ഷാർജ: നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഷാർജ സഫാരിയിൽ 61 മൃഗങ്ങളെക്കൂടി പുതുതായി എത്തിച്ചതായി അധികൃതർ അറിയിച്ചു. ആഫ്രിക്കയിൽ നിന്നാണ് തികച്ചും വ്യത്യസ്തമായ ഇനത്തിൽ ഉൾപ്പെട്ട മൃഗങ്ങളെയാണ് പരിസ്ഥിതി-സംരക്ഷിത മേഖല അതോറിറ്റിയുടെ മേൽനോട്ടത്തിൽ എത്തിച്ചത്.
കഴിഞ്ഞ മാസം ആരംഭിച്ച സഫാരിയുടെ പുതിയ സീസണിൽ സന്ദർശകരായി എത്തുന്നവർക്ക് മൃഗങ്ങളെ കാണാനാകും. പരിസ്ഥിതി, ടൂറിസം ലക്ഷ്യസ്ഥാനങ്ങളെ ശക്തിപ്പെടുത്താനുള്ള കാഴ്ചപ്പാടിന് അനുസരിച്ച് വൈവിധ്യമാർന്ന ജീവജാലങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനാണ് പുതുതായി മൃഗങ്ങളെ എത്തിച്ചതെന്ന് പരിസ്ഥിതി-സംരക്ഷിത മേഖല അതോറിറ്റി ചെയർപേഴ്സൻ ഹന സൈഫ് അൽ സുവൈദി പറഞ്ഞു. ആഫ്രിക്കക്കു പുറത്തെ ഏറ്റവും വലിയ സഫാരി പാർക്ക് എന്ന ഖ്യാതിയുള്ള കേന്ദ്രത്തിന്റെ പുതിയ സീസൺ സെപ്റ്റംബർ 21നാണ് ആരംഭിച്ചത്.
2021ൽ ആരംഭിച്ച പാർക്കിന്റെ മൂന്നാം സീസണാണ് ഇത്തവണത്തേത്. പാർക്കിലെ ആംഫി തിയറ്ററിൽ ഒരുക്കിയ ആഫ്രിക്കൻ പക്ഷികളെയും മൃഗങ്ങളെയുംകുറിച്ച പ്രത്യേക പ്രദർശനം ഇത്തവണത്തെ പുതുമയാണ്. ദൈദിലെ അൽ ബ്രൈദി സംരക്ഷിത മേഖലയിലെ എട്ടു സ്ക്വയർ കി.മീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് സഫാരി സ്ഥിതിചെയ്യുന്നത്. മരുഭൂമിയുടെ നടുവിൽ ആഫ്രിക്കൻ വനാന്തരീക്ഷത്തിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. 12 വർഗങ്ങളിൽപെട്ട അമ്പതിനായിരത്തിലേറെ ജീവികൾ ഇവിടെയുണ്ട്. സിംഹം, ആനകൾ, ജിറാഫുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ആയിരത്തോളം ആഫ്രിക്കൻ മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുമുണ്ട്. സന്ദർശകർക്ക് മൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കാൽനടയായി കറങ്ങാനും മൃഗങ്ങളെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. രാവിലെ 8.30 മുതൽ വൈകു. ആറുമണി വരെയാണ് പാർക്കിന്റെ പ്രവർത്തനസമയം. ടിക്കറ്റെടുത്താണ് പ്രവേശനം അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.