ഷാർജ: ഒട്ടകങ്ങൾ, കുതിരകൾ എന്നിവ ഉൾപ്പെടെ മൃഗങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാൻ കഴിയുന്ന രീതിയിൽ റോഡരികിൽ പരിസ്ഥിതി സങ്കേതമൊരുക്കുന്നു. യു.എ.ഇ സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് ജീവജാലങ്ങൾക്ക് സംരക്ഷണമേകാനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയത്.
കാട്ടുചെടികൾ, മരങ്ങൾ, മൃഗങ്ങൾ, പ്രാണികൾ, ഉരഗങ്ങൾ എന്നിവയെ സംരക്ഷിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയുമാണ് ലക്ഷ്യം.
അതേസമയം, പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളായ ഈ സംരംഭം ആളുകൾക്ക് നടക്കാൻ കഴിയുന്ന പാർക്കുകളായി കണക്കാക്കരുതെന്ന് റേഡിയോയിലും ടെലിവിഷനിലുമായി നടക്കുന്ന ‘ഡയറക്ട്ലൈൻ’ പ്രോഗ്രാമിലൂടെ സുൽത്താൻ ഓർമിപ്പിച്ചു.
പ്രാണികൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയവ ഉൾപ്പെടെ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങൾക്ക് സുരക്ഷിത താവളമൊരുക്കുന്ന പദ്ധതിയിൽ പൊതുജനങ്ങളുടെ പ്രവേശനം സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഷാർജയിലെ അൽദൈദ് റോഡിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പിലാക്കുക. റോഡരികിൽ നിർമിക്കുന്ന പരിസ്ഥിതി സൗഹൃദപരമായ വേലിക്കുള്ളിൽ ഒട്ടകങ്ങൾക്കും ആടുകൾക്കും സ്വതന്ത്രമായി വിഹരിക്കാൻ കഴിയും. ബാഹ്യ ഇടപെടലുകളില്ലാതെ വന്യജീവികൾ വളരുന്ന റിസർവുകളിലെ സ്വാഭാവിക സന്തുലിതാവസ്ഥ വളരെ പ്രധാനപ്പെട്ടതാണ്.
പ്രത്യേകിച്ച് ഷാർജയിൽ മാത്രം കണ്ടുവരുന്ന ജീവികളുടെ സംരക്ഷണത്തിനായി പ്രകൃതിയെ ബഹുമാനിക്കാൻ നിവാസികൾ തയാറാവണം. 1972 മുതൽ താൻ പിന്തുടരുന്ന പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മൃഗങ്ങളെ കാണാനും നിരീക്ഷിക്കാനുമായി റോഡരികിൽ പ്രത്യേക പാർക്കിങ് സ്ഥലങ്ങൾ നിർമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.