ദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് വേണ്ടി പ്രയത്നിച്ച വ്യക്തിയെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ മറന്നുപോയതിനെക്കുറിച്ച് പുതിയ വിവാദം. സ്മാര്‍ട്ട് സിറ്റി കേരളത്തിന് ലഭിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അന്തരിച്ച എ.പി. മുഹമ്മദ് അസ്ലമിനെ വിസ്മരിച്ചതില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ അസ്ലമാണ് സ്മാര്‍ട്ട് സിറ്റിക്ക് പ്രേരണയായതെന്ന വിശദീകരണവുമായി വ്യവസായ,ഐ.ടി. മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ രംഗത്തത്തെി.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്നു 2005ല്‍ അന്തരിച്ച മുഹമ്മദ് അസ്ലം.
ദുബൈയിലെ പത്രപ്രവര്‍ത്തകനും അസ്ലമിന്‍െറ സുഹൃത്തുമായിരുന്ന കെ.ടി.അബ്ദുറബ്ബാണ് അസ്ലമിനോട് കാണിച്ചത് നന്ദികേടായിപ്പോയെന്ന് അഭിപ്രായപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ‘തമിഴ്നാടും ആന്ധ്രയും പദ്ധതി അവര്‍ക്ക് ലഭിക്കാനായി കിണഞ്ഞു ശ്രമിച്ചിരുന്നു. ഇതിനായി 2001 ജനുവരിയില്‍ അന്നത്തെ ആന്ധ്ര മുഖ്യമന്ത്രിചന്ദ്രബാബു നായിഡു ദുബൈ സന്ദര്‍ശിക്കുകയും ചെയ്തു. എന്നാല്‍ സ്മാര്‍ട്ട് സിറ്റി കേരളത്തിന് തന്നെ ലഭിക്കണമെന്ന് അസ്ലമിന് നിര്‍ബന്ധമുണ്ടായിരുന്നു. ഉന്നത ബന്ധങ്ങള്‍ ഉള്ളതിനാല്‍ ഇക്കാര്യം അധികൃതരെ പറഞ്ഞു മനസിലാക്കാനും മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത് തടയാനും അന്ന് അദ്ദേഹത്തിന് സാധിച്ചു’-അബ്ദുറബ്ബ് പറയുന്നു. അദ്ദേഹത്തിന്‍െറ പേര് ഉദ്ഘാടന ചടങ്ങില്‍ പരാമര്‍ശിക്കാമായിരുന്നു. കാര്യങ്ങളെല്ലാം അറിയുന്ന മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും പ്രവാസി സംഘടനയായ കെ.എം.സി.സിയും അദ്ദേഹത്തെ മറന്നത് കഷ്ടമാണെന്ന് പറയുന്ന ഫേസ്ബുക് പോസ്റ്റിന് അനുകൂലമായി ധാരാളം പേര്‍ പ്രതികരിക്കുകയും ചെയ്തു. അസ്ലമിനെ മറന്നത് നിര്‍ഭാഗ്യകരമായിപ്പോയെന്ന് കെ.എം.സി.സി നേതാവ് പുത്തൂര്‍ റഹ്മാനും പ്രതികരിച്ചു. സ്മാര്‍ട്ട്സിറ്റി സംബന്ധിച്ച അറബ് നേതാക്കളുമായുള്ള ആദ്യ യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം അസ്ലമും ഉണ്ടായിരുന്നതായി പുത്തൂര്‍ റഹ്മാന്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് സ്മാര്‍ട്ട് സിറ്റി ആശയത്തിന് വിത്തിട്ടത് എ.പി. മുഹമ്മദ് അസ്ലമാണെന്ന വിശദീകരണവുമായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം പ്രസ്താവനയിറക്കിയത്. മുസ്ലിം ലീഗ് മുഖപത്രമായ ‘ചന്ദ്രിക’ ഇത് ചൊവ്വാഴ്ച പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. വിവര സാങ്കേതിക വിദ്യ ഇത്രത്തോളം വികസിക്കാത്ത ഘട്ടത്തിലാണ് കേരളത്തില്‍ സ്മാര്‍ട് സിറ്റി എന്ന സങ്കല്‍പത്തിന് മലപ്പുറം കല്‍പകഞ്ചേരി സ്വദേശിയായ അസ്ലം പ്രേരണയായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് ലക്ഷത്തോളം തൊഴിലവസരങ്ങളും 15,000 കോടിയില്‍പരം രൂപയുടെ ഐ.ടി കയറ്റുമതിയും പ്രതീക്ഷിക്കുന്ന വന്‍ പദ്ധതിയായി ഉയര്‍ന്നുവരുന്ന സ്മാര്‍ട്സിറ്റിക്കു പിന്നിലെ അദൃശ്യ ഹസ്തമാണ് അസ്ലം. വ്യവസായ, ഐ.ടി മന്ത്രിയായിരിക്കേ ഒരു വ്യാഴവട്ടമപ്പുറം ദുബൈയിലെ വ്യവസായ ഐ.ടി മേളയായ ജൈറ്റക്സില്‍ പങ്കെടുക്കാന്‍ ചെന്നപ്പോഴാണ് അസ്ലം ഈ ആശയം മുന്നോട്ടുവെച്ചത്.
ദുബൈ ആസ്ഥാനമായ ഇന്‍റര്‍നെറ്റ് സിറ്റി സംരംഭകര്‍ക്ക് യു.എ.ഇക്കു പുറത്ത് കാമ്പസ് തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും രാജ്യത്തിന്‍െറ ഭാവി രൂപപ്പെടുന്ന പദ്ധതിയായി എന്തുകൊണ്ട് കേരളത്തില്‍ ഇങ്ങനെയൊന്ന് താങ്കള്‍ക്ക് തുടങ്ങിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു. അനുകൂലമായി പ്രതികരിച്ചതോടെ ഉടന്‍ നമുക്കതിന് തയാറെടുപ്പ് തുടങ്ങാം എന്നു പറഞ്ഞ് അസ്ലം ഇന്‍റര്‍നെറ്റ് സിറ്റിയുടെ സി.ഇ.ഒ അഹമ്മദ് ബിന്‍ ബയാതിനെ ഫോണില്‍ ബന്ധപ്പെട്ടതായും കുഞ്ഞാലിക്കുട്ടി ഓര്‍ക്കുന്നു.
സ്മാര്‍ട് സിറ്റിയുടെ തുടക്കം യഥാര്‍ത്ഥത്തില്‍ അസ്ലമിന്‍െറ വാക്കില്‍ നിന്നാണ്. ശനിയാഴ്ച ഉദ്ഘാടന ചടങ്ങില്‍ നേരത്തെ തയാറാക്കിയ തന്‍െറ സ്വാഗത പ്രസംഗത്തില്‍ അസ്ലമിന്‍െറ പങ്ക് എടുത്തുപറയുന്ന വാചകമുണ്ടായിരുന്നു. ചടങ്ങില്‍ ഒടുവില്‍ വന്ന മാറ്റം ആ പ്രസംഗത്തെയും ബാധിച്ചുവെങ്കിലും എ.പി.മുഹമ്മദ് അസ്ലമിനെ ഓര്‍മിക്കാതെ സ്മാര്‍ട് സിറ്റിയില്ല -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.