ്സങ്ങളൊന്നുമില്ല. ഈ വര്‍ഷത്തെ ഹജ്ജ് വിമാനങ്ങളും ഇവിടുന്ന് തന്നെ യാത്ര തിരിക്കാമായിരുന്നു. പക്ഷേ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കാത്തതിന്‍െറ പിന്നില്‍ ദുരൂഹതക കളുണ്ടെന്നാണ് പരക്കെ ആക്ഷേപം. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ നടക്കുന്ന ശ്രമങ്ങളും അതിനെതിരെ ഭൂവുടമകള്‍ നടത്തുന്ന ചെറുത്ത് നില്‍പ്പും പൂര്‍വ സ്ഥിതി പുനഃസ്ഥാപിക്കുന്നതിന് ഒരിക്കലും തടസ്സമാവേണ്ടതില്ളെന്നാണ് എയര്‍പോര്‍ട്ട് സംരക്ഷണ രംഗത്തുള്ള  സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.   നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് നടത്തിയിരുന്ന സര്‍വീസുകളാണിപ്പോള്‍ വെട്ടിച്ചുരുക്കിയിട്ടുള്ളത്. അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്ന സൗകര്യങ്ങളെല്ലാം പുനഃസ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്.
2015 മേയ് ഒന്ന് മുതലാണ് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത്. റണ്‍വേ റീകാര്‍പ്പറ്റിങ്ങിന്‍െറ മൂന്നാം ലെയര്‍ പൂര്‍ത്തിയായാല്‍ വലിയ വിമാനങ്ങള്‍ ഇറക്കാനാകുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2016 ജൂണില്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിട്ട തേര്‍ഡ് ലെയര്‍ ഫെബ്രുവരിയില്‍ തന്നെ പൂര്‍ത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് പ്രമുഖ വിമാന കമ്പനികള്‍ സുരക്ഷാ പരിശോധനയും നടത്തി. സര്‍വീസ് ആരംഭിക്കാനുള്ള ബുക്കിങ്ങും തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി തടസ്സം  നില്‍ക്കുകയും എല്ലാം പെട്ടെന്ന് അട്ടിമറിക്കപ്പെടുകയുമായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ കടുത്ത സമ്മര്‍ദമുണ്ടായില്ളെങ്കില്‍ എമിറേറ്റ്സ്, സൗദിയ, ഇത്തിഹാദ്, എയര്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വലിയ വിമാനങ്ങള്‍ പുതിയ റണ്‍വേയില്‍ ഇറങ്ങാന്‍ സാധ്യത കുറവാണെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അനുമതി ലഭിച്ചാല്‍ ഏതുസമയവും സര്‍വീസുകള്‍ പുനരാംഭിക്കാന്‍ തയാറാണെന്ന് നേരത്തെ ഈ വിമാന കമ്പനികള്‍  അധികൃതരെ അറിയിച്ചിരുന്നു . 2850 മീറ്ററാണ് കരിപ്പൂരിലെ റണ്‍വേയുടെ നീളം. ഇതില്‍ തകര്‍ന്ന 1500 മീറ്റര്‍ ബലപ്പെടുത്തി  പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായിക്കഴിഞ്ഞു. അപ്പോഴാണ് പുതിയ ആവശ്യവുമായുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഇടപെടല്‍. സിവില്‍ ഏവിയേഷന്‍െറ മാനദണ്ഡപ്രകാരം  റണ്‍വേയുടെ വീതി 150 മീറ്ററില്‍ നിന്ന് 300 ആക്കണമെന്നാണ് ആവശ്യം.  തിരുവനന്തപുരം,ഗോവ , ജയ്പൂര്‍ , നാഗ്പൂര്‍ , ലക്നോ, അഹ്മദാബാദ് എന്നിവിടങ്ങളിലൊക്കെ എയര്‍സ്ട്രിപ്പ് കരിപ്പൂരിലെന്നത് പോലെ 150 മീറ്റര്‍ മാത്രമായിട്ടും ബി 747,ബി 777, ബി 330 പോലുള്ള വിമാനങ്ങള്‍  ഇപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം വിമാനങ്ങള്‍ നവീകരണത്തിന് മുമ്പേ കരിപ്പൂരിലേക്കും സര്‍വീസ് നടത്തിയിരുന്നതാണ്. മാത്രമല്ല നിലവില്‍ കരിപ്പൂരിനേക്കാള്‍ റണ്‍വേക്ക് നീളം കുറവുള്ള ലക്നോ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്താന്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയും ഉണ്ട്.   ടേബിള്‍ ടോപ് എയര്‍പോര്‍ട്ടുകളില്‍ മികച്ച അത്യാധുനിക സൗകര്യവും കരിപ്പൂരിനുണ്ട്. ഇത്തരം പരീക്ഷണങ്ങളെല്ലാം നേരത്തെ വിജയകരമായിരുന്നിട്ടും  ഇപ്പോള്‍ നവീകരണം പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നത്  നെടുമ്പാശേരി  കേന്ദ്രമായുള്ള ഉന്നത  ലോബിയുടെ ചരടുവലിയാണെന്ന് മലബാര്‍  ഡെവലപ്മെന്‍റ് ഫോറം പ്രസിഡന്‍റ്  കെ.എം. ബഷീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  നിലവിലെ 2850 മീറ്റര്‍ റണ്‍വേ 4500 മീറ്റര്‍ ആക്കണമെന്നും  ആവശ്യപ്പെടുന്നുണ്ട് . എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ജോലി മുന്നോട്ടുനീങ്ങാത്തതിനാല്‍ ഇത്തരത്തിലുള്ള റണ്‍വേ വികസനത്തിന് ഉടനെയൊന്നും സാധ്യതയില്ല. ഈ സാഹചര്യത്തെ മറികടക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയിലും വ്യോമയാന ഡയറക്ടര്‍ ജനറലിലും (ഡി.ജി.സി.എ ) ശക്തമായ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് സമരസമിതി ഭാരവാഹികള്‍  ആവശ്യപ്പെട്ടു.
കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വീസ് നെടുമ്പാശേരി ലോബിക്ക്  വിറ്റതാണെന്നും കെ. എം.ബഷീര്‍ ആരോപിച്ചു. മലപ്പുറത്തെ ജനപ്രധിനിധികളും ഹജ്ജ് കമ്മിറ്റി അംഗങ്ങളും ഇക്കാര്യത്തില്‍ മൗനത്തിലാണ്. കരിപ്പൂരില്‍ നിന്ന് ഇപ്പോള്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന എയര്‍ബസ് 320 വിമാനങ്ങള്‍ക്ക് ജിദ്ദയിലേക്ക് നേരിട്ട് പറക്കാനുള്ള ശേഷി ഉണ്ടെന്നിരിക്കെ   ഹജ്ജ് സര്‍വീസിന് മാത്രം  കരിപ്പൂരിനെ അവഗണിക്കുന്നത് വഴി ഉന്നത ഗൂഢാലോചന മറനീക്കി പുറത്തുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മലബാര്‍ ഡെവലപ്മെന്‍റ് ഫോറം മുഖ്യമന്ത്രിയെ സമീപിച്ചതിന്‍െറ അടിസ്ഥാനത്തില്‍ വ്യോമയാന ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഈ മാസം 10 നാണ് ചര്‍ച്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.