ദുബൈ: ദുബൈ മെട്രോയുടെ ചുവപ്പ് പാത എക്സ്പോ 2020 വേദിയിലേക്ക് നീട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ പുതിയ പാതയാണ് റൂട്ട് 2020 എന്ന പേരില്‍ നിര്‍മിക്കുന്നത്. 11.8 കിലോമീറ്റര്‍ റോഡിന് മുകളിലൂടെയും 3.2 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയുമായിരിക്കും. ദി ഗാര്‍ഡന്‍സ്, ഡിസ്കവറി ഗാര്‍ഡന്‍സ്, അല്‍ ഫുര്‍ജാന്‍, ജുമൈറ ഗോള്‍ഡ് എസ്റ്റേറ്റ്സ്, ദുബൈ ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്ക് എന്നിങ്ങനെ പാത കടന്നുപോകുന്ന പ്രദേശങ്ങളുടെ വികസനത്തിനും പദ്ധതി വഴിവെക്കും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ ഉള്‍പ്പെടെ ഏഴ് സ്റ്റേഷനുകളാണുണ്ടാവുക. രണ്ടെണ്ണം ഭൂഗര്‍ഭ സ്റ്റേഷനായിരിക്കും. രണ്ട് ദിശകളിലേക്കുമായി മണിക്കൂറില്‍ 46,000 പേര്‍ക്ക് സഞ്ചരിക്കാന്‍ പുതിയ പാത സൗകര്യമൊരുക്കും. 2020ഓടെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമാകുമെന്ന് ആര്‍.ടി.എ പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2030ഓടെ 2.75 ലക്ഷമാകും. എക്സ്പോ തുടങ്ങിയാല്‍ സാധാരണ ദിവസങ്ങളില്‍ 35,000 പേരും വാരാന്ത്യ അവധി ദിനങ്ങളില്‍ 47,000 പേരും എക്സ്പോ സ്റ്റേഷന്‍ ഉപയോഗപ്പെടുത്തുമെന്നും ആര്‍.ടി.എ കണക്കുകൂട്ടുന്നു. എക്സ്പോ 2020 തുടങ്ങുന്നതിന് അഞ്ചുമാസം മുമ്പ് 2020 മേയ് 20ന് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങും. 2019 അവസാനത്തോടെ ട്രയല്‍ റണ്‍ നടത്തും. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം കോംഗ്ളോമറേറ്റാണ് മെട്രോ നിര്‍മാണത്തിനുള്ള കണ്‍സോര്‍ട്ടിയത്തെ നയിക്കുന്നത്. സ്പാനിഷ് കമ്പനിയായ ആക്സിയോണ, ടര്‍ക്കിഷ് കമ്പനിയായ ഗുലര്‍മാക് എന്നിവയാണ് കണ്‍സോര്‍ട്ടിയത്തിലുള്ളത്. കരാറനുസരിച്ച് അല്‍സ്റ്റോം പുതിയ 50 ട്രെയിനുകള്‍ കൈമാറും. ഇതില്‍ 15 എണ്ണം പുതിയ പാതയിലെ സര്‍വീസിന് മാത്രമായിരിക്കും. ബാക്കി 35 എണ്ണം നിലവിലെ സര്‍വീസ് മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും. ഇലക്ട്രോ മെക്കാനിക്കല്‍ ജോലികളും അല്‍സ്റ്റോം നിര്‍വഹിക്കും. ഫ്രഞ്ച് താലിസ് ഗ്രൂപ്പിനായിരിക്കും സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള ചുമതല. സിവില്‍ ജോലികള്‍ ആക്സിയോണയും ഗുലര്‍മാകും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.