ഇന്ത്യന്‍ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ടീം–ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി പോരാട്ടം ഇന്ന് ഗോവയില്‍ 

അബൂദബി: അണ്ടര്‍ 17 ഫുട്ബാള്‍ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി ബൂട്ട് കെട്ടുന്ന ടീമുമായി യു.എ.ഇ അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി ശനിയാഴ്ച ഏറ്റുമുട്ടും. ഗോവയിലെ ഫടോര്‍ദ സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. 
ജര്‍മന്‍കാരനായ മുഖ്യ പരിശീലകന്‍ നിക്കോളായ് ആദത്തിന്‍െറ കീഴില്‍ കുറെ നാളുകളായി ജര്‍മനിയില്‍ കഠിന പരിശീലനത്തിലായിരുന്നു ഇന്ത്യന്‍ ടീം. ആദ്യമായാണ് യു.എ.ഇയില്‍നിന്നുള്ള ഒരു സ്പോര്‍ട്സ് അക്കാദമിക്ക് ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്ബാള്‍ ടീമിനെതിരെ കളിക്കാന്‍ അവസരം ലഭിക്കുന്നത്. എഫ്.സി. ബാഴ്സലോനയില്‍ പരിശീലനം ലഭിച്ച മലയാളി താരം ജേക്കബ് ജോണിന്‍െറ നേതൃത്വത്തില്‍ ഇറങ്ങുന്ന അല്‍ ഇത്തിഹാദ് ടീമില്‍ അല്‍ ഇത്തിഹാദിന്‍െറ അബൂദബി, ദുബൈ, അല്‍ഐന്‍, ഖത്തര്‍ ബ്രാഞ്ചുകളിലെ മികച്ച കളിക്കാരെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒരാളൊഴിച്ച് ബാക്കിയെല്ലാവരും മലയാളികളാണ്. 
മുംബൈക്കാരനാണ് ഒരു കളിക്കാരന്‍. അല്‍മേനിയക്കാരനായ മുഖ്യ പരിശീലകന്‍ മിഖായേല്‍ സക്കറിയക്ക് കീഴില്‍ കുറെ നാളുകളായി ഗോവയില്‍ പരിശീലനം നടത്തിവരികയായിരുന്നു അല്‍ ഇത്തിഹാദ് സ്പോര്‍ടസ് അക്കാദമി ടീം. ഈ ക്യാമ്പിനിടെ ഗോവയിലെ മികച്ച ടീമായ ഡെംബോ ഗോവയെ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസമായാണ് ടീം ശനിയാഴ്ച കളത്തിലിറങ്ങുന്നത്. ജര്‍മനിയില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം പരിശീലനം ലഭിച്ച നീലകണ്ഠന്‍ ആനന്ദിന്‍െറ സാന്നിധ്യം അല്‍ ഇത്തിഹാദ് ടീമിന് കരുത്ത് പകരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.