ദുബൈ: ദുബൈ, അബൂദബി, ഷാർജ എമിറേറ്റുകൾക്ക് പിന്നാലെ പ്ലാസ്റ്റിക്കിനോട് 'നോ' പറയാൻ ഉമ്മുൽഖുവൈൻ. ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾക്ക് ഷോപ്പുകളിൽ 25 ഫിൽസ് ഈടാക്കും. ഇതോടെ, വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ പുനരുപയോഗിക്കാവുന്ന ബാഗുകളുമായി വരേണ്ടിവരും. അല്ലാത്തവർ 25 ഫിൽസ് നൽകി പ്ലാസ്റ്റിക് ബാഗുകൾ വാങ്ങണം. ഉമ്മുൽഖുവൈൻ എക്സിക്യൂട്ടിവ് കൗൺസിലിന്‍റേതാണ് തീരുമാനം. പ്ലാസ്റ്റിക് പൂർണമായി നിരോധിക്കുന്നതിന്‍റെ മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
തീരുമാനം നടപ്പിലാക്കാനും പ്ലാസ്റ്റിക് നിരോധന നയങ്ങൾ രൂപപ്പെടുത്താനുമുള്ള ചുമതല മുനിസിപ്പാലിറ്റിക്കായിരിക്കും. ഏതൊക്കെ പ്ലാസ്റ്റിക് ബാഗുകളാണ് നിരോധിക്കേണ്ടതെന്നതുൾപ്പെടെ നയം ഇവർ രൂപപ്പെടുത്തും. പ്ലാസ്റ്റിക് ഉപയോഗത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. കഴിഞ്ഞ ആഗസ്റ്റിൽ ഒറ്റത്തവണ പ്ലാസ്റ്റിക് ബാഗുകൾക്ക് ഷാർജ 25 ഫിൽസ് ഈടാക്കാൻ തീരുമാനിച്ചിരുന്നു. ഒക്ടോബർ ഒന്ന് മുതലാണ് ഇത് നടപ്പായത്. 2024 ജനുവരി ഒന്നുമുതൽ പൂർണ നിരോധനം ഏർപ്പെടുത്തും.
ദുബൈയിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് വിലക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി ജൂലൈ ഒന്നുമുതൽ പുനരുപയോഗം സാധ്യമല്ലാത്ത സഞ്ചികൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പണം ഈടാക്കാൻ തീരുമാനിച്ചിരുന്നു. രണ്ടുവർഷത്തിനകം ഇത്തരം സഞ്ചികൾക്ക് സമ്പൂർണ നിരോധനം നിലവിൽ വരുത്താനാണ് തീരുമാനം. ഈ വർഷാവസാനത്തോടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിൽനിന്ന് പൂർണമായും മുക്തമാകാനാണ് അബൂദബി പദ്ധതിയിടുന്നത്. എമിറേറ്റിന്‍റെ പുതിയ നയത്തിൽ എല്ലാ പ്ലാസ്റ്റിക് വസ്തുക്കളുടെയും ഉപയോഗം ഘട്ടംഘട്ടമായി പരിമിതപ്പെടുത്തുന്നതിനുള്ള നിയമനിർമാണം ഉൾപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.