ഗിന്നസിൽ ഇടംനേടിയ കൈകൊണ്ട് എഴുതിയ ഖുർആനുമായി മുഹമ്മദ് ജസീം

കൈകൊണ്ട് എഴുതിയ ലോകത്തിലെ ഏറ്റവും നീളമേറിയ ഖുർആൻ; ഗിന്നസിൽ ഇടം നേടി മുഹമ്മദ് ജസീമിന്‍റെ ഖുർആൻ

വിശുദ്ധ ഖുര്‍ആനാണ് ഈ മലയാളിയെ അക്ഷരോല്‍സവത്തിന് ഷാര്‍ജയിലേക്കെത്തിച്ചത്. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് സ്വദേശിയായ മുഹമ്മദ് ജസീം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിത്വമാണ്. തന്‍റെ കൈകൊണ്ട് എഴുതിയുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ പരിശുദ്ധ ഖുര്‍ആന്‍. 1106 മീറ്റര്‍ നീളമുള്ളതാണ് മുഹമ്മദ് ജസീമിന്‍റെ കൈയെഴുത്ത് ഖുര്‍ആന്‍.

ലോങ്ങസ്റ്റ് ഹാന്‍ഡ് റിട്ടന്‍ ഖുര്‍ആന്‍

കാറ്റഗറി വിഭാഗത്തിലുള്ള ഗിന്നസ് ലോക നേട്ടത്തിന് അര്‍ഹമായിട്ടുള്ള ഖുര്‍ആന്‍. കോഴിക്കോട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍വെച്ചുള്ള പ്രദര്‍ശനത്തിലാണ് ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹത നേടിയത്. ലോക അറബിക് ഭാഷാദിനത്തിലാണ് ഖുര്‍ആന്‍ കൈയെഴുത്തിന് ഗിന്നസ് നേട്ടം കരസ്ഥമായത്. ഈജിപ്ത് സ്വദേശിയായ മുഹമ്മദ് ഗബ്രിയാല്‍ എന്ന വ്യക്തി തന്‍റെ കൈപ്പടയില്‍ എഴുതിയുണ്ടാക്കിയ 700 മീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ റെക്കോഡാണ് മുഹമ്മദ് ജസീം മറികടന്നത്. കോവിഡ് കാലത്തെ ഏകാന്തതയാണ് ജസീമിനെ ഇത്തരമൊരു യജ്ഞത്തിനു പ്രേരിപ്പിച്ചത്.

രണ്ടുവര്‍ഷം കൊണ്ടാണ് ഈ യുവാവ് ഖുര്‍ആന്‍ മുഴുവന്‍ കൈകൊണ്ടെഴുതി പൂര്‍ത്തിയാക്കിത്. ഈ ഖുര്‍ആന് 85 സെന്‍റീമീറ്റര്‍ ഉയരവും 34 സെന്‍റീമീറ്റര്‍ വീതിയുമാണുള്ളത്. 118 കിലോ ഭാരവുമുണ്ട്. ആകെ 3,25,384 അറബിക് അക്ഷരങ്ങളും 77,437 വാക്കുകളും 114 അധ്യായങ്ങളുമാണ് ഖുര്‍ആനിലുള്ളത്. ഓരോ പേജിലും ശരാശരി ഒന്‍പത്, 10 വരികളാണുള്ളത്. ആകെയുള്ള 30 ജുസ്ഉകളില്‍ ഒരു ജുസ്അ് പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 65 മുതല്‍ 75 വരെ പേജുകള്‍ വേണ്ടിവന്നെന്നും മുഹമ്മദ് ജസീം പറഞ്ഞു.

ഐവറി കാര്‍ഡിലാണ് ജസീം ഈ ഖുര്‍ആന്‍ ഒരുക്കിയിരിക്കുന്നത്. പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് വിദ്യാര്‍ഥിയാണ് മുഹമ്മദ്‌ ജസീം ചെറുമുക്ക്. ഇദ്ദേഹത്തിന്‍റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഏറ്റവും നീളം കൂടിയ ഖുര്‍ആന്‍ എന്ന സ്വപ്നം.

ആദ്യ പേജിന് രണ്ടുമാസത്തെ അധ്വാനമുണ്ട്. തിരൂര്‍ ചെമ്പ്രയിലെ അല്‍ ഈഖ്വാള് ദര്‍സിലാണ് ജസീം മതപഠനം പൂര്‍ത്തിയാക്കിയത്. കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് കൂടിയാണ് ഈ യുവാവ്. മതപണ്ഡിതനായ സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂറാണ് ജസീമിനെ കാലിഗ്രാഫി പഠിപ്പിച്ചത്. സുനില്‍ജോസഫ് ഗിന്നസ് റെക്കോഡിനുള്ള മത്സരത്തില്‍ പങ്കെടുക്കാനും സഹായിച്ചു. ആദ്യമായാണ് മുഹമ്മദ് ജസീം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പങ്കെടുക്കുന്നത്.

Tags:    
News Summary - Muhammad Jaseem's Qur'an wins place in Guinness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.