അബൂദബിയിലെ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 15 പേര്‍ക്ക് പരിക്ക്

അബൂദബി: തലസ്ഥാന നഗരിയിലെ തിരക്കേറിയ മേഖലയായ ഖാലിദിയ്യയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച ഉച്ചക്ക് 12ന് ശേഷമാണ് ദാറത്തുല്‍മിയ റോഡിലെ കെട്ടിടത്തില്‍ പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ചുരുങ്ങിയത് 15 പേര്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന പത്ത് കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വന്‍ ശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അല്‍ മന്‍സൂരി റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് സംഭവം. അഞ്ച് നിലയുള്ള കെട്ടിടത്തിന്‍െറ മെസ്നൈന്‍ നിലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇതോടെ പുക പടരുകയും കെട്ടിടത്തിലെ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഭീതിയിലായ താമസക്കാരും മറ്റും ഇറങ്ങിയോടുകയായിരുന്നു. സംഭവം അറിഞ്ഞയുടന്‍ പൊലീസും സിവില്‍ ഡിഫന്‍സും സംഭവ സ്ഥലത്തത്തെുകയും രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 
കെട്ടിടത്തില്‍ കുടുങ്ങിയ ചെറിയ കുട്ടികള്‍ അടക്കമുള്ളവരെ രക്ഷപ്പെടുത്തിയതിനൊപ്പം തീ അണയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തി. കെട്ടിടത്തില്‍ നിന്ന് മുഴുവന്‍ പേരെയും ഒഴിപ്പിക്കുകയും കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ തള്ളി നീക്കുകയും ചെയ്തു. ഇതോടൊപ്പം ചുറ്റുമുള്ള റോഡുകള്‍ അടച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൂടുതല്‍ പേര്‍ക്കും നിസാര പരിക്ക് മാത്രമേ സംഭവിച്ചിട്ടുള്ളൂ. ഏതാനും പേര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ പേര്‍ക്കും പുക ശ്വസിച്ചത് മൂലമാണ് പ്രയാസങ്ങളുണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കടുത്ത ചൂടില്‍ സിവില്‍ ഡിഫന്‍സിലെ ഒരു ജീവനക്കാരനും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. സ്ഫോടനത്തില്‍ കെട്ടിടത്തിന്‍െറ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പരിസരത്തെ റോഡില്‍ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ചു. പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് എന്നിവക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഹെലികോപ്ടറും സംഭവ സ്ഥലത്തത്തെിയിരുന്നു. പൊലീസിന്‍െറയും സിവില്‍ ഡിഫന്‍സിന്‍െറയും സമയോജിത ഇടപെടലാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. തിങ്കളാഴ്ച ഉച്ചക്ക് 12.07ഓട് കൂടിയാണ് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്ത് തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. നാല് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ ഉടന്‍ സ്ഥലത്തത്തെുകയും മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കുന്നതിനും നിയന്ത്രണ വിധേയമാക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. സിവില്‍ ഡിഫന്‍സ് ജനറല്‍ കമ്മാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖിയുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 
കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് യു.എ.ഇ റെഡ്ക്രസന്‍റ് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കുകയും ഭക്ഷണ പദാര്‍ഥങ്ങള്‍ നല്‍കുകയും ചെയ്തു. സ്ഫോടന കാരണം കണ്ടത്തെുന്നതിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.