ഷാർജ: ജനുവരിയിൽ ഷാർജയിൽ രേഖപ്പെടുത്തിയത് 390 കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാട്. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പാണ് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം ജനുവരിയിലെ ഇടപാടുകളെക്കാൾ ഇരട്ടിയോളമാണ് ഇത്തവണയുണ്ടായിരിക്കുന്നത്. 2023 ജനുവരിയിൽ 200 കോടിയുടെ ഇടപാടായിരുന്നു രേഖപ്പെടുത്തിയത്. അതോടൊപ്പം ഇടപാടുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ 2999 ഇടപാടുകൾ മാത്രമായിരുന്നത് ഇത്തവണ 5412 എണ്ണമാണ്.
നിക്ഷേപകർക്കും പ്രദർശകർക്കും റിയൽ എസ്റ്റേറ്റ് നിർമാതാക്കൾക്കും പ്രധാനപ്പെട്ട കേന്ദ്രമായി മാറുന്ന എമിറേറ്റിൽ ഈ വർഷം മുഴുവൻ മികച്ച വിൽപനയുണ്ടാകുമെന്നതിന്റെ സൂചനയാണ് ജനുവരിയിലെ മുന്നേറ്റമെന്ന് അധികൃതർ പ്രതീക്ഷ രേഖപ്പെടുത്തി. എമിറേറ്റിലെ വിവിധ ഭാഗങ്ങളിലെ 106 പ്രദേശങ്ങളിലായാണ് കഴിഞ്ഞ മാസം ഇടപാടുകൾ നടന്നത്.
താമസമേഖലയിലും വ്യവസായ, വാണിജ്യ, കാർഷിക മേഖലകളിലും ഇടപാടുകൾ നടന്നിട്ടുണ്ട്. മുവൈലിഹ് പ്രദേശത്താണ് ഏറ്റവും കൂടുതൽ ഇടപാടുകൾ രേഖപ്പെടുത്തിയത്. 122 ഇടപാടുകളാണ് ഇവിടെ നടന്നത്. എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ ലോകത്തിന് പരിചയപ്പെടുത്തുന്ന ഷാർജ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ ‘ഏക്കർസ് 2024’ ജനുവരി 17 മുതൽ ഷാർജ എക്സ്പോ സെന്ററിൽ നടന്നിരുന്നു. 140 കോടി ദിർഹമിന്റെ ഇടപാടുകളാണ് മേളയിൽ നടന്നത്. പ്രദർശനം കാണുന്നതിന് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സന്ദർശകരും നിക്ഷേപകരും ബിസിനസുകാരും എത്തിയിരുന്നു. മേഖലയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും 93 റിയൽ എസ്റ്റേറ്റ് കമ്പനികളാണ് പ്രദർശനത്തിൽ സാന്നിധ്യമറിയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 60 ശതമാനം കൂടുതൽ സ്ഥലമെടുത്താണ് ഇത്തവണ പ്രദർശനം ഒരുക്കിയത്. ഇതുപയോഗപ്പെടുത്തി കമ്പനികൾക്ക് വിശദമായ പ്രദർശനംതന്നെ ഒരുക്കാൻ ഇത്തവണ സാധിച്ചു. ഷാർജ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ വകുപ്പ് 700 കരാറുകളാണ് എക്സിബിഷൻ കാലയളവിൽ ഒപ്പുവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.