റാസല്‍ഖൈമ: ഉപേക്ഷിക്കപ്പെട്ടതും ലൈസന്‍സ് പുതുക്കാതെ അലക്ഷ്യമായി കിടക്കുന്നതുമായ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനായി എമിറേറ്റ്സ് പാര്‍ക്കിങ് അതോറിറ്റിയുമായി റാക് പൊലീസും ജനറൽ റിസോഴ്സ് അതോറിറ്റിയും (ജി.ആർ.എ) കരാറിലെത്തി.
റാക് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ എമിറേറ്റ്സ് പാര്‍ക്കിങ് അതോറിറ്റിയുടെ യാര്‍ഡില്‍ എത്തിക്കുന്നതിനാണ് തീരുമാനം. തെരുവുകളിലും ആളൊഴിഞ്ഞയിടങ്ങളിലും അലക്ഷ്യമായിക്കിടക്കുന്ന വാഹനങ്ങള്‍ സുരക്ഷക്ക് ഭീഷണിയാണെന്നും എമിറേറ്റിന്റെ പരിഷ്കൃതമുഖത്തിന് മങ്ങലേൽപിക്കുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇത്തരം വാഹനങ്ങളുടെ വ്യാപനം കുറക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ സുസ്ഥിരത കൈവരിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടുന്നതെന്ന് റാക് പൊലീസ് മേധാവി ബ്രിഗേഡിയര്‍ അലി അബ്ദുല്ല അല്വാന് അല്‍ നുഐമി പറഞ്ഞു. റാക് ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജമാല്‍ അഹമ്മദ് അല്‍ തായിറിന്റെ സാന്നിധ്യത്തില്‍ റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്വാന് അല്‍ നുഐമി, റാക് പബ്ലിക് റിസോഴ്സ് അതോറിറ്റിക്ക് വേണ്ടി മെയ്സൂണ്‍ മുഹമ്മദ് അല്‍ദഹബ്, എമിറേറ്റ്സ് പാര്‍ക്കിങ് വകുപ്പില്‍നിന്നുള്ള അബ്ദുല്ല മതാര്‍ അല്‍ മന്നായിയുമാണ് ത്രികക്ഷി കരാറില്‍ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.