അബൂദബി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ജൂൺ ഒന്നു മുതൽ അബൂദബിയിൽ നിരോധനം. മലിനീകരണം തടയാനും സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് നിരോധന അബൂദബി പരിസ്ഥിതി ഏജൻസി അറിയിച്ചു. 2020ൽ കൊണ്ടുവന്ന ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നയ പ്രകാരമാണ് നിരോധനം. പ്ലാസ്റ്റിക് കപ്പ് അടക്കം 16 ഉൽപന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനും പരിസ്ഥിതി ഏജൻസി ആലോചിക്കുന്നുണ്ട്. 2024ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റിറോഫോം പ്ലേറ്റുകളും കണ്ടെയ്നറുകളും നിരോധിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
മലിനീകരണം കുറച്ച് കാലാവസ്ഥ വ്യതിയാനത്തെ നേരിടുകയെന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ടെന്ന് പരിസ്ഥിതി ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. പുതിയ തീരുമാനം സംബന്ധിച്ച് എമിറേറ്റിലുടനീളം ബോധവത്കരണ കാമ്പയിൻ നടത്തും. പരിസ്ഥിതി സംരക്ഷിക്കണമെന്ന രാഷ്ട്ര സ്ഥാപകൻ ശൈഖ് സായിദിന്റെ അദമ്യമായ ആഗ്രഹങ്ങൾക്കനുസൃതമായാണ് അബൂദബിയുടെ ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനമെന്നും ഏജൻസി വ്യക്തമാക്കി. 90ലേറെ രാജ്യങ്ങളത്ലാണ് നിലവിൽ ഒറ്റത്തവണ പ്ലാസ്റ്റിക് ഉപയോഗ നിരോധനമുള്ളത്.
കാലി പ്ലാസ്റ്റിക് കുപ്പികൾ കൈമാറുന്നവർക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്രയൊരുക്കി സംയോജിത ഗതാഗത കേന്ദ്രം നേരത്തെ രംഗത്ത് വന്നിരുന്നു. ഇങ്ങനെ കൈമാറുന്ന പ്ലാസ്റ്റിക് കുപ്പികൾക്ക് ഓരോതവണയും നിശ്ചിത പോയന്റ് നൽകുകയും ഇതു പിന്നീട് ടിക്കറ്റ് നിരക്കായി പരിഗണിക്കുകയുമാണ് ചെയ്യുക. അബൂദബി പ്രധാന ബസ് സ്റ്റേഷനിൽ കാലിക്കുപ്പികൾ നിക്ഷേപിക്കുന്നതിന് യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. 600 മില്ലിയോ അതിൽ കുറവോ അളവുള്ള ഓരോ കുപ്പിക്കും ഒരു പോയന്റാണ് നൽകുക. 600 മില്ലിക്കു മുകളിൽ അളവുള്ള കുപ്പികൾക്ക് രണ്ട് പോയന്റ് വീതം ലഭിക്കും. ഓരോ പോയന്റിനും 10 ഫിൽസാണ് ലഭിക്കുക. 10 പോയന്റ് ലഭിച്ചാൽ ഒരു ദിർഹമാണ് കിട്ടുക.
അബൂദബി പരിസ്ഥിതി ഏജൻസി, അബൂദബി മാലിന്യ നിർമാർജന കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുപ്പികൾക്ക് നൽകുന്ന പോയന്റുകൾ പിന്നീട് സംയോജിത ഗതാഗതകേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് പേമെന്റ് സംവിധാനമായ ഹഫിലത് ബസ് കാർഡിലേക്ക് പണമായി മാറ്റിനൽകും. ഓരോ യാത്രയ്ക്കു ശേഷം ടിക്കറ്റിനായി ഈടാക്കുന്ന പണം കാർഡിൽ നിന്ന് കുറവു ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.