ദുബൈ: ഹത്തയിലെ ലഹ്ബാബ് റോഡിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് വിദ്യാർഥിക്ക് ദാരുണാന്ത്യം. 11 വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ ഒരു കുട്ടിയുടെ നില അതിഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ദുബൈ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിദ്യാർഥികളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് റോഡരികിലെ ഇരുമ്പുവേലിയിൽ ഇടിച്ച് മറിയുകയായിരുന്നു.
ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. അമിത വേഗത്തിൽ സഞ്ചരിച്ച വാഹനം പെട്ടെന്ന് വെട്ടിത്തിരിച്ചതോടെ റോഡരികിലെ ഇരുമ്പുവേലിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡരികിലെ മണലിലേക്ക് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ദുബൈ പൊലീസും സിവിൽ ഡിഫൻസും എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മരിച്ച കുട്ടിയുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സ്കൂൾ കുട്ടികളെ സ്കൂളിലേക്കും തിരിച്ചും കൊണ്ടുവിടുന്ന ഡ്രൈവർമാരെ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷ്മത പുലർത്തണമെന്ന് ദുബൈ പൊലീസ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി അഭ്യർഥിച്ചു. റോഡ് സുരക്ഷയെക്കുറിച്ചും ഡ്രൈവിങ്ങിൽ ആവശ്യമായ പരിചയമുള്ളവരെയും മാത്രമേ ഡ്രൈവറായി നിയമിക്കാവൂ. ഡ്രൈവർമാർ ക്ഷീണവും മയക്കവും അനുഭവപ്പെടുമ്പോൾ വാഹനമോടിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഇങ്ങനെ വാഹനമോടിക്കുന്നത് സുരക്ഷയെ കാര്യമായി ബാധിക്കും. ദീർഘനേരത്തേ ജോലി കാരണമാണ് ക്ഷീണം അനുഭവപ്പെടുന്നത്. ഇത് ഡ്രൈവർമാരുടെ ശ്രദ്ധയെ ബാധിക്കുകയും പ്രതികരണ സമയം കുറക്കുകയും ചെയ്യുമെന്നും മേജർ ജനറൽ അൽ മസ്റൂയി പറഞ്ഞു. വാഹനത്തിന് അനുവദിച്ച പരിധിയിൽ ലംഘിക്കാതെ വാഹനമോടിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. അപകടത്തെ തുടർന്ന് മേഖലയിൽ അൽപനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.