82ാം വയസ്സില്‍ റൂഫസ് ഡിസൂസ എത്തുന്നു; കാല്‍പന്ത് കളി പഠിപ്പിക്കാന്‍

അബൂദബി: പ്രായം തളര്‍ത്താത്ത പരിശീലന വീര്യവുമായി റൂഫസ് ഡിസൂസ അബൂദബിയിലത്തെുന്നു. കാല്‍പന്തിന്‍െറ മായിക ലോകത്തേക്ക് കൗമാര പ്രതിഭകളെ കൈപിടിച്ചുയര്‍ത്താനായാണ്  82ാം വയസ്സിന്‍െറ ‘ചെറുപ്പ’ത്തിലും  അബൂദബിയില്‍ എത്തുന്നത്. ചൊവ്വാഴ്ച രാവിലെ എത്തുന്ന റൂഫസ് ഡിസൂസ അല്‍ ഇത്തിഹാദ് അക്കാദമിയിലെ കുട്ടികള്‍ക്കാണ് പത്ത് ദിവസത്തെ പരിശീലനം നല്‍കുക.
പതിറ്റാണ്ടുകളായി ഫോര്‍ട്ടുകൊച്ചിയിലെ പ്രശസ്തമായ പരേഡ് ഗ്രൗണ്ടില്‍ കാല്‍പന്ത് കളിയുടെ ലോകത്തേക്ക് കുട്ടികളെ കൂട്ടികൊണ്ടുപോകുന്നതിനുള്ള പ്രയത്നം തുടരുകയാണ് കളിക്കാര്‍ സ്നേഹ പൂര്‍വം റൂഫസ് അങ്കിള്‍ എന്ന് വിളിക്കുന്ന റൂഫസ് ഡിസൂസ. പരേഡ് ഗ്രൗണ്ടില്‍ പുലര്‍ച്ചെ അഞ്ചിന് തുടങ്ങുന്ന പരിശീലനത്തിന് താല്‍ക്കാലിക അവധി നല്‍കിയാണ് അബൂദബിയിലെ പ്രവാസി കുട്ടികളെ കളി പഠിപ്പിക്കാന്‍ എത്തുന്നത്.  ജൂണ്‍ മൂന്നിന് അബൂദബിയിലെ അമേരിക്കന്‍ ഇന്‍റര്‍നാഷനല്‍ സ്കൂളില്‍ നടക്കുന്ന ഇത്തിഹാദ് അക്കാദമിയുടെ വാര്‍ഷികാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയും ഇദ്ദേഹമാണ്. ഇന്ത്യന്‍ ടീമില്‍ അടക്കം സ്ഥാനം നേടിയെടുത്ത നിരവധി കളിക്കാരെ വളര്‍ത്തിയെടുത്ത റൂഫസ്, കളിക്കാരനെന്ന നിലയിലും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
ഹോക്കിയും ഫുട്ബാളും ഒരേപോലെ വഴങ്ങുന്ന റൂഫസ് ഡിസൂസ തിരു-കൊച്ചിക്കും മദ്രാസിനും വേണ്ടി ഇരു വിഭാഗങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്. കൊച്ചിന്‍ യങ്സ്റ്റേഴ്സ് ക്ളബില്‍ കെ.എം. അബുവിന്‍െറ കീഴിലാണ് ഫുട്ബാള്‍ പാഠങ്ങള്‍ പഠിച്ചത്. ഹോക്കിയില്‍ കേരള വാണ്ടറേഴ്സിലെ സി.ആര്‍. ടിമ്മിന്‍സ് ആയിരുന്നു പരിശീലകന്‍. 1950-59 കാലയളവില്‍ തിരു- കൊച്ചി ടീമിനും കേരളത്തിനുമായി ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച റൂഫസ്, 1954ല്‍ ക്യാപ്റ്റനുമായിരുന്നു. 1960-68 കാലയളവില്‍ ഹോക്കി, ഫുട്ബാള്‍ മത്സരങ്ങളില്‍ മദ്രാസ് ടീമിനായാണ് കളത്തിലിറങ്ങിയത്. 1969ല്‍ കേരളത്തിലേക്ക് മടങ്ങിയ റൂഫസ് 1970ലെ ദേശീയ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം ക്യാപ്റ്റനുമായിരുന്നു.
എറണാകുളം ജില്ലാ ഹോക്കി, ഫുട്ബാള്‍ ടീമുകളുടെയും മൂന്നാര്‍ ടാറ്റാ ടീ ഫുട്ബാള്‍ ടീമിന്‍െറയും പരിശീലകനായിരുന്ന റൂഫസ്, നാലര പതിറ്റാണ്ടായി പരേഡ് ഗ്രൗണ്ടില്‍ ഹോക്കിയിലും ഫുട്ബാളിലും പരിശീലനം നല്‍കുന്നുണ്ട്. കുട്ടികള്‍ക്ക് സൗജന്യമായാണ് റൂഫസിന്‍െറ പരിശീലനം. ജൂനിയര്‍ ഇന്ത്യ മുന്‍ ക്യാപ്റ്റന്‍ പി.പി. തോബിയാസ്, നെഹ്റു കപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ കെ.എ. ആന്‍സണ്‍, ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ആയിരുന്ന ഫിറോസ് ഷെരീഫ്, പരേതനായ ബോബി ഹാമില്‍ട്ടണ്‍, സെബാസ്റ്റ്യന്‍ നെറ്റോ തുടങ്ങിയവരെല്ലാം റൂഫസ് ഡിസൂസയുടെ കീഴില്‍ പരിശീലനം നേടിയവരാണ്. ഏഴാം വയസ്സില്‍ കളിക്കളത്തിലേക്ക് ഇറങ്ങിയ റൂഫസ് സാന്‍േറാസ് ക്ളബുമായി സഹകരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.  അച്ചടക്കം, കൃത്യനിഷ്ഠ, വ്യക്തിത്വം, സ്വഭാവം, ഫെയര്‍പ്ളേ എന്നിവക്കാണ് താന്‍ മുന്‍തൂക്കം നല്‍കുന്നതെന്ന് റൂഫസ് ഡിസൂസ പറയുന്നു.  ഇത്തിഹാദ് അക്കാദമിയുടെ നാലാം വാര്‍ഷികത്തില്‍ പങ്കെടുക്കുന്നതിനൊപ്പം കുട്ടികള്‍ക്ക് റൂഫസ് ഡിസൂസയുടെ അനുഭവ സമ്പത്ത് പകര്‍ന്നുനല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് അബൂദബിയിലേക്ക് കൊണ്ടുവരുന്നതെന്ന് പ്രസിഡന്‍റ് എ. കമറുദ്ദീന്‍ ‘ഗള്‍ഫ്മാധ്യമ’ത്തോട് പറഞ്ഞു. അബൂദബി, ദുബൈ, അല്‍ഐന്‍ അക്കാദമികളിലെ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT