അബൂദബി: വരമൊഴി എന്ന ഗദ്യഭാഷയിൽ നിന്ന് വാമൊഴി എന്ന സംസാരഭാഷയിലേയ്ക്ക് മലയാള സാഹിത്യത്തെ കൊണ്ടുവന്ന വൈക്കം മുഹമ്മദ് ബഷീർ അതുവരെയുണ്ടായിരുന്ന കഥാപാത്ര സങ്കൽപത്തെ ഉടച്ചുവാർത്ത എഴുത്തുകാരനായിരുന്നുവെന്ന് പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ.
അബൂദബി കേരള സോഷ്യൽ സെൻറർ സംഘടിപ്പിച്ച ബഷീർ അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എഴുത്ത് സാധാരണക്കാർക്ക് അപ്രാപ്യമായ പ്രത്യേക ഭാഷയിൽ വേണമെന്ന ധാരണ ബഷീർ തെൻറ രചനകളിലൂടെ തിരുത്തി. പറഞ്ഞാൽ തീരാത്ത ഒരു ലോകാത്ഭുതമാണ് വൈക്കം മുഹമ്മദ് ബഷീറെന്നും, അദ്ദേഹം മാങ്കൊസ്റ്റിൻ മരച്ചുവട്ടിലിരുന്ന് തന്നെ കാണാൻ വരുന്നവരോടൊക്കെ പറഞ്ഞ കാര്യങ്ങൾ പകർത്തിഎഴുതിയിരുന്നുവെങ്കിൽ ലോകത്തിൽ അവസാനിക്കാത്ത സാഹിത്യമായോ, ഇതിഹാസമായോ, ഉപനിഷത്തായോ മാറുമായിരുന്നുവെന്ന് തുടർന്ന് സംസാരിച്ച കവി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ആലങ്കോട് ലീലാകൃഷ്ണെൻറ കാവ്യ ജീവിതത്തെ ആധാരമാക്കി ബേബി മൂക്കുതല നിർമ്മിച്ച് റോഷൻ കേശവ് സംവിധാനം ചെയ്ത ‘ഓർമ്മകളുടെ പുസ്തകം‘ എന്ന ഡോക്യുമെൻററി യു.എ.ഇ. എക്സ്ചേഞ്ച് മീഡിയ ഡയറക്ടർ കെ. കെ. മൊയ്തീൻ കോയക്ക് നൽകി സി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. ഡോക്യുമെൻററിയെ കുറിച്ച് താഹിർ ഇസ്മായിൽ വിശദീകരിച്ചു.
സെൻറർ പ്രസിഡൻറ് എ. കെ. ബീരാൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഹണി ഭാസ്കർ, ബേബി മൂക്കുതല എന്നിവർ സംസാരിച്ചു.
സാഹിത്യവിഭാഗം സെക്രട്ടറി ഷെറിൻ വിജയൻ പരിപാടികൾ നിയന്ത്രിച്ചു. കേരള സോഷ്യൽ സെൻറർ ജനറൽ സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും അസി. സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് ചാലിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.