സ്മാര്‍ട്ട് സിറ്റി: നിര്‍ണായക ബോര്‍ഡ് യോഗം ഇന്ന് ദുബൈയില്‍ 

ദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ആസന്നമായിരിക്കെ നിര്‍ണായക ഡയറ്കടര്‍ ബോര്‍ഡ് യോഗം ഞായറാഴ്ച ദുബൈയില്‍ നടക്കും. 11 മണിക്ക് എമിറേറ്റ് ടവേഴ്സ് ഓഫീസ് ടവറില്‍ നടക്കുന്ന യോഗത്തില്‍  സംസ്ഥാന വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ദുബൈ ടീകോം സി.ഇ.ഒ ജാബിര്‍ ബിന്‍ ഹാഫീസ്, സ്മാര്‍ട്ട് സിറ്റി സി.ഇ.ഒ ഡോ. ബാജു ജോര്‍ജ്, പ്രത്യേക ക്ഷണിതാവായി വ്യവസായി എം.എ യൂസഫലി തുടങ്ങിയവര്‍ സംബന്ധിക്കും.
246 ഏക്കറില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റി  പദ്ധതിയുടെ ആദ്യ ഘട്ടം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ആറര ലക്ഷം ചതുരശ്ര അടിയാണ് എസ്.സി.കെ-01- എന്ന ആദ്യ ഐ.ടി.ടവറിന്‍െറ വിസ്തീര്‍ണം. ഇന്ത്യയില്‍ തന്നെ ലീഡ് പ്ളാറ്റിനം റേറ്റിങ്ങുള്ള എറ്റവും വലിയ ഐ.ടി ടവറാണിത്. 
ഇത് തുറക്കുന്നതോടെ 5,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇവിടത്തെ എല്ലാ ഓഫീസുകളും പാട്ടത്തിന് കൊടുത്തുകഴിഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇവിടേക്ക് 3.7 കി.മീറ്ററില്‍ നാലുവരി റോഡും മറ്റു അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തിന്‍െറ സൗകര്യം കൂടി കണക്കിലെടുത്തായിരിക്കും ഉദ്ഘാടന തീയതി തീരുമാനിക്കുക. പ്രധാന കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തോടൊപ്പം  മൊത്തം 47 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും.
മൂന്നു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് കൂടി പ്രാവര്‍ത്തികമാകുന്നതോടെ 70,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും. 
പൂര്‍ണാര്‍ഥത്തില്‍ പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 88 ലക്ഷം ചതുരശ്ര അടിയോളമായിരിക്കും മൊത്തം വിസ്തീര്‍ണം. 
കാക്കനാട് ഇടച്ചിറയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 136 ഏക്കര്‍ സ്വകാര്യഭൂമിയും  ഇതിനോട് ചേര്‍ന്ന് വൈദ്യുതി ബോര്‍ഡിന്‍െറ കൈവശമുള്ള 100 ഏക്കര്‍ സ്ഥലവും ഇന്‍ഫോ പാര്‍ക്ക് സ്ഥിതി ചെയ്യുന്ന 10 ഏക്കര്‍ സ്ഥലവും ഉള്‍പ്പെടുന്ന 246 ഏക്കറിലാണ് പദ്ധതി യാഥാര്‍ഥ്യമാവുക. 2015 മാര്‍ച്ചില്‍ നിശ്ചയിച്ചിരുന്ന ആദ്യഘട്ടത്തിന്‍െറ ഉദ്ഘാടനമാണ് ഒരു വര്‍ഷത്തോളം നീണ്ടത്. ജനുവരി അവസാനം ഉദ്ഘാടനം ചെയ്യുമെന്നാണ് അവസാനം ബന്ധപ്പെട്ടവര്‍ അറിയിച്ചത്.
ദുബൈ ഹോള്‍ഡിങ്സിന്‍െറ ഉപസ്ഥാപനമായ ടീകോം ഇന്‍വെസ്റ്റ്മെന്‍റും ( 84 ശതമാനം ഓഹരി) സംസ്ഥാന സര്‍ക്കാരും (16 ശതമാനം ഓഹരി) സംയുക്തമായാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി പ്രത്യേക കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.