അബൂദബി: തലസ്ഥാനത്തെ പ്രