അബൂദബി: 48 ടണ്ണിലേറെ മയക്കുമരുന്നുമായി ഏഷ്യന്‍ പൗരനെ അബൂദബി പൊലീസ് അറസ്റ്റ് ചെയ്തു. പ്രത്യേക ഗോഡൗണിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. യു.എ.ഇയിൽനിന്ന് മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. 48 ടണ്ണും 693 കിലോഗ്രാമും ആയിരുന്നു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന മയക്കുമരുന്നിന്റെ ആകെ ഭാരം.
പിടിയിലായ പ്രതി ഏതു രാജ്യക്കാരന് ആണെന്നു വ്യക്തമല്ല. മയക്കുമരുന്ന് എത്തിക്കാനും സൂക്ഷിക്കാനും സഹായം നൽകിയവരെ കുറിച്ചും യു.എ.ഇ. ഫെഡറല്‍ ഡ്രഗ് പ്രോസിക്യൂഷന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അബൂദബി പൊലീസിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് നടത്തിയ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ മയക്കുമരുന്ന് ശേഖരിച്ചിരുന്ന കേന്ദ്രത്തില്‍നിന്നുതന്നെ പിടികൂടിയത്.
അതിവിദഗ്ധമായാണ് ഇയാള്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. മയക്കുമരുന്ന് ഇടപാട് നടക്കുന്നുവെന്ന സംശയം തോന്നിയാല്‍ അക്കാര്യം ഉടന്‍ അറിയിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
45 ലക്ഷം കാപ്തഗണ്‍ കാപ്സ്യൂളുകള്‍ ഫുഡ് കണ്ടെയ്നറുകള്ക്കുള്ളിലാക്കി കടത്താന്‍ ശ്രമിച്ചയാളെ അടുത്തിടെ അബൂദബി പൊലീസിന്റെ ആന്റി നാര്‍ക്കോട്ടിക് വിഭാഗം പിടികൂടിയിരുന്നു. ഇതിനു മുമ്പ് ആറുലക്ഷം കാപ്തഗണ്‍ പില്‍സ് കടത്തിയ നാല് അറബ് വംശജരും പിടിയിലായിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് കാപ്തഗണ്‍ ആണെന്നാണ് റിപ്പോര്‍ട്ട്.2022 മാര്‍ച്ചില്‍ ഒന്നര ടണ്‍ ഹെറോയിനും അബൂദബി പൊലീസ് പിടികൂടിയിരുന്നു.
അയല്‍രാജ്യങ്ങളില്‍നിന്ന് ഖലീഫ തുറമുഖത്തേക്ക് അയച്ച സംശയകരമായ ലഗേജ് ആന്റി നാര്‍കോട്ടിക്സ് സംഘം പരിശോധിച്ചാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്നിന് വിപണിയില്‍ 150 ദശലക്ഷം ദിര്‍ഹം വിലമതിക്കും. 2021ല്‍ മാത്രം അബൂദബി പൊലീസ് പിടികൂടിയത് വിപണിയില്‍ 1.2 ബില്യന്‍ ദിര്‍ഹം വിലമതിക്കുന്ന മയക്കുമരുന്നാണ്.
2.6 ടണ്ണിലേറെ മയക്കുമരുന്നുകളും 1.4 മില്യന്‍ ഗുളികകളുമാണ് പിടിച്ചെടുത്തത്. 2021 സെപ്റ്റംബറില്‍ അബൂദബി പൊലീസ് 816 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുക്കുകയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച വിവിധ രാജ്യക്കാരായ 142 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മയക്കുമരുന്ന് വില്പനക്കാരായ രണ്ട് ഫിലിപ്പിനോ പൗരന്മാരെ അബൂദബി ക്രിമിനല്‍ കോടതി വധശിക്ഷക്കു വിധിച്ചിരുന്നു.
സംശയകരമായ ഇടപാടുകള്‍ കണ്ടാല്‍ 8002626 എന്ന നമ്പരിലോ 2828 നമ്പരില്‍ എസ്എംഎസ് അയച്ചോ aman@adpolice@gov.ae എന്ന ഇ-മെയില്‍ മുഖേനയോ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയോ അമന് സര്‍വിസിനെ അറിയിക്കണം. മയക്കുമരുന്ന് കൈവശംവെക്കുകയോ വില്ക്കുകയോ ചെയ്താല്‍ ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും തടവുമാണ് യുഎഇ നിയമം വ്യവസ്ഥചെയ്യുന്നത്.
മയക്കുമരുന്ന് കടത്തുന്നതോ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോ ആയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചാല്‍ തടവും അഞ്ചുലക്ഷം ദിര്‍ഹത്തില്‍ കുറയാത്തതോ 10 ലക്ഷം ദിര്‍ഹത്തില്‍ കൂടാത്തതുമായ പിഴയോ ഈ രണ്ടു ശിക്ഷയും ഒരുമിച്ചോ ലഭിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.