എയര്‍ ഇന്ത്യ എക്സ്പ്രസ്  കേരള സര്‍വീസുകളുടെ  എണ്ണം കൂട്ടുന്നു; കോഴിക്കോടിന് ഊന്നല്‍

ദുബൈ: ഇന്ത്യയുടെ പ്രഥമ ബജറ്റ് വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഗള്‍ഫ് -കേരള സെക്ടറില്‍ സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ നിലവിലെ 96ല്‍ നിന്ന് 119 ആയി വര്‍ധിപ്പിക്കുന്നു. ഇതില്‍ ആദ്യത്തേത് റാസല്‍ഖൈമ-കോഴിക്കോട്  റൂട്ടില്‍ ഈ മാസം 28ന് സര്‍വീസ് ആരംഭിക്കും. എക്സ്പ്രസിന്‍െറ ഏറ്റവും വലിയ വരുമാന കേന്ദ്രമായ കോഴിക്കോടിന് പ്രത്യേക ഊന്നല്‍ നല്‍കിയതായി സി.ഇ.ഒ കെ.ശ്യാം സുന്ദര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് നിന്ന് ആഴ്ചയില്‍ 8,184 സീറ്റുണ്ടായിരുന്നത് ഈ വേനല്‍ക്കാല ഷെഡ്യൂളോടെ 11,718 സീറ്റാകും. നിലവിലുള്ള 17 വിമാനങ്ങള്‍ക്ക് പുറമെ ആറുബോയിങ് 737  വിമാനങ്ങള്‍ കമ്പനി പാട്ടത്തിനെടുക്കും. ഇവ വരും ദിവസങ്ങളില്‍ എത്തിത്തുടങ്ങുന്നതോടെയാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക.
യു.എ.ഇയിലേക്കാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് ആരംഭിക്കുന്നത്. ഈ വേനലില്‍ ആഴ്ചയില്‍ 39 സര്‍വീസുകള്‍ പുതുതായി തുടങ്ങും.  യു.എ.ഇ സെക്ടറിലെ ആഴ്ചയില്‍ 107 സര്‍വീസ്  146 ആകും. ഇതോടെ എക്സപ്രസ് സര്‍വീസുകളുടെ എണ്ണം ദിവസം ശരാശരി 21 ആകും. ജൂണ്‍ ഒന്നു മുതല്‍ ദുബൈ-കോഴിക്കോട് പ്രതിദിന സര്‍വീസ് ദിവസം രണ്ട് എന്ന തോതിലാകും. ദുബൈയില്‍ നിന്ന് വൈകിട്ട് അഞ്ചിന് പുറപ്പെടുന്നതായിരിക്കും പുതിയ സര്‍വീസ്. 
കോഴിക്കോട് നിന്ന് ബഹ്റൈനിലേക്കും ദോഹയിലേക്കും പ്രത്യേക നോണ്‍ സ്റ്റോപ് സര്‍വീസും ആരംഭിക്കും. കോഴിക്കോട്-ദമ്മാം സര്‍വീസ് ആഴ്ചയില്‍ നാലു ദിവസം നോണ്‍ സ്റ്റോപ്പാക്കും. കുവൈത്ത്-കോഴിക്കോട് സര്‍വീസ് ആഴ്ചയില്‍ മൂന്ന് എന്നത് അഞ്ചാക്കി ഉയര്‍ത്തുന്നതാണ്  പ്രവാസികള്‍ക്ക് ഗുണകരമാകുന്ന മറ്റൊരു മാറ്റം. 
ദുബൈ-തിരുവന്തപുരം സര്‍വീസ് ആഴ്ചയില്‍ അഞ്ച് എന്നത് ആറാക്കും. അതോടെ ഈ റൂട്ടില്‍ സീറ്റുകളുടെ എണ്ണം 930 ല്‍നിന്ന് 1,116 ആയി വര്‍ധിക്കും. ദമ്മാമില്‍ നിന്ന് കൊച്ചിയിലേക്ക് ആഴ്ചയില്‍ മൂന്ന് നോണ്‍ സ്റ്റോപ്പ് വിമാനങ്ങളാണ് പുതിയ ഷെഡ്യൂളിലെ മറ്റൊരു ആകര്‍ഷണം. പാട്ടത്തിനെടുക്കുന്ന വിമാനങ്ങള്‍ എത്തുന്നതോടെ ഘട്ടം ഘട്ടമായാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുക.
റാസല്‍ഖൈമയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതുതായി സര്‍വീസ് തുടങ്ങുന്ന നഗരം. കോഴിക്കോട്ടേക്ക് ആഴ്ചയില്‍ നാലു സര്‍വീസാണ് ഉണ്ടാവുക. ഇതില്‍ രണ്ടെണ്ണം നേരിട്ടും രണ്ടെണ്ണം അല്‍ ഐനില്‍ നിന്നുള്ളവയും ആയിരിക്കും. ഇതോടെ അല്‍ ഐന്‍ -കോഴിക്കോട് സര്‍വീസും  ആഴ്ചയില്‍ നാല് ദിവസമാകും. നിലവില്‍ ആഴ്ചയില്‍ ഒരു സര്‍വീസാണ് അല്‍ഐന്‍-കോഴിക്കോട് റൂട്ടില്‍ പറക്കുന്നത്. തിങ്കളാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്-അല്‍ഐന്‍-റാസല്‍ഖൈമ-കോഴിക്കോട് റൂട്ടിലും ബുധന്‍, ശനി ദിവസങ്ങളില്‍ കോഴിക്കോട്-റാസല്‍ഖൈമ-അല്‍ഐന്‍- കോഴിക്കോട് റൂട്ടിലുമായിരിക്കും സര്‍വീസ്.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് ദിവസം രണ്ടു സര്‍വീസുകള്‍ വീതം തുടങ്ങുന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം.  മുംബൈയിലേക്ക് ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ഏപ്രില്‍ ഏഴുമുതല്‍ പറന്നുതുടങ്ങും. ഐ.എക്സ് 247/248 മുംബൈ-ദുബൈ-മുംബൈ വിമാനം ദുബൈയില്‍ നിന്ന് വൈകിട്ട് 5.10ന് പുറപ്പെടും. മുംബൈ-ഷാര്‍ജ-മുംബൈ വിമാനം (ഐ.എക്സ് 251/252) ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ 2.55നാണ് പുറപ്പെടുക. ഡല്‍ഹിയിലേക്ക് ദുബൈയില്‍ നിന്നും അബൂദബിയില്‍ നിന്നുമുള്ള പുതിയ സര്‍വീസ് മെയ് 15 ന് ആരംഭിക്കും. ഡല്‍ഹി-ദുബൈ-ഡല്‍ഹി വിമാനം  (ഐ.എക്സ് 141/142) മെയ് 16 മുതല്‍ ദുബൈയില്‍ നിന്ന് രാവിലെ 11.20ന് പുറപ്പെടും. ഡല്‍ഹി-അബൂദബി-ഡല്‍ഹി ഐ.എക്സ് 115/116 വിമാനം അബൂദബിയില്‍ നിന്ന് രാത്രി 12.15ന് പറക്കും.
ഇതോടെ ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് യു.എ.ഇയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഏക വിമാനക്കമ്പനിയാകും എയര്‍ ഇന്ത്യ എക്സ്പ്രസ്. ഈ മാസം 28ന് റാസല്‍ഖൈമയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്നതോടെ യു.എ.ഇയിലെ നാലു എമിറേറ്റുകളിലെ അഞ്ചു വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഏക കമ്പനിയും എയര്‍ ഇന്ത്യ എക്സ്പ്രസാകുമെന്ന് സി.ഇ.ഒ പറഞ്ഞു.
റീജ്യണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ, കണ്‍ട്രി മാനേജര്‍ പ്രേം സാഗര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT