ശേരി, സാഫി നിരോധം: മീന്‍ വില മേലോട്ട്

അബൂദബി: തണുപ്പ് പിന്‍വാങ്ങുകയും രണ്ട് പ്രധാന ഇനം മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധിക്കുകയും ചെയ്തതോടെ വിപണികളില്‍ മത്സ്യ വില ഉയര്‍ന്നു തുടങ്ങി. യു.എ.ഇയില്‍ നിന്ന് പിടിച്ച് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന മീനുകള്‍ക്കാണ് വില വര്‍ധിച്ചുതുടങ്ങിയത്. ഹമൂര്‍, നെയ്മീന്‍, അയല, ചെമ്മീന്‍ തുടങ്ങിയവക്കെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പത്ത് മുതല്‍ 20 ശതമാനം വരെ വില കൂടി. 
വലിയ നെയ്മീനിനും വലിയ ചെമ്മീനിനും നന്നായി വര്‍ധിച്ചിട്ടുണ്ട്. അതേസമയം, ഒമാന്‍, ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവക്ക് വലിയ തോതില്‍ വില വര്‍ധിച്ചിട്ടില്ല. 
ശേരി, സാഫി എന്നീ മത്സ്യങ്ങള്‍ പിടിക്കുന്നതിന് രണ്ട് മാസത്തേക്കാണ് യു.എ.ഇ  പരിസ്ഥിതി കാര്യ ജലവിഭവ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെയാണ്  നിരോധം നിലനില്‍ക്കുക. ട്രോളിങ് നിരോധം വന്നതോടെ നല്ളൊരു ശതമാനം മത്സ്യത്തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ചൂടും ഉയര്‍ന്നു. ട്രോളിങ് നിരോധവും മത്സ്യത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയതും മൂലം യു.എ.ഇയില്‍ നിന്നുള്ള മീന്‍ വിപണിയിലേക്ക് എത്തുന്നതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് അജ്മാനില്‍ മത്സ്യകച്ചവടം നടത്തുന്ന മലപ്പുറം സ്വദേശി ഷെരീഫ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
ഒന്ന് , രണ്ട് ആഴ്ച വരെ കിലോക്ക് 25-28 ദിര്‍ഹം വിലയുണ്ടായിരുന്ന നെയ്മീനിന് ഇപ്പോള്‍ 38-45 ദിര്‍ഹം നല്‍കണം. ഒരു മന്ന് ഹമൂറിന് 200 ദിര്‍ഹം വരെയാണ് മൊത്ത വിലയെന്നും അദ്ദേഹം പറഞ്ഞു. റാസല്‍ഖൈമയില്‍ നിന്ന് പിടിക്കുന്ന അയലക്ക് കിലോക്ക് 30 ദിര്‍ഹം വരെ നല്‍കണം. 
അതേസമയം, ഒമാനില്‍ നിന്ന് വരുന്ന അയലക്ക് വിലക്കുറവുണ്ട്. ചെമ്മീനിനും വില വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നാണ് യു.എ.ഇയിലേക്ക് പ്രധാനമായും ചെമ്മീന്‍ എത്തുന്നത്. ചെറിയ ചെമ്മീനിന് കിലോക്ക് 35 ദിര്‍ഹത്തിന് മുകളിലും ഇടത്തരം ചെമ്മീനിന് 40 ദിര്‍ഹത്തിനും മുകളില്‍ നല്‍കേണ്ടി വരുന്നുണ്ട്. അതേസമയം, സാധാരണക്കാരുടെ പ്രിയപ്പെട്ട മത്തിയാണ് ആശ്വാസം പകരുന്നത്. നാല് കിലോ മത്തിക്ക് പത്ത് ദിര്‍ഹം നല്‍കിയാല്‍ മതിയാകും. മത്സ്യ വില വര്‍ധിച്ചതോടെ മാര്‍ക്കറ്റുകളില്‍ ഇത് വാങ്ങാനത്തെുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 
ശൈത്യകാലത്ത് മത്സ്യങ്ങള്‍ക്ക് വില കുറഞ്ഞിരുന്നു.  ഡിസംബര്‍ മുതല്‍ ഫെബ്രുവരി അവസാനം വരെ മത്സ്യങ്ങളുടെ വില താരതമ്യേന കുറഞ്ഞുനിന്നത് മലയാളികള്‍ അടക്കം പ്രവാസികള്‍ക്കും ഏറെ ആശ്വാസമായിരുന്നു. 
രാജ്യത്തെ മത്സ്യ സമ്പത്ത് സംരക്ഷിക്കുന്നതിന്‍െറ ഭാഗമായി ഷേരി, സാഫി എന്നിവയുടെ നിരോധത്തിനൊപ്പം അനധികൃത മത്സ്യ ബന്ധനം തടയുന്നതിനും നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടുപിടിക്കാനും പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. മത്സ്യ ബന്ധനവും വില്‍പനയും നിരോധിക്കുന്നതിന് മുമ്പ് കച്ചവടക്കാരിലും തൊഴിലാളികളിലും അധികൃതര്‍ ബോധവത്കരണം നടത്തിയിരുന്നു. നാല് പതിറ്റാണ്ടിനിടെ യു.എ.ഇയിലെ മത്സ്യ സമ്പത്തില്‍ വന്‍തോതില്‍ കുറവുണ്ടായിട്ടുണ്ടെന്ന് ഒൗദ്യോഗിക പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നു. 
1975ല്‍ ചതുരശ്ര കിലോമീറ്ററില്‍ 9100 കിലോഗ്രാം മത്സ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2002ല്‍ ഇത് 1735 കിലോ ആയും 2011ല്‍ 529 കിലോ ആയും കുറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.