അബൂദബി: യു.എ.ഇ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന പുകവലിക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാറും ഭരണാധികാരികളും. എല്ലാ എമിറേറ്റുകളിലും പുകവലിക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തുകയാണ് ലക്ഷ്യമിടുന്നത്. പുകയിലയുടെയും പുകവലിയുടെയും അപകടങ്ങളില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ രക്ഷിക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി പുകവലി വിരുദ്ധ സമിതി രൂപവത്കരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. പുകയിലയുടെ ഉപയോഗം കുറക്കുന്നതിനുള്ള ദേശീയ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് സമിതി രൂപവത്കരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പുകയില ഉപയോഗം, പുകയില ഉല്‍പന്നങ്ങള്‍, അന്താരാഷ്ട്ര പുകയില വ്യാപാരം എന്നിവയുടെ വിശദ കണക്കും സമിതി തയാറാക്കും.
12 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള 15 പേരാണ് സമിതി അംഗങ്ങള്‍. ഇതില്‍ ഒമ്പതെണ്ണം ഫെഡറല്‍ സര്‍ക്കാര്‍ വകുപ്പുകളും മൂന്നെണ്ണം പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുമായിരിക്കും. മൂന്ന് വര്‍ഷമാണ് സമിതി അംഗങ്ങളുടെ കാലാവധി. ആരോഗ്യ മന്ത്രാലയം ആസ്ഥാനമായുള്ള സമിതി രണ്ട് മാസത്തില്‍ ഒരിക്കലെങ്കിലും യോഗം ചേര്‍ന്ന് സ്ഥിതി വിശേഷങ്ങള്‍ വിലയിരുത്തും. പുകയില വിരുദ്ധ നിയമങ്ങളും നിയന്ത്രണങ്ങളും തയാറാക്കല്‍, പുകയില വിരുദ്ധ അധികൃതര്‍ തയാറാക്കുന്ന നിര്‍ദേശങ്ങള്‍ പഠിക്കുക, പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടന കണ്‍വെന്‍ഷന്‍ നടപ്പാക്കുക തുടങ്ങിയവയാണ് സമിതിയുടെ പ്രധാന ചുമതലകള്‍. യു.എ.ഇയിലുള്ള പുകയില നിയന്ത്രണങ്ങള്‍ ഏകീകരിക്കലും നിര്‍ദിഷ്ട സമിതിയുടെ ഉത്തരവാദിത്തമാണ്.
രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ പുകയില ഉപയോഗം വര്‍ധിച്ചുവരുകയും അര്‍ബുദവും ഹൃദ്രോഗവും അടക്കം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുകവലിക്കെതിരെ കര്‍ക്കശ നിലപാടുകള്‍ സ്വീകരിക്കാന്‍ യു.എ.ഇ തയാറായത്. രാജ്യത്തെ ജനസംഖ്യയുടെ 30 ശതമാനത്തോളം പേര്‍ പുകയിലക്ക് അടിമകളാണെന്നാണ് 2015 മധ്യത്തില്‍ പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ പുകയില ഉപയോഗം വര്‍ധിക്കുന്നുണ്ട്. അന്താരാഷ്ട്ര ശരാശരിയേക്കാള്‍ ഇരട്ടിയാണ് അബൂദബിയില്‍ പുകയില ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുമ്പോള്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വര്‍ധിച്ചുവരുകയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തില്‍ ആറ് പേരില്‍ ഒരാള്‍ പുകവലി മൂലം മരണപ്പെടുന്നുണ്ട്. ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചില്ളെങ്കില്‍ 2030ഓടെ 80 ലക്ഷം പേര്‍ പുകവലി മൂലം മരണപ്പെടും. ആഗോള തലത്തില്‍ 2010ല്‍ ലോക ജനസംഖ്യയുടെ 22 ശതമാനം പേര്‍ പുകവലിക്ക് അടിമകളായയിരുന്നുവെങ്കില്‍ 2025ഓടെ 15 ശതമാനം ആക്കി കുറക്കുകയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.
2013ലാണ് ലോകാരോഗ്യ അസംബ്ളി ഈ തീരുമാനം എടുത്തത്. എന്നാല്‍, ലോകത്തിലെ ബഹുഭൂരിഭാഗം രാജ്യങ്ങളും പരാജയപ്പെട്ടതായാണ് സമീപ കാല പഠനങ്ങള്‍ തെളിയിക്കുന്നത്. യു.എ.ഇയിലും പുകയിലയുടെ വിവിധ രൂപങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. സിഗററ്റുകള്‍ക്ക് പുറമെ ശീഷയും മറ്റ് ഉല്‍പന്നങ്ങളും ഉപയോഗിക്കുന്നവരും യു.എ.ഇയില്‍ വര്‍ധിച്ചുവരുന്നുണ്ട്. നിഷ്ക്രിയ പുകവലിയുടെ പ്രശ്നങ്ങള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ അനുഭവിക്കുന്നുമുണ്ട്.
ജനസംഖ്യയുടെ മൂന്നിലൊന്നോളം പേരും പുകവലിയുടെ ദൂഷ്യം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യമുള്ള ജനതക്കായി പുകയിലക്കെതിരെ ശക്തമായ പോരാട്ടത്തിന് യു.എ.ഇ ഒരുങ്ങുന്നത്. പുകയിലക്ക് അടിമകളായവരെ മോചിപ്പിക്കുന്നതിന് വിവിധ എമിറേറ്റുകളില്‍ ക്ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം അബൂദബിയിലും ദുബൈയിലും പൊതുജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ ശീഷ കഫേകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. പുകയില ഉപയോഗം കുറക്കുന്നതിനായി സിഗററ്റ് അടക്കമുള്ള ഉല്‍പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കണമെന്നും വില കൂട്ടണമെന്നുമുള്ള നിര്‍ദേശങ്ങള്‍ അടുത്തിടെ ഫെഡറല്‍ നാഷനല്‍ കൗണ്‍സിലില്‍ ഉയര്‍ന്നുവന്നിരുന്നു. ഭാവി തലമുറയെ പുകവലിയുടെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിന് ബോധവത്കരണം അടക്കം ശക്തമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.