ആഘോഷമേതുമാകട്ടെ; ഫൈസല്‍ ബാവ മരം നട്ടിരിക്കും

അബൂദബി: ഓരോ ആഘോഷവും ഫൈസല്‍ ബാവക്ക് മരത്തിന്‍െറ ഓര്‍മകളാണ്. വിവാഹമോ വിവാഹ വാര്‍ഷികമോ ജന്മ ദിനമോ അധ്യയന വര്‍ഷകാരംഭമോ തെരഞ്ഞെടുപ്പോ ഏതുമായിക്കൊള്ളട്ടെ, ഈ പ്രവാസിയുടെ ഓര്‍മകള്‍ മരങ്ങളുമായി ബന്ധപ്പെട്ടാണ്. ഏത് ആഘോഷവും ഭൂമിയിലേക്ക് പുതിയൊരു ജീവന്‍ നടാനുള്ള വേളകളാണ് അബൂദബിയില്‍ അല്‍ ബോഷിയ കമ്പനിയില്‍ ജോലി ചെയ്യുന്ന പൊന്നാനി പെരുമ്പടപ്പ് ആമയം സ്വദേശിക്ക്. മരുഭൂവില്‍ മരങ്ങളുടെ തണല്‍ വിരിയിക്കുന്നതിനൊപ്പം നാട്ടിലും പച്ചപ്പ് നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം.

കുട്ടിക്കാലം മുതലേ മരത്തൈകള്‍ നടുക തന്‍െറ ശീലമായിരുന്നുവെന്ന് ഈ പരിസ്ഥിതി പ്രവര്‍ത്തകന്‍  പറയുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ജന്‍മദിനത്തില്‍ വീട്ടുവളപ്പിലോ വഴിയരുകിലോ മരത്തൈകള്‍ നടും. ഇത് നട്ടുനനച്ചുവളര്‍ത്തും. മരുഭൂമിയാല്‍ ചുറ്റപ്പെട്ട പ്രവാസ ലോകത്തേക്ക് എത്തിയപ്പോള്‍ മരങ്ങളോടുള്ള സ്നേഹം കൂടി. ജോലി  സ്ഥലത്തിനരുകിലും മറ്റും മരത്തൈകള്‍ നടല്‍ ശീലമായി മാറി. ഇതോടൊപ്പം അബൂദബിയില്‍ ചെടികളും തൈകളും ആവശ്യമുള്ളവര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരുന്നു. ഭാര്യ സിനിയും മക്കളായ അഷിതയും ഷിബിലും ഫൈസല്‍ ബാവയുടെ പാത പിന്തുടര്‍ന്നു. കേക്ക് മുറിച്ചും സമ്മാനങ്ങള്‍ കൈമാറിയും ആളുകള്‍ ആഘോഷിക്കുന്ന ജന്‍മദിനവും വിവാഹ വാര്‍ഷികവുമെല്ലാം ഈ കുടുംബത്തിന് മരങ്ങള്‍ നടാനുള്ളതായിരുന്നു. മക്കളുടെ ജന്‍മദിനങ്ങളിലെല്ലാം കുടുംബം ഒന്നിച്ച് മരങ്ങള്‍ നട്ടുവളര്‍ത്തി.

ഏതാനും മാസങ്ങള്‍ മുമ്പ് ഫൈസലും സിനിയും 14ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത് 14 തൈകള്‍ നട്ടുകൊണ്ടായിരുന്നു.സ്വയം മരം നടുന്നതിനൊപ്പം മറ്റുള്ളവരെയും തന്‍െറ വഴികളിലേക്ക് നടത്തിക്കുകയും ഭൂമിയില്‍ പച്ചപ്പ് വളര്‍ത്തുന്നതിന് തന്നാലാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇദ്ദേഹം. ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളുടെ വളര്‍ച്ച പരിസ്ഥിതി പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഊര്‍ജിതമാക്കി. ബര്‍ത്ത്ഡേ ട്രീ എന്ന പേരില്‍ ആരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഇപ്പോള്‍ 3500ല്‍ അധികം അംഗങ്ങളുണ്ട്.

ജന്‍മദിനങ്ങളില്‍ മാത്രമല്ല മറ്റ് ആഘോഷ വേളകളിലും മരത്തൈകള്‍ നടാന്‍ ഈ ഗ്രൂപ്പ് പ്രോത്സാഹനം നല്‍കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും പരാജയപ്പെടുകയും ചെയ്ത സ്ഥാനാര്‍ഥികള്‍ക്ക് വോട്ടിന്‍െറ അടിസ്ഥാനത്തില്‍ മരത്തൈകള്‍ നടാന്‍ പ്രേരണ നല്‍കിയിരുന്നു. ഇതോടൊപ്പം ഈ അധ്യയന വര്‍ഷാരംഭത്തില്‍ നിരവധി കുട്ടികള്‍ മരത്തൈകള്‍ നട്ടതിന് ശേഷമാണ് സ്കൂളിലേക്ക് പോയത്. ഫേസ്ബുക്കിലും വിവിധ ഓണ്‍ലൈന്‍ കൂട്ടായ്മകളിലും വിവിധ മരങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയാളി മറന്നുപോകുന്ന ഒൗഷധ സസ്യങ്ങളെയും ഫല വൃക്ഷങ്ങളെയുമാണ് പരിചയപ്പെടുത്തുന്നത്. ഓരോ ദിവസവും ഒരു മരത്തെയെങ്കിലും ഫേസ്ബുക്കിലൂടെയും മറ്റും ആളുകള്‍ക്ക് പരിചയപ്പെടുത്തും.

1990 മുതല്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതുന്ന ഫൈസല്‍ബാവക്ക് 2008ല്‍ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് അസോസിയേഷന്‍െറ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി പത്രപ്രവര്‍ത്തനത്തിനുള്ള 2009ലെ സഹൃദയ പുരസ്കാരവും കഥ- കവിത രചനകള്‍ക്ക് വിവിധ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. കാലം ഇന്‍ലന്‍റ് മാസിക എഡിറ്റര്‍, ഓപണ്‍ പേജ് പത്രം റിപ്പോര്‍ട്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.

പ്രവാസത്തിന്‍െറ ഊഷരതക്കിടയിലും പച്ചപ്പിന്‍െറ പുതിയ തുരുത്തുകളാണ് ഫൈസല്‍ ബാവ സ്വപ്നം കാണുന്നത്. ഈ പരിസ്ഥിതി ദിനത്തില്‍ മരങ്ങള്‍ക്കായുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ഭാഗമായി വെബ്സൈറ്റും മൊബൈല്‍ ഫോണ്‍ ആപ്ളിക്കേഷനും തയാറാക്കുന്നുണ്ട്. ഇതിലൂടെ ഓരോരുത്തരും നട്ട മരങ്ങളുടെ വളര്‍ച്ചയും മറ്റും എല്ലാവര്‍ക്കും വിലയിരുത്താന്‍ സാധിക്കുമെന്ന് ഫൈസല്‍ ബാവ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT