ദുബൈ: രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പുതുതായി 30 വ്യവസായ യൂനിറ്റുകൾ കൂടി ആരംഭിക്കാൻ തീരുമാനിച്ച് യു.എ.ഇ. വ്യവസായ ഉത്പന്ന കയറ്റുമതി വർധിപ്പിക്കുകയും ദേശീയ സാമ്പത്തിക വ്യവസ്ഥക്ക് ഈ മേഖലയിൽ നിന്നുള്ള സംഭാവനകൾ കൂട്ടുകയുമാണ് ലക്ഷ്യം. ഇതിനായി വ്യവസായ ശൃംഖലകൾ തുടങ്ങാനാണ് പദ്ധതിയെന്ന് വാണിജ്യ നൂതന സാങ്കേതിക വിദ്യ മന്ത്രിയും കോപ്28 പ്രസിഡന്റുമായ ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു. അബൂദബിയിൽ നടന്ന രണ്ടാമത് മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് ഫോറത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ വർഷം തുടക്കമിട്ട പദ്ധതിയിലൂടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദന രംഗത്ത് വ്യവസായ മേഖലകളിൽ നിന്നുള്ള സംഭാവനകൾ 185 ശതകോടി ദിർഹം (50 ശതകോടി ഡോളർ) ആയി വർധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. 2020ൽ ഇത് 132 ശതകോടി ദിർഹമായിരുന്നു. 38 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2020നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം രാജ്യത്തെ കയറ്റുമതി 49 ശതമാനം വർധിച്ച് 175 ശതകോടി ദിർഹമായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
വ്യവസായ, നൂതന സാങ്കേതിക രംഗത്ത് മന്ത്രാലയം നടപ്പിലാക്കിയ ദേശീയപരമായ തന്ത്രങ്ങളുടെ പിൻബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. ഈ വർഷം പ്രാദേശിക നിർമാണ യൂനിറ്റുകളുമായും വ്യവസായ നിക്ഷേപകരുമായുള്ള പർച്ചേസ് കരാറുകളുടെ മൂല്യം 10 ശതകോടിയിലധികം ദിർഹമായി വർധിപ്പിച്ച് പ്രാദേശികവത്കരണത്തിനായി ലക്ഷ്യമിടുന്ന ഉൽപന്നങ്ങളുടെ മൊത്തം മൂല്യം 120 ബില്യൺ ദിർഹമായി ഉയർത്താനാണ് പദ്ധതിയെന്നും അൽ ജാബിർ പറഞ്ഞു. കഴിഞ്ഞ വർഷം അഡ്നോക് ഉൾപ്പടെയുള്ള ദേശീയ കമ്പനികൾ പ്രാദേശിക നിർമാണ കമ്പനികളിൽനിന്ന് 300 ഉൽപന്നങ്ങൾ വാങ്ങുന്നതിനായി അടുത്ത പത്തു വർഷത്തിനുള്ളിൽ 110 ശതകോടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ആദ്യ വർഷംതന്നെ മൊത്തം 31 ശതകോടി ദിർഹം മൂല്യംവരുന്ന 28 ശതമാനം കരാറുകൾ നടപ്പാക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജി.സി.സി രാഷ്ട്രങ്ങളിൽ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ യു.എ.ഇ ആറു ശതകോടി ദിർഹം മൂല്യംവരുന്ന 30ലധികം നൂതന വ്യവസായ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ ഹൈഡ്രജൻ ഇലക്ട്രോലൈസർ പ്ലാന്റ് ഉൾപ്പെടെ പദ്ധതികൾ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.