ദുബൈ: 25 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് തൃശൂർ ജില്ലയിലെ തൊയക്കാവ് സ്വദേശി അഷ്‌റഫ് അമ്പലത്ത് ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുകയാണ്.
1996 ആഗസ്റ്റ് 30ന് ഒമാനിലെ മസ്കത്തിൽ വിമാനമിറങ്ങിയത് മുതലാണ് പ്രവാസം ആരംഭിക്കുന്നത്. പ്രവാസഭൂമിയിൽ ആദ്യം ചെയ്തത് പെട്രോൾ പമ്പിൽ ഫില്ലിങ് ജോലിയായിരുന്നു. വൈകാതെ ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കി. ആദ്യം സലാലയിൽ ഫുഡ്സ്റ്റഫ് കമ്പനിയിൽ സെയിൽസ് മാനായി. 2006ലാണ് ദുബൈയിൽ എത്തിയത്. െഡയറി പ്രോഡക്ട് കമ്പനിയിൽ സെയിൽസ് മാനായി ജോലിയിൽ പ്രവേശിക്കുകയും രണ്ട് വർഷത്തിന് ശേഷം ദുബൈയിൽ സ്വന്തമായി ബിസിനസ് തുടങ്ങുകയും ചെയ്തു. അഞ്ച് വർഷത്തിന് ശേഷം ബിസിനസ് ഒഴിവാക്കി സ്വകാര്യ കമ്പനിയിൽ പി.ആർ.ഒ ആയി.
ആ ജോലിയിൽ എട്ട് വർഷം പൂർത്തിയാക്കിയതിന് ശേഷമാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങുന്നത്. ജീവിതയാഥാർഥ്യങ്ങളോട് പടപൊരുതുന്ന പച്ചയായ കുറേ മനുഷ്യരുമായി ബന്ധപ്പെടാൻ കഴിഞ്ഞതാണ് പ്രവാസത്തിലെ മുതൽക്കൂട്ടെന്ന് അഷ്‌റഫ് പറയുന്നു. ബ്ലോഗറും ആനുകാലിക വിഷയങ്ങളെ കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ സ്ഥിരം എഴുത്തുകാരനുമായ അദ്ദേഹം 25 വർഷത്തെ പ്രവാസ ജീവിതവഴിയിലെ അനുഭവങ്ങൾ ചേർത്ത് പുസ്തകം രചിക്കാനുള്ള തയാറെടുപ്പിലാണ്.
കഴിഞ്ഞ 10 വർഷമായി യു.എ.ഇയിലെ കോടമുക്ക് മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയും കോടമുക്ക് തൽവാർ ക്ലബിെൻറ യു.എ.ഇ രക്ഷാധികാരിയുമാണ്. ഉമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് കുടുംബം. മൂന്നു സഹോദരങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.