അബൂദബി: തരംതിരിക്കൽ സ്റ്റേഷനുകൾ സ്ഥാപിച്ച് മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിനായി അബൂദബി, അൽഐൻ എന്നിവിടങ്ങളിൽ എട്ട് റീസൈക്ലിങ് സെൻററുകൾ തദ്‌വീർ സ്ഥാപിച്ചു. അബൂദബി സെൻറർ ഫോർ വേസ്റ്റ് മാനേജ്‌മെൻറ് (തദ്‌വീർ) 58.9 ടൺ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ ഈ സ്റ്റേഷനുകൾ വഴി ശേഖരിച്ചു.
പൊതുജനങ്ങൾ നിക്ഷേപിക്കുന്നതിൽ ഏറ്റവും കൂടുതൽ മാലിന്യം പേപ്പർ (24.6 ടൺ) ആണ്. രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ 10.9 ടൺ പ്ലാസ്റ്റിക്കും 0.4 ടൺ ഗ്ലാസുമാണ്. കാർഡ്ബോർഡ്, തുണിത്തരങ്ങൾ, ഇരുമ്പ്, അലൂമിനിയം കാനുകൾ, ഉപയോഗിച്ച ബാറ്ററികൾ, റബർ, ഇലക്ട്രോണിക്‌സ്, കാലഹരണപ്പെട്ട മരുന്ന് എന്നിവയും മാലിന്യങ്ങളായി റീസൈക്ലിങ് സെൻററുകളിൽ ശേഖരിക്കുന്നു. നഗരാതിർത്തിയിലെ പാർപ്പിട പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മിനി സോർട്ടിങ് സ്റ്റേഷനാണ് മാലിന്യ ശേഖരണികളിൽ പ്രാധാന്യം എന്ന് തദ്വീറിലെ കലക്ഷൻ ആൻഡ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടർ മുബാറക് സുഹൈൽ അൽ അമീരി വിശദീകരിച്ചു. ബാറ്ററികൾ, പ്ലാസ്റ്റിക്, മെറ്റൽ പാത്രങ്ങൾ മുതലായവയും പുനരുപയോഗം ചെയ്യാവുന്നവയാണ്. മാലിന്യം തരംതിരിക്കുന്ന സൗകര്യം ശരിയായി ഉപയോഗപ്പെടുത്തിയാൽ പുനരുപയോഗം ചെയ്യാവുന്ന മാലിന്യങ്ങൾ തരംതിരിക്കുന്നതുമൂലം മറ്റു വ്യവസായങ്ങളിൽ ഉപയോഗിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ നാല് മാലിന്യ ശേഖരണ സൗകര്യങ്ങളാണ് തദ്‌വീർ രൂപകൽപന ചെയ്തിട്ടുള്ളത്.
അബൂദബി നഗരത്തിലെ ഖാലിദിയ പാർക്കിെൻറ പ്രധാന കവാടത്തിനു സമീപം സ്ഥിതിചെയ്യുന്ന റീസൈക്ലിങ് സെൻറർ വിസ്തീർണം, വലുപ്പം, പാത്രങ്ങളുടെ എണ്ണം എന്നിവയിൽ ഏറ്റവും വലുതാണ്. കടലാസ്, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ, മരം, കാലഹരണപ്പെട്ട മരുന്നുകൾ, ഉപയോഗിച്ച ബാറ്ററികൾ, ഇരുമ്പ്, അലൂമിനിയം കാനുകൾ, റബർ, ഗ്ലാസ്, ഇലക്ട്രോണിക്‌സ്, ചെറിയ അളവിൽ മറ്റ് പുനരുപയോഗം ചെയ്യാനാവാത്ത വസ്തുക്കൾ എന്നിവ ഇവിടെ നിക്ഷേപിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.