അബൂദബി: സ്വകാര്യ സ്കൂളുകളിലെ ആറ് സുപ്രധാന തസ്തികകളിൽ മുഴുസമയ ജീവനക്കാർ നിർബന്ധമാണെന്ന് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്. പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, ചീഫ് ഇന്റഗ്രേഷന്‍ ഓഫിസര്‍, ഹെല്‍ത്ത് ആന്‍ഡ് സെക്യൂരിറ്റി ഓഫിസര്‍, സോഷ്യല്‍ വര്‍ക്കര്‍, നഴ്സ് എന്നിവയാണ് മുഴുവൻ സമയ ജീവനക്കാർ ആവശ്യമുള്ള ആറ് തസ്തികകൾ. കൂടാതെ, പരിശോധന ക്ലിനിക്, പുകവലി രഹിത കാമ്പസ് എന്നിവ നിർബന്ധമാണ്.
ഈ അധ്യയന വർഷത്തിൽ തന്നെ നിർദേശം നടപ്പാക്കണം. ആറ് തസ്തികകളിൽ ഒന്നുപോലും ഒഴിച്ചിടാൻ പാടില്ലെന്നും പുതിയ റിക്രൂട്ട്മെന്റ് നയത്തിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നു. ഉയർന്ന ഗ്രേഡുകളുള്ള സ്കൂളുകളില്‍ കരിയര്‍, യൂനിവേഴ്സിറ്റി കൗണ്‍സിലര്‍ പദവികളിലും ജീവനക്കാരുണ്ടാവണം.
എന്നാല്‍, ലൈസന്‍സിങ് ആവശ്യങ്ങള്‍ക്ക് ഈ പദവി അനിവാര്യമല്ലെന്നും പുതിയ നയത്തില്‍ പറയുന്നു. അതേസമയം 500 വിദ്യാര്‍ഥികളില്‍ കുറവുള്ള പുതിയ സ്കൂളുകളില്‍ ആദ്യ അഞ്ചുവര്‍ഷം വൈസ് പ്രിന്‍സിപ്പല്‍ വേണമെന്ന വ്യവസ്ഥയിൽ ഇളവുണ്ട്. എന്നാല്‍, ഇതിനു പകരം ആക്ടിങ് സീനിയര്‍ അക്കാദമിക് ലീഡര്‍ ഉണ്ടായിരിക്കണം.
എല്ലാ സ്കൂളുകളിലും എല്ലാ വിഷയങ്ങള്‍ക്കും അധ്യാപകരെ നിയമിച്ചിരിക്കണം. അധ്യാപകരുടെ ഒഴിവുണ്ടായാല്‍ ഇത് നികത്തുന്നതുവരെ പകരം അധ്യാപകരെ നിയോഗിക്കണം. യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നിലവിലെ ജീവനക്കാര്‍ക്ക് ചില സാഹചര്യങ്ങളില്‍ പദവികളില്‍ തുടരാനും നയം അനുവദിക്കുന്നുണ്ട്.
അധ്യാപന പരിചയമില്ലാത്തതും ലീഡര്ഷിപ് പദവികളില്‍ ഇരിക്കുന്നതുമായി ജീവനക്കാര്‍ 2026-2027 അകാദമിക വർഷത്തിലെ ആദ്യ സെമസ്റ്റർ കാലയളവിന് മുമ്പ് വിദ്യാഭ്യാസ ലീഡര്ഷിപ് ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണം.
അധ്യാപന യോഗ്യതാ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ തൊഴില്‍ കരാര്‍ പുതുക്കുകയോ യു.എ.ഇ ദേശീയ യോഗ്യതാ ചട്ടക്കൂട് പ്രകാരമുള്ള ലെവല്‍ ആറ് യോഗ്യത കരസ്ഥമാക്കി മറ്റൊരു സ്കൂളില്‍ പുതിയ ജോലി കരസ്ഥമാക്കുകയോ അല്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷത്തോടെ സാധുവായ അധ്യാപന ലൈസന്‍സ് നേടുകയോ വേണം.
അധ്യാപന യോഗ്യത നേടിയതോ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിന്റെയോ രേഖകള്‍ ഹാജരാക്കിയാല്‍ തൊഴില്‍ കരാര്‍ പുതുക്കുകയോ അല്ലെങ്കില്‍ പുതിയ നിയമനം നൽകുകയോ ചെയ്യാം.
കൂടാതെ, ഒരു മാനേജ്മെന്റിന് കീഴിലുള്ള ജീവനക്കാരുടെ ആഭ്യന്തര സ്ഥലംമാറ്റം ഒഴികെയുള്ള പുതിയ നിയമനങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. യോഗ്യതകള്‍ ഇല്ലാത്ത നിലവിലെ ജീവനക്കാരെ (വൈസ് പ്രിന്‍സിപ്പല്‍, ഇടക്കാല പ്രിന്‍സിപ്പല്‍) താല്‍ക്കാലിക വ്യവസ്ഥയില്‍ ഒഴിവുകള്‍ നികത്താന്‍ മാത്രം നിയോഗിക്കാം. ആറു മാസം മാത്രമായിരിക്കും ഇവരുടെ കാലാവധി.
പ്രായപരിധി, മാതാപിതാക്കളുടെ സമ്മതം, നിയമപ്രകാരമുള്ള തൊഴില്‍ സമയം തുടങ്ങിയവ പരിഗണിച്ച് ചില സാഹചര്യങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്തവരെ നിയോഗിക്കാം. മൈനറായ ജീവനക്കാര്‍ സ്കൂളില്‍ ജോലി ചെയ്യുന്ന സമയങ്ങളില്‍ അവര്‍ക്ക് മേല്‍നോട്ടം ഉണ്ടാവണം.
സ്കൂള്‍ സമയം കഴിഞ്ഞോ ക്ലാസുകളോ മറ്റു പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത സമയത്തോ മാത്രമാണ് മൈനര്‍ ജോലിക്കാര്‍ ജോലിയില്‍ വ്യാപൃതരാവേണ്ടത്. സ്കൂളുകളില്‍ പഠിക്കാത്ത മൈനര്‍ ജോലിക്കാര്‍ക്ക് അഡെക്കിന്റെ വിദ്യാഭ്യാസ സംരക്ഷണ നയത്തില്‍ പറഞ്ഞിരിക്കുന്ന അവകാശങ്ങള്‍ ലഭിക്കണം.
മുഴുസമയ അധ്യാപകര്‍ക്ക് കുറഞ്ഞത് രണ്ടുവര്ഷമായിരിക്കണം തൊഴില്‍ കരാറെന്ന് നയം വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ വാര്‍ഷിക അവധിയും അവധി ദിനങ്ങളും നല്‍കിയിരിക്കണം. അഡെക്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ അധ്യാപകരെയോ ഇതര ജീവനക്കാരെയോ പിരിച്ചുവിടാന്‍ സ്കൂളുകള്‍ക്ക് അധികാരമില്ല. സ്വമേധയ ഉള്ള രാജികള്‍ക്കും പിരിച്ചുവിടലുകള്‍ക്കും ഈ നിയമം ബാധകമാണെന്നും നയത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.