എന്നെ സംബന്ധിച്ച് ദുഃഖകരമായ ഒരു ചടങ്ങിലേക്കാണ് പിറ്റേന്ന്, അതായത് സഹോദരൻ ഷഫീർ ഇന്ത്യൻ പാസ്പോർട്ട് ഉപേക്ഷിച്ച് ബ്രിട്ടീഷ് പാസ്പോർട്ട് സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ എനിക്കും കിട്ടിയ ക്ഷണം ഞാൻ മനമില്ലാ മനസ്സോടെ സ്വീകരിച്ചു. അവരോടൊപ്പം ന്യൂ കാസിൽ സിറ്റി കൗൺസിൽ ഓഫീസിലേക്ക് പുറപ്പെട്ടു. പുതിയ പാസ്പോർട്ട് സ്വീകരിക്കാൻ വന്നവരും അവരോടൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങ് തുടങ്ങാൻ വേണ്ടി കാത്തിരിക്കുന്ന വേളയിൽ ഞാൻ വെറുതെ ചുറ്റിലും ഒന്ന് കണ്ണോടിച്ചു. മാതൃരാജ്യം വിട്ട് മറ്റൊരു രാജ്യത്തെ പാസ്പോർട്ട് സ്വീകരിക്കുന്നതിൽ വളരെ സന്തോഷത്തിലാണവർ. പക്ഷേ എനിക്ക് അത് ചിന്തിക്കാൻ പോലുമാവില്ലായിരുന്നു. അതിനിടയിലാണ് പാസ്പോർട്ട് സ്വീകരിക്കുന്നവർ ഒരു പ്രതിജ്ഞ ചൊല്ലേണ്ടതുണ്ടെന്ന് അറിയിപ്പ് വന്നത്. ദൈവ നാമത്തിൽ പ്രതിജ്ഞ ചൊല്ലുന്നവർ ഒരു ഭാഗത്തേക്കും അല്ലാത്തവർ മറ്റൊരു ഭാഗത്തും ഇരിക്കണമെന്നായിരുന്നു നിർദേശം. അത് പാലിച്ച് രണ്ട് വിഭാഗങ്ങളും വെവ്വേറെ ഇരിപ്പിടം ഉറപ്പിച്ചു. ഹാളിന്റെ കവാടത്തിലൂടെ മുൻപിൽ പ്രത്യേകതരം ഉപകരണം കൊണ്ടുള്ള മ്യൂസിക്കിന്റെയും ഒരു സെക്യൂരിറ്റി ഓഫീസറുടെയും അകമ്പടിയോടുകൂടി ന്യൂ കാസിൽ സിറ്റി മേയർ ഹാളിലേക്ക് പ്രവേശിച്ചത് കണ്ട എല്ലാവരും എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ ആദരിച്ചു. ശേഷം ദേശീയ ഗാനം ആലാപനത്തോടുകൂടി ചടങ്ങ് ആരംഭിച്ചു.
ദൈവനാമത്തിലും അല്ലാതേയും പ്രതിഞ്ജ്ഞ ഒരാൾ ചൊല്ലിക്കൊടുക്കുകയും എല്ലാവരും ഏറ്റു ചൊല്ലുകയും ചെയ്തു. ശേഷം പാസ്പ്പോട്ട് അനുവദിച്ചു എന്ന് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഓരോരുത്തർക്കും മേയർ കൈമാറുകയും അവരോടൊപ്പം വന്നവരെയും ചേർത്ത് ഫോട്ടോ എടുക്കുകയും ചെയ്തു. എല്ലാ ചടങ്ങുകളും കഴിഞ്ഞതിനു ശേഷമുള്ള ചായ സൽക്കാരത്തിനിടയിൽ മേയർ ഓരോരുത്തരുടെയും ഇരിപ്പിടത്തിനരികിൽ ഇരിക്കുകയും കുശലം പറഞ്ഞു. ഞങ്ങളുടെ എല്ലാ ചേദ്യങ്ങൾക്കും മറുപടി നൽകിയ അദ്ദേഹത്തിന്റെ കുലീനത്വമുള്ള പെരുമാറ്റം ഏറെ ഹൃദ്യമായിരുന്നു.
ഞാൻ ഈ ചടങ്ങിൽ സംബന്ധിക്കാൻ ദുബൈയിൽ നിന്നും വന്നതാണെന്നറിഞ്ഞപ്പോൾ അദ്ദേഹം വളരെ താൽപര്യപൂർവ്വം സംസാരിക്കുകയും അടുത്തു തന്നെ ദുബൈയിലും ഇന്ത്യയിലും വരാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു. ചായ സൽക്കാരവും കഴിഞ്ഞ് ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തുള്ള പട്ടണമായ ഗ്രേറ്റ് യാർമൗത്തിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരുന്നു, റിസോർട്ടുകളുടെ നഗരം എന്നറിയപ്പെടുന്ന യാർമൗത്ത് നീളമേറിയ മണൽ ബീച്ചിന് പേരുകേട്ടതാണ്. നോർവിച്ച് വഴി ഗ്രേറ്റ് യാർമൂത്തിലേക്കുള്ള കാർ യാത്രയിൽ കുതിരകളും പശുക്കളും യഥേഷ്ടം മേയുന്ന പാടങ്ങളും തോടുകളും പുഴകളും കടന്ന് ഞങ്ങളുടെ വണ്ടി യാർമൗത്തിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോൾ വഴിയിൽ കണ്ട വലിയ കാറ്റാടി യന്ത്രം എന്നിൽ കൗതുകമുളവാക്കി. നല്ല പച്ചപ്പുള്ള വയലിൽ ഈ യന്ത്രത്തിന്റെ പശ്ചാത്തലത്തിൽ കുറേ പശുക്കൾ നിൽക്കുന്ന ഫോട്ടോയോട് കൂടിയ കളർച്ചിത്രക്കലണ്ടറാണ് എനിക്ക് ഓർമ്മ വന്നത്. ഏതായാലും ഇതിന്റെ അടുത്തു നിന്ന് ഫോട്ടോ എടുക്കാനും ഇതിന്റെ പ്രവർത്തനം എന്താണെന്ന് മനസ്സിലാക്കാനും ഞങ്ങൾ അവിടെ ഇറങ്ങി. അതിന്റെ പരിസരത്ത് അറ്റകുറ്റപ്പണികൾ നടത്തുന്ന ആളോട് ഇത് എന്താണെന്നും ഇതിന്റെ പ്രവർത്തനങ്ങളും ചോദിച്ച് മനസ്സിലാക്കി. പണ്ടു കാലങ്ങളിൽ പുഴയിൽ നിന്നോ തോട്ടിൽ നിന്നോ വെള്ളം വയലുകളിലേക്ക് കാറ്റിന്റെ സഹായത്തോടെ പമ്പുചെയ്യുന്ന വിന്റ് പമ്പ് എന്നറിയപ്പെടുന്ന യന്ത്രമാണത്രെ ഇത്. ഒൻപാതാം നൂറ്റാണ്ട് മുതൽ ഇന്നത്തെ അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ വെള്ളം പമ്പ് ചെയ്യാൻ വിൻഡ്പമ്പുകൾ ഉപയോഗിച്ചിരുന്നത്രെ. പിന്നീട് ലോകമെമ്പാടും വ്യാപകമാവുകയും ചെയ്തു.
കാറ്റ് മില്ലുകൾ യൂറോപ്പിൽ, പ്രത്യേകിച്ച് നെതർലാൻഡ്സിലും ഗ്രേറ്റ് ബ്രിട്ടനിലെ പല പ്രദേശങ്ങളിലും മധ്യകാലഘട്ടത്തിന്റെ അവസാനം മുതൽ, കാർഷിക അല്ലെങ്കിൽ കെട്ടിട ആവശ്യങ്ങൾക്കായി ഭൂമി വറ്റിക്കാൻ വ്യാപകമായി ഉപയോഗിച്ചു പോന്നിരുന്നത്രെ. വൈദ്യുതി മോട്ടോറുകളുടെ വരവോടെ ഇത്തരം വിന്റ് മില്ലുകൾ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല , ഈ യന്ത്രത്തിന്റെ അടുത്തു തന്നെ വലിയ ഒരു ഇലക്ട്രിക് പമ്പ് ഹൗസ് പ്രവർത്തിക്കുന്നുണ്ട്. പക്ഷേ ഇന്നും അവർ ഈ യന്ത്രവും പരിസരവും വൃത്തിയായി കാത്തു സൂക്ഷിക്കുന്നുണ്ട് . വേണമെങ്കിൽ ഇനിയും കറങ്ങാൻ ഞാൻ തയ്യാറാണെന്ന മട്ടിൽ നിൽക്കുന്ന ആ കൂറ്റൻ പങ്കയുടെ ഇതളുകൾക്കു താഴെ നിന്ന് കുറച്ച് ഫോട്ടോയുമെടുത്ത് ഞങ്ങൾ യാത്ര തുടർന്നു. ഇവിടുത്തെ തെളിമയാർന്ന നീലാകാശത്തിനും ആകാശത്തിലെ പഞ്ഞിക്കെട്ടു പോലുള്ള മേഘങ്ങൾക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത തരത്തിലുള്ള ദൃശ്യ ഭംഗിയാണ്. ഒടുവിൽ ഞങ്ങൾ യാർമൗത്തിലുള്ള ഞങ്ങളുടെ നാട്ടുകാരനായ ഡോ. അഫ്സറിന്റെ വീട്ടിൽ എത്തി അദ്ധേഹവും ഭാര്യയും ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു. അവരുടെ വളരെ ഹൃദ്യമായ സ്വീകരണത്തോടൊപ്പമുള്ള ഭക്ഷണവും കഴിച്ച് ,ഞങ്ങൾ ഡോക്ടറെയും കൂട്ടി പുറത്തേക്കിറങ്ങി അവിടുത്തെ കടലിൽ നിന്നും ഏറെ ഉയർന്നു നിൽക്കുന്ന മണൽ ബീച്ചിലൂടെ ഒന്ന് ചുറ്റിക്കറങ്ങി.
അവിടെ നിന്നും ഞങ്ങളുടെ വരവിന്റെ പ്രധാന ഉദ്ദേശ്യമായിരുന്ന ബിസിനസുമായി ബന്ധപ്പെട്ട സ്ഥലത്തേക്ക് തിരിച്ചു. വൈകീട്ട് അഞ്ച് മണിയോടുകൂടി ഡോക്ടറോട് യാത്ര പറഞ്ഞ് വീണ്ടും ന്യൂ കാസിലിലേക്ക് തിരികെ യാത്ര തുടങ്ങി. രാത്രി പന്ത്രണ്ടു മണിയോടെ ന്യൂ കാസിൽ എത്തിയ ഞങ്ങൾ നന്നായി ഉറങ്ങി. പിറ്റേന്ന് ഞങ്ങൾ സഹോദരൻ ഡോ. ശഫീർ കളത്തിൽ ജോലി ചെയ്യുന്ന നോർത്തമ്പറിയ യൂനിവേഴ്സിറ്റിൽ എത്തി അവിടെയുള്ള സുഹൃത്ത് കാശ്മീർ സ്വദേശി സൈഫുള്ളയെയും കൂടെക്കൂട്ടി ഡർഹമിലെ ബീമിഷ് ഗ്രാമത്തിലേക്ക് യാത്ര തിരിച്ചു. ഇംഗ്ലണ്ടിലെ പഴയ കാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന തരത്തിൽ സംവിധാനിച്ച ഈ ജീവനുള്ള