ദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ 10,000 വിദഗ്ധര്‍ക്ക് തൊഴിലവസരം നല്‍കുന്ന ഡിജിറ്റല്‍ എനര്‍ജി ക്ളസ്റ്റര്‍ ആരംഭിക്കുന്നു. സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ടത്തിന്‍െറ ഭാഗമായി നാലര ഏക്കര്‍ സ്ഥലത്ത് 7.6 ലക്ഷം ചതുരശ്ര അടി കെട്ടിടമാണ് ഇതിനായി നിര്‍മിക്കുകയെന്ന് സ്മാര്‍ട്ട് സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അറിയിച്ചു. ഞായറാഴ്ച ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തതെന്ന് യോഗ തീരുമാനങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.രണ്ടു വര്‍ഷം കൊണ്ട് ഇതിന്‍െറ നിര്‍മാണം പൂര്‍ത്തിയാകും. എണ്ണ ഖനന-വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവര സാങ്കേതികവിദ്യാ ജോലികളാണ് ഡിജിറ്റല്‍ എനര്‍ജി ക്ളസ്റ്ററില്‍ പ്രധാനമായും നടക്കുക. അമേരിക്കയിലെ പ്രമുഖ കമ്പനികളാണ് ഇവിടെ വരാന്‍ പോകുന്നത്.
സൗരോര്‍ജം, പുനരുല്‍പ്പാദന ഊര്‍ജം തുടങ്ങിയ മേഖലകളിലെ കമ്പനികളും ഈ ക്ളസ്റ്ററിലുണ്ടാകും. ഏറെ വൈദഗ്ധ്യം ആവശ്യമുള്ള മികച്ച വേതനം ലഭിക്കുന്ന ജോലികളാണ് ഇവിടെയുണ്ടാകുക. വൈദഗ്ധ്യ പരിശീലനത്തിനായി സംവിധാനമുണ്ടാകും. നാലു പ്രധാന ക്ളസ്റ്ററുകളാണ് സ്മാര്‍ട്ട് സിറ്റിയില്‍ വിഭാവനം ചെയ്യുന്നത്. വിവര സാങ്കേതിക വിദ്യ, മാധ്യമങ്ങള്‍, ധനകാര്യം, ഗവേഷണം എന്നിവ. ഇതില്‍ ഗവേഷണത്തിന്‍െറ കീഴില്‍ ഉപ ക്ളസ്റ്ററായാണ് ഡിജിറ്റല്‍ എനര്‍ജി വരുന്നത്. ഒന്നാം ഘട്ടത്തിലെ കമ്പനികളുടെ പ്രവര്‍ത്തനങ്ങളും രണ്ടാം ഘട്ടത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും യോഗം വിലയിരുത്തിയതായി സ്മാര്‍ട്ട് സിറ്റി ഡയറക്ടറും കേരള ഐ.ടി. വകുപ്പ് സെക്രട്ടറിയുമായ പി.എച്ച്. കുര്യന്‍ പറഞ്ഞു. ലുലു ഗ്രൂപ്പിന്‍െറ സാന്‍സ് ഇന്‍ഫ്രായുടെ 30 നിലയുള്ള 40 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിന്‍െറ നിര്‍മാണം തുടങ്ങിക്കഴിഞ്ഞു. ദുബൈയിലെ ഹോളിഡേ ഗ്രൂപ്പിന്‍െറ കെട്ടിട നിര്‍മാണത്തിന്‍െറ പൈലിങ് തുടങ്ങി. ജെംസ് ഇന്‍റര്‍നാഷണല്‍ സ്കൂളിന്‍െറ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാകുന്ന സ്കൂളില്‍ 2017ല്‍ ക്ളാസ് ആരംഭിക്കും. വന്‍കിട ഗ്രൂപ്പുകളായതിനാല്‍ രണ്ടാം ഘട്ടം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന രണ്ടാം ഘട്ടത്തിന്‍െറ മൊത്തം വിസ്തീര്‍ണം 47 ലക്ഷം ചതുരശ്ര അടിയാണ്. സ്മാര്‍ട്ട് സിറ്റി കൊച്ചിയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനായി 2020ല്‍ ദുബൈയില്‍ നടക്കുന്ന വേള്‍ഡ് എക്സ്പോയില്‍ പ്രത്യേക പവലിയന്‍ ഒരുക്കുമെന്ന് ജാബിര്‍ ബിന്‍ ഹാഫിസ് പറഞ്ഞു. അപ്പോഴേക്കും സ്മാര്‍ട്ട്സിറ്റി പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും. കൊച്ചി സ്മാര്‍ട്ട്സിറ്റി സി.ഇ.ഒ ഡോ.ബാജു ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. കൊച്ചി കാക്കനാട്ട് 246 ഏക്കറില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് സിറ്റിയുടെ ആദ്യ ഘട്ടം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതി പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ചുരുങ്ങിയത് 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 90,000 പേര്‍ക്ക് തൊഴിലവസരവുമാണ് പ്രതീക്ഷിക്കുന്നത്. ദുബൈ ഗ്രൂപ്പിന്‍െറ ഉപസ്ഥാപനമായ ടീകോം ഇന്‍വെസ്റ്റ്മെന്‍റും ( 84 ശതമാനം ഓഹരി) സംസ്ഥാന സര്‍ക്കാരും (16 ശതമാനം ഓഹരി) സംയുക്തമായാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി പ്രത്യേക കമ്പനി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.