അബൂദബി: ലോകത്തിലെ ഏറ്റവും ഗതാഗതക്കുരുക്ക് കുറഞ്ഞ തലസ്ഥാന നഗരമായി അബൂദബി. ടോംടോം ഗതാഗത സൂചിക 2021ലാണ് അബൂദബി ഒന്നാം സ്ഥാനത്തെത്തിയത്. 57 രാജ്യങ്ങളിലെ 416 നഗരങ്ങളില്‍ നടത്തിയ സര്‍വേയിലാണ് അബൂദബി ഗതാഗതത്തിരക്ക് കുറഞ്ഞ നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. തിരക്കേറിയ സമയം അടക്കം ഒരുദിവസത്തെ വിവിധ സമയങ്ങളില്‍ കവലകളിലും തെരുവുകളിലുമുള്ള ഗതാഗതത്തിരക്ക് അടക്കം വിലയിരുത്തിയാണ് ടോംടോം ഗതാഗത സൂചിക അബൂദബിയെ ഗതാഗതത്തിരക്ക് കുറഞ്ഞ തലസ്ഥാനമായി തിരഞ്ഞെടുത്തത്.
നഗരത്തിലെ ഗതാഗതം നിയന്ത്രിക്കുന്നതിന് ട്രാഫിക് ലൈറ്റുകളും അവയുടെ പ്രോഗ്രാം നല്കുന്ന സംഭാവനകളും സര്‍വേയില്‍ പരിഗണിച്ചിട്ടുണ്ട്. ട്രാഫിക് ലൈറ്റ് സംവിധാനം വിവിധ കാലാവസ്ഥകളെ അതിജീവിക്കുന്നതിനെയും സര്‍വേയില്‍ വിഷയമാക്കിയിരുന്നു. കേവലം 11 ശതമാനമാണ് അബൂദബിയിലെ ഗതാഗതത്തിരക്കിന്റെ തോത്. മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് നടപ്പാക്കിയ സംയോജിത ഗതാഗത കൈകാര്യ പദ്ധതിയാണ് ഈ നേട്ടത്തിന് അബൂദബിയെ സഹായിച്ചത്. ടോംടോമിന്റെ പട്ടികയിലെ ഒന്നാം റാങ്ക് നേട്ടം പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനം പകരുമെന്ന് വകുപ്പ് ചെയര്മാന് ഫലാഹ് അല്‍ അഹ്ബാബി പറഞ്ഞു.
അടുത്തിടെ അബൂദബി പൊലീസ് നടത്തിയ അഭിപ്രായ സര്‍വേയില്‍ ഗതാഗത സുരക്ഷക്ക് ജനങ്ങള്‍ ഫുള്‍ മാര്‍ക്ക് നല്‍കിയിരുന്നു. ട്രാഫിക് സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ച അവബോധം വർധിപ്പിക്കാനും റോഡുകളിലെ മോശം പെരുമാറ്റങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്കാനുമായി അബൂദബി പൊലീസ് സമൂഹ മാധ്യമങ്ങള്‍ മുഖേനയും ദൃശ്യ-പത്ര മാധ്യമങ്ങളിലൂടെയും നല്‍കിവരുന്ന സന്ദേശങ്ങളിലും ബോധവത്കരണ കാമ്പയിനുകളിലും 61 ശതമാനം പേരാണ് താല്പര്യം പ്രകടിപ്പിച്ചത്.
ട്രാഫിക് സംവിധാനങ്ങളെയും ചട്ടങ്ങളെയും കുറിച്ച് ഡ്രൈവര്‍മാരുടെ അവബോധം വളര്‍ത്തുക, റോഡുകളില്‍ അപകടങ്ങള്‍ കുറക്കുക, റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുക, നല്ല പെരുമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക, തെറ്റായ ഡ്രൈവിങ് രീതികള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കുക തുടങ്ങിയ ബോധവത്കരണ ക്രമീകരണങ്ങളാണ് അബൂദബി പൊലീസ് നടത്തിവരുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അബൂദബിയിലെ റോഡുകളില്‍ നൂറുകണക്കിന് റഡാറുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.