ദുബൈ: എമിറേറ്റിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) 27.8 കോടിയുടെ കരാർ നൽകി.
നഗരത്തിലെ 40 ഡിസ്ട്രിക്ടുകളിലെ പാതകൾക്ക് വെളിച്ചംപകരുന്ന പദ്ധതിയാണ് ആരംഭിച്ചിട്ടുള്ളത്. 2023-26 വർഷത്തെ തെരുവുവിളക്ക് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കരാർ നൽകിയത്. എമിറേറ്റിലെ ജനസംഖ്യ വർധനയുടെയും നഗരവത്കരണത്തിന്റെയും തോതനുസരിച്ച് ആർ.ടി.എ റോഡ് വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തെരുവുവിളക്കുകൾ സ്ഥാപിക്കുന്നത്.
റോഡ് ഉപയോഗിക്കുന്ന ഡ്രൈവർമാരുടെയും കാൽനടക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ആർ.ടി.എ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. പുതിയ നഗരവത്കരണ പദ്ധതികൾ നടപ്പാക്കുന്നതും ട്രാഫിക് വർധിച്ചതുമായ പ്രദേശങ്ങൾ പ്രത്യേകം തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഊർജ സംരക്ഷണത്തിന് ഏറ്റവും യോജിച്ച സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഹരിത സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. യു.എ.ഇയിലെ കാലാവസ്ഥക്ക് യോജിച്ച പുതിയ ഡിജിറ്റൽ സാങ്കേതികവിദ്യയും സുസ്ഥിര തെരുവുവിളക്ക് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത് യാഥാർഥ്യമാക്കുന്നത്.
തെരുവുവിളക്കുകളിൽ ഉപയോഗിക്കുന്ന എൽ.ഇ.ഡിക്ക് 55 ശതമാനം ഊർജം ലാഭിക്കാൻ സാധിക്കും. അതോടൊപ്പം സാധാരണ വിളക്കുകളേക്കാൾ 173 ശതമാനം കൂടുതൽ കാലം നിലനിൽക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇതുവഴി ഇടക്കിടെ വിളക്ക് മാറ്റിസ്ഥാപിക്കേണ്ട ചെലവും കുറക്കാനാവും.
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് കഴിഞ്ഞ വർഷംതന്നെ വിപുലമായ പദ്ധതി ആരംഭിച്ചിരുന്നു. അൽ ഖിസൈസ് വ്യവസായ മേഖല 1-5, അൽ ലുസൈലി, ലഹ്ബാബ് 1, 2 എന്നിവിടങ്ങളിൽ പദ്ധതി അവസാനഘട്ടത്തിലാണ്.
പുതിയ പദ്ധതിയിൽ മിർദിഫ്, അൽ ബർഷ, ഊദ് മേത്ത, അൽ വാഹിദ, അൽ ഹുദൈബ, അൽ സത്വ, അബൂഹൈൽ, അൽ ബദാഅ എന്നിവിടങ്ങളിലെ റോഡുകളിലാണ് സ്ഥാപിക്കുന്നത്. അതോടൊപ്പം ഉമ്മു സുഖൈം 1-3, അൽസഫ 1-2, അൽ മനാറ, അൽ മരിയാൽ റിസർവ് സ്ട്രീറ്റ്, അൽ മിൻഹാദ് എയർബേസ് റോഡ്, ജുമൈറയിലെ പാർക്കിങ് സ്ഥലങ്ങൾ, റോഡുകൾ എന്നിവ ഇതിലുൾപ്പെടും.
2025ൽ ഉമ്മുൽ ശൈഫ്, അൽ സുയൂഫ്, അൽ ഖൂസ് റസിഡൻഷ്യൽ ഏരിയ, നാദൽ ഹമർ, അല അവീർ എന്നിവിടങ്ങളിൽ വിളക്കുകൾ സ്ഥാപിക്കും. അൽ മംസാർ, ഊദ് അൽ മുതീന എന്നീ സ്ഥലങ്ങളും വിവിധ റോഡുകളും പാർക്കിങ് സ്ഥലങ്ങളും 2026ലെ പദ്ധതിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.