മ്യൂസിയം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗ്രാമം പണ്ട് പിറ്റ് ഹിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്കാൻഡിനേവിയൻ നാടോടി മ്യൂസിയങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഉണ്ടാക്കിയ ഈ മ്യൂസിയം തങ്ങളുടെ പരമ്പരാഗത വ്യവസായങ്ങളും കൃഷിരീതികളും മറ്റും പുതു തലമുറകൾക്ക് പരിചയപ്പെടുത്തുന്ന തരത്തിൽ നിർമ്മിച്ച ഇവിടം ചരിത്രാനേഷികൾക്ക് വളരെ ഇഷ്ടമാവും. പഴയ കാല വീടുകളും സ്കുളുകളും കൽക്കരി ഖനികളും റെയിൽ ഗതാഗതങ്ങളും വാഹനഗതാഗതങ്ങളുമടക്കം എല്ലാം അവിടെ സംവിധാനിച്ചിട്ടുണ്ട്. പഴയ കാല സ്ക്കൂളിലേക്ക് പ്രവേശിച്ച ഞങ്ങൾക്ക് ക്ലാസ് റൂമുകളും കുട്ടികളുടെ കളിസ്ഥലങ്ങളുമൊക്കെ അതേ രീതിയിൽ നിർമ്മിച്ചതു കണ്ടപ്പോൾ അത്ഭുതം തോന്നി. സ്ക്കൂളിനകം നടന്നു കാണുന്നതിനിടയിലാണ് ഒരു ചുമരിൽ നിരനിരയായ് ചാരി വെച്ച ചെറു കമ്പിയിൽ തുക്കിയിട്ട വലിയ വളയത്തോടെയുള്ള ഒരു സാധനം ശ്രദ്ധയിൽ പെട്ടത്. ചില ആളുകൾ അത് എടുത്ത് അടുത്തുള്ള കളിസ്ഥലത്ത് കൊണ്ടു പോയി ഉരുട്ടി നോക്കുന്നത് കണ്ട് ഞാനും ഒരെണ്ണം കയ്യിലെടുത്തു .
അപ്പോഴല്ലേ എനിക്ക് കാര്യം പിടി കിട്ടിയത് ഇത് ഞമ്മൾ പണ്ട് ബക്കറ്റിന്റെ കമ്പി വളച്ച് വളയം ഉണ്ടാക്കി കുടക്കമ്പി വളച്ച് കൊക്കയുണ്ടാക്കി ഉപ്പൂത്തി മരത്തിന്റെ കമ്പ് മുറിച്ച് കുടക്കമ്പി അതിനുള്ളിലേക്ക് അടിച്ചു കയറ്റി ആ കൊക്കയുടെ അരികിൽ മുകളിൽ പറഞ്ഞ വളയം ചേർത്തു നിർത്തി ചെറുതായ് ഒന്ന് ഉരുട്ടിക്കൊടുത്ത് പിന്നെ ആ വളയത്തിന് പുറകെ കൊക്ക കൊണ്ട് തള്ളിക്കൊണ്ട് കിണി കിണി ശബ്ദത്തോടെ ഓടിച്ചിരുന്ന ആ വണ്ടിയുടെ ഇംഗ്ലീഷ് രൂപമാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞത്. പിന്നെ ഒന്നും നോക്കിയില്ല വണ്ടി കയ്യിലെടുത്ത് ഒറ്റ ഓടിക്കലാണ്. എന്റെ വിദഗ്ധമായ ഓടിക്കലും തിരിക്കലുമൊക്കെ കണ്ടപ്പോൾ ഇതിന്റെ ഗുട്ടൻസ് ഒന്നു പറഞ്ഞു തരുമോ എന്ന് ചോദിച്ചു കൊണ്ട് പാവം കുറേ ഇംഗ്ലീഷുകാർ എന്റെ പിന്നാലെ കൂടി. നമ്മളെ കുറേക്കാലം ഭരിച്ച് നശിപ്പിച്ചവരാണെങ്കിലും ഞാൻ അതൊന്നും കണക്കാക്കാതെ അവരെ ആ വണ്ടി ഓടിക്കാൻ പഠിപ്പിച്ചു കൊടുത്തു അല്ല പിന്നെ.
അവിടുത്തെ പഴയ കാല കൽക്കരി ഖനിയുടെ ഉൾവശവും കൽക്കരി ശേഖരിക്കുന്ന രീതികളുമൊക്കെ കണ്ടപ്പോഴാണ് ഇവർക്കും ഉണ്ടായിരുന്നു ഒരു കരിപുരണ്ട ഭൂതകാലം എന്ന് ഞാൻ തിരിച്ചറിഞ്ഞത്. ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകളും കുട്ടികളും ഖനികളിൽ ജോലി ചെയ്തിരുന്നു. അവരുടെ ജീവിതം നരകതുല്യവുമായിരുന്നു. പലപ്പോഴും ഉയരം കുറഞ്ഞ തുരങ്കപാതകളിലൂടെ ട്രോളികളിൽ കൽക്കരി വഹിച്ചു കൊണ്ട് പോകുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. അവരുടെ ശരീരത്തിന്റെ വലുപ്പ കുറവാണ് (പ്രത്യേകിച്ച് കുട്ടികളുടെ) ഇടുങ്ങിയ തുരങ്ക പാതകളിൽ ഈ രീതിയിലുള്ള ജോലിക്കായി അവരെ നിയോഗിക്കാൻ കാരണമായത്. പിഞ്ചുകുഞ്ഞുങ്ങളും ഇങ്ങനെ ജോലി ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ സ്ത്രീകളും കുട്ടികളും കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെടുന്നത് വരെ ഇതായിരുന്നു സ്ഥിതി. അതിനു ശേഷമാണ് ഉയരം കുറഞ്ഞ കുതിരകളുടെ പുതിയ ഒരു തരം ബ്രീഡ് കണ്ടുപിടിച്ചത്.
പിറ്റ് പോണി എന്ന പേരിൽ അറിയപ്പെടുന്ന ഈ ചെറു കുതിരകളെ നമ്മൾ സർക്കസുകളിലും പാർക്കുകളിലും കാണാറുണ്ടെങ്കിലും യഥാർഥത്തിൽ കൽക്കരി ഖനികളിൽ പണിയെടുപ്പിക്കാനായ് കണ്ടു പിടിച്ച ഒരിനമാണെന്ന് എനിക്കറിയില്ലായിരുന്നു. ഗൈഡിന്റെ സഹായത്തോടെ ഞങ്ങൾ ഖനിക്കുള്ളിലേക്ക് ഇറങ്ങി നടന്ന് കർക്കരി ശേഖരിക്കുന്നതും മറ്റും അദ്ദേഹം വിശദീകരിച്ചു തന്നു. ഉള്ളിലെ ഇരുട്ടും കുനിഞ്ഞുള്ള നടത്തവും തുരങ്കത്തെ താങ്ങി നിർത്തുന്ന മരത്തൂണുകളും ഉള്ളിലെ നീരുറവകളും വളരെ അപകട സാധ്യതയുള്ള ആ പ്രദേശത്തു നിന്ന് എങ്ങനെയെങ്കിലും പുറത്തു കടന്നാൽ മതിയെന്നായിരുന്നു എനിക്ക്. ഇന്നും ഇത്തരം ഖനികളിൽ പണിയെടുക്കുന്നവരെ ഓർത്തു കൊണ്ട് ഞങ്ങൾ മെല്ലെ പുറത്തേക്കിറങ്ങി. ഒരുപാട് നല്ല അനുഭവങ്ങളും പാഠങ്ങളും നൽകിയ ആയാത്ര അവസാനിപ്പിച്ച് ഷഫീറിനോടും കുടുബത്തോടും യാത്ര പറഞ്ഞ് സൂര്യനസ്ഥമിക്കാത്ത സാമ്രാജ്യമെന്ന് ഒരു കാലത്ത് പേരുകേട്ട ബ്രിട്ടനോട് യാത്ര പറയുമ്പോൾ പക്ഷേ വീണ്ടും വരണമേ എന്ന് ആ നാട് എന്നെ ക്ഷണിക്കുന്ന പോലെ ഒരു തോന്നൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.