ദുബൈ മെട്രോയില്‍ കൈപ്പിഴ വേണ്ട

ദുബൈ: നഗരത്തില്‍ ആദ്യമായത്തെിയ രണ്ടുപേര്‍ ഏറെ പ്ളാറ്റ്ഫോമുകളുള്ള സ്റ്റേഷനില്‍ നിന്ന് എമിറേറ്റ്സ് മാളിലേക്കുള്ള മെട്രോ ട്രെയിന്‍ എവിടെയെന്നറിയാതെ കുഴങ്ങുന്നതു കണ്ട് സഹായിക്കാന്‍ മുന്നോട്ടുചെന്നതാണ് ഒരു മലയാളി യുവാവ്. ലിഫ്റ്റ് ഇറങ്ങി എത്തിയപ്പോഴേക്കും പുറപ്പെടാനൊരുങ്ങി നിന്നിരുന്ന ട്രെയിനിലേക്ക് ഓടിക്കയറി. ആശ്വാസ നെടുവീര്‍പ്പിടുമ്പോഴേക്കുമുണ്ട് പരിശോധകന്‍ എത്തി മൂവര്‍ക്കും പിഴയിട്ടു- 200 ദിര്‍ഹം വീതം. മൂവരൂം തിരക്കിട്ട് കയറിപ്പോയത് ഗോള്‍ഡ് ക്ളാസ് കോച്ചിലായിരുന്നു. മെട്രോയില്‍ ഇത്തരത്തില്‍ പറ്റുന്ന അശ്രദ്ധകള്‍ 100 മുതല്‍ 2000 ദിര്‍ഹം വരെ പിഴ ശിക്ഷക്ക് കാരണമാവുന്ന നിയമലംഘനങ്ങളാണ്. നഗരത്തിലെ ഗതാഗതക്കുരുക്കുകളിലൊന്നും പെടാതെ കൃത്യസമയത്ത് നിശ്ചിത സ്ഥലങ്ങളിലത്തൊന്‍ സഹായിക്കുന്ന മെട്രോ ഉപയോഗിക്കുമ്പോള്‍ നിസാരമെന്നു തോന്നുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ളെങ്കില്‍ യാത്ര ചിലപ്പോള്‍ വൈകാന്‍ ഇടവരും, ചെലവും കൂടും.
കാര്‍ഡുകള്‍ കൃത്യമായി ടാഗ് ചെയ്യാതെ അകത്തു കടക്കുന്നത് നിയമവിരുദ്ധമാണ്. പരിശോധകര്‍ കണ്ടത്തെിയാല്‍ നോല്‍കാര്‍ഡ് മാത്രമല്ല എമിറേറ്റ്സ് ഐ.ഡി കാര്‍ഡും പിടിച്ചെടുക്കും.
ട്രെയിനിനായി കാത്തിരിക്കാനുള്ള സ്ഥലത്ത് ഉറങ്ങരുത്-പിടിച്ചാല്‍ 300 ദിര്‍ഹമാണ് പിഴ. ട്രെയിനില്‍ അന്നപാനീയങ്ങളും ച്യൂയിംഗവും ഉപയോഗിക്കുന്നത് പിഴ ലഭിക്കാവുന്ന കുറ്റമാണ്. നിലത്ത് ഇരിക്കുന്നതും വനിതാ കമ്പാര്‍ട്ട്മെന്‍റില്‍ പുരുഷന്‍മാര്‍ കയറുന്നതും ഫോട്ടോപതിച്ച വ്യക്തിഗത നോല്‍ കാര്‍ഡുകള്‍ ആളുമാറി ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്.  അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട ബട്ടനുകള്‍ അനാവശ്യമായി (അബദ്ധത്തില്‍ പോലും ) അമര്‍ത്തിയാലും 2000 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ഇന്ത്യയിലെ ബസുകളും ട്രെയിനുകളും യാത്രക്കാരുടെ പേരുകളും സ്ഥലപ്പേരുകളുമെല്ലാം നിറഞ്ഞ ചിത്രച്ചുമരുകളാണ്. 
എന്നാല്‍ ദുബൈ മെട്രോയില്‍ അത് ആവര്‍ത്തിക്കാന്‍ നിന്നാല്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടി വരും. ട്രെയിനിനുള്ളില്‍ കച്ചവടം നടത്താന്‍ ശ്രമിച്ചാലും പിടികൂടി പിഴ ഈടാക്കും. സ്റ്റേഷനുകളുടെ മുറ്റം മുതല്‍ മെട്രോ മുഴുവനും കാമറകളുടെ വലയത്തിലാകയാല്‍ നിയമലംഘനം നടത്തുന്നവര്‍ കുടുങ്ങും എന്ന കാര്യത്തില്‍ സംശയവുമില്ല
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.