അബൂദബി: ദേശീയ സഹിഷ്ണുതാ പദ്ധതിക്ക് യു.എ.ഇ മന്ത്രിസഭ അംഗീകാരം നല്‍കി. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ അധ്യക്ഷതയില്‍ അബൂദബിയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ ചേര്‍ന്ന മന്ത്രസഭാ യോഗമാണ് ഏഴ് സ്തംഭങ്ങളിലൂന്നിയുള്ള സഹിഷ്ണുതാ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇസ്ലാം, ഭരണഘടന, ശൈഖ് സായിദിന്‍െറ കാഴ്ചപ്പാടുകള്‍, യു.എ.ഇയുടെ നൈതികത, അന്താരാഷ്ട്ര കണ്‍വെന്‍ഷനുകള്‍, ചരിത്രവും പുരാവസ്തു ശാസ്ത്രവും, മാനവികത പൊതു മൂല്യങ്ങളും എന്നീ ഏഴ് സ്തംഭങ്ങളിലൂന്നിയാണ് സഹിഷ്ണുതാ പദ്ധതി നടപ്പാക്കുക.
ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ യു.എ.ഇയില്‍ സ്ഥാപിച്ച സഹിഷ്ണുതയുടെ തത്വങ്ങള്‍ ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തില്‍ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നുവെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു. തങ്ങളുടെ മുന്‍ഗാമികള്‍ സഹിഷ്ണുതക്ക് അതീവ പ്രാധാന്യമാണ് നല്‍കിയത്. സഹിഷ്ണുത അറബ് മേഖലയിലും ലോകത്തും വ്യാപിപ്പിക്കുന്നതിന് യു.എ.ഇ മുമ്പന്തിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സഹിഷ്ണുതാ കാര്യ സഹമന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് ആല്‍ ഖാസിമിയാണ് മന്ത്രിസഭയില്‍ ദേശീയ സഹിഷ്ണുത പദ്ധതി അവതരിപ്പിച്ചത്. ശക്തമായ മൂല്യങ്ങളില്‍ അടിയുറച്ചുനിന്ന് സഹിഷ്ണുത, സാംസ്കാരിക വൈവിധ്യം, മറ്റുള്ളവരെ ഉള്‍ക്കൊള്ളാനുള്ള സംസ്കാരം എന്നിവ കൂടുതല്‍ ശക്തമാക്കുമെന്നും വിവേചനം, വെറുപ്പ് എന്നിവയെ തള്ളിക്കയുമെന്നും അവര്‍ പറഞ്ഞു. സഹിഷ്ണുതാ കൗണ്‍സില്‍, യു.എ.ഇ സഹിഷ്ണുത കേന്ദ്രം എന്നിവ ആരംഭിക്കും. സംഘടനകള്‍ക്കായി സഹിഷ്ണുത ഉത്തരവാദിത്ത പദ്ധതി നടപ്പാക്കുകയും ചെയ്യും. അഞ്ച് പ്രധാന ആശയങ്ങളിലൂന്നി ഫെഡറല്‍- ലോക്കല്‍ അധികൃതരും സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് സഹിഷ്ുണതാ പദ്ധതി നടപ്പാക്കുക. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവരും മന്ത്രിസഭാ യോഗത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.