ദുബൈ: തോൽവി വിജയത്തിന്റെ ചവിട്ടുപടിയാണെന്ന് സ്വജീവിതത്തിലൂടെ കാട്ടിത്തരുകയാണ് ഈ യുവാവ്.തോറ്റവനെന്ന് മുദ്രകുത്തി കളിയാക്കിയവർക്ക് മുന്നിലൂടെ ഇന്നവൻ തലയുയർത്തിനടക്കുന്നു. കാരണം രാജ്യത്തെ നമ്പർ വൺ മെഡിക്കൽ കോളജുകളിലൊന്നായ ജിപ്മറിലാണ് ഇന്നവൻ പഠിക്കുന്നത്.
അതും മലയാളികൾ അഭിമാനമായി കാണുന്ന എം.ബി.ബി.എസിന്. കനൽ വഴികൾ പിന്നിട്ട് ജീവിതത്തിൽ ആരും മോഹിക്കുന്ന വിജയം കൈവരിച്ച അഭിഷേക് റൂപൻ എന്ന യുവാവ് തന്റെ ജീവിത കഥ പറഞ്ഞ് തുടങ്ങുകയാണ്. ഗൾഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേ വേദിയിൽ സൈലം ഡയറക്ടറായ ലിജീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അഭിഷേക് പ്രചോദനം നിറഞ്ഞ ആ കഥ പങ്കുവെച്ചത്. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും നടുവിലായിരുന്നു അവന്റെ ജീവിതം. ഡിജിറ്റൽ യുഗത്തിന്റെ വെള്ളിവെളിച്ചത്തിന് മുന്നിൽ അസ്തമിച്ചുപോയ നാടകത്തിന്റെ അമരക്കാരനായിരുന്നു അച്ഛൻ.
ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് ജീവിത സാഹചര്യങ്ങളോട് മല്ലടിച്ചെങ്കിലും പ്ലസ് ടു പരീക്ഷയിൽ വിധി തോൽപിച്ചു. തുടർപഠനത്തിന് കെൽപില്ലാത്ത അവസ്ഥയിൽ ജീവിതം കൂട്ടിമുട്ടിക്കാൻ തോറ്റ പ്ലസ് ടു സർട്ടിഫിക്കറ്റുമായി ജോലിക്കായി പലയിടത്തും അലഞ്ഞു. അവിടെയും വിധി അവന് മുന്നിൽ മുഖം തിരിച്ചു. ഒടുവിലാണ് മെഡിക്കൽ എൻട്രസ് റിപീറ്റു ചെയ്യാൻ തീരുമാനിച്ചത്. പക്ഷേ, മുട്ടിയ വാതിലുകൾ അവന് മുന്നിൽ തുറന്നില്ല.
നീയൊക്കെ എഴുതിയിട്ടെന്താ എന്നായിരുന്നു ചോദ്യം. എങ്കിലും പിന്നോട്ടുപോകാൻ അവൻ തയാറായിരുന്നില്ല. ഒടുവിൽ സൈലത്തിൽ പ്രവേശനം ലഭിച്ചപ്പോൾ അവൻ ഒരു തീരുമാനമെടുത്തു. ഇനി ജീവിതത്തിൽ ഉഴപ്പില്ല. കാരണം ചെറുപിഴവുകൾ പോലും ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ അവൻ കണ്ടറിഞ്ഞതാണ്. മികച്ച അധ്യാപകരുടെ പിന്തുണ കൂടി ആയതോടെ ആത്മവിശ്വാസം വാനോളം ഉയർന്നു. ഒടുവിൽ 2022ലെ നീറ്റ് റിസൽട്ട് വന്നപ്പോൾ അഭിഷേക് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. പ്ലസ് ടുവിന് ഫിസിക്സിൽ 18 മാർക്ക് വാങ്ങിയവൻ എൻട്രൻസിന് 180 മാർക്ക് നേടി.
720ൽ 60 മാർക്ക് വാങ്ങി നീറ്റിന് 21ാം റാങ്കുറപ്പിച്ചു. അങ്ങനെയാണ് പലരുടെയും സ്വപ്നമായ ജിപ്റിലെ വാതിലുകൾ അവന് മുന്നിൽ മലക്കെ തുറക്കപ്പെട്ടത്. മിടുക്കരായ വിദ്യാർഥികളെ പരിശീലിപ്പിച്ച് ഉയർന്ന മാർക്ക് വാങ്ങാൻ എളുപ്പമാണ്. എന്നാൽ, ജീവിതത്തിൽ തോറ്റുപോയവരെ വിജയത്തിലേക്ക് കൈപിടിക്കാൻ കഴിയുകയെന്നതാണ് വലിയ കാര്യം. സൈലം എന്ന സ്ഥാപനം കാണിച്ച ആ ധൈര്യമാണ് തളർന്നുപോകുമായിരുന്ന ജീവിതത്തിൽ വെളിച്ചംപകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.