അബൂദബി:ശൈത്യകാല നഗര സൗന്ദര്യവത്കരണ ഭാഗമായി അബൂദബിയിലെ റോഡുകളും പാർക്കുകളും 24 ലക്ഷം പൂച്ചെടികൾ നട്ട് മുനിസിപ്പാലിറ്റി മനോഹരമാക്കുന്നു.സീസൺ മാറിയതനുസരിച്ച് പൂച്ചെടികൾ മാറ്റിയാണ് നഗരഭംഗി വർധിപ്പിക്കുന്നത്. അബൂദബിയിലെ റോഡുകളിലും പാർക്കുകളിലും 24,83,848 ശൈത്യകാല പൂക്കൾ നടുന്നതിന് മുനിസിപ്പാലിറ്റിയുടെ വിവിധ കേന്ദ്രങ്ങൾ സജീവമായി. 23,50,586 പൂച്ചെടികൾ റോഡരികിലും 1,33,262 ചെടികൾ പൊതു പാർക്കുകളിലുമാണ് നടുന്നത്.
അബൂദബി സിറ്റി സെൻറർ മുനിസിപ്പാലിറ്റി 15,98,360 പൂച്ചെടികളും ഷഹാമ മുനിസിപ്പാലിറ്റി സെൻറർ 2,81,940ഉം അൽ വത്ബ മുനിസിപ്പാലിറ്റി സെൻറർ 2,61,500 പൂച്ചെടികളുമാണ് നട്ടുപിടിപ്പിക്കുക. സായിദ് സിറ്റി സെൻറർ 2,47,000 പൂച്ചെടികളും മുസഫ മുനിസിപ്പാലിറ്റി കേന്ദ്രത്തിനു കീഴിൽ 95,048 പൂച്ചെടികളും തണുപ്പു കാലത്തി െൻറ സൗന്ദര്യം പകരാൻ റോഡരികിൽ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ്.
പെറ്റൂണിയ പുഷ്പം വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലും, ജമന്തി മഞ്ഞ, ഓറഞ്ച് നിറങ്ങളിലും, അലങ്കാര കോളിഫ്ലവർ ചെടികൾ വെള്ള, ചുവപ്പ് നിറങ്ങളിലും നട്ടുവളർത്തുന്നു. ആകൃതിയിലും നിറത്തിലും വ്യത്യാസപ്പെട്ടിരിക്കുന്ന അജിയറാറ്റം, മാർഷ്മാലോ, കോസ്‌മോസ്, കാർനേഷൻസ് തുടങ്ങിയ വൈവിധ്യമാർന്ന പൂക്കൾ വെള്ള, സാൽമൺ നിറങ്ങളിലും നഗരവീഥികൾക്ക് ഭംഗി പകരും. ശൈത്യകാല പുഷ്പങ്ങളുണ്ടാകുന്ന ചെടികൾ അബൂദബി ദ്വീപിലെ പ്രധാന റോഡുകളിലും റൗണ്ട് എബൗട്ടുകളിലും പാലങ്ങൾ, നടപ്പാതകൾ, ഇടനാഴികൾ എന്നിവിടങ്ങളിലുമെല്ലാം നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ് ഗാർഡനിങ് തൊഴിലാളികൾ.
അബൂദബി കോർണിഷ് സ്ട്രീറ്റ്, അൽ മഖാർ സ്ട്രീറ്റ് ജങ്ഷൻ മുതൽ അൽ യാസ് സ്ട്രീറ്റ് വരെയും അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, മുബാറക് ബിൻ മുഹമ്മദ് സ്ട്രീറ്റ് എന്നിവിടങ്ങളിലും പൂച്ചെടികൾ നട്ടു. അൽ ബാഹിയ പാർക്ക്, അബൂദബി ഇൻറർനാഷനൽ എയർപോർട്ട് ഏരിയ, അൽ റഹ്ബ പാർക്ക്, അബൂദബി അൽ ഐൻ സ്ട്രീറ്റ്, ഉം അൽ നാർ ബ്രിഡ്ജ്, മുഹമ്മദ് ബിൻ സായിദ് നഗരത്തിലേക്കുള്ള പ്രവേശന കവാടം എന്നിവിടങ്ങളും ശൈത്യകാല പൂച്ചെടികളാൽ അലങ്കരിച്ചതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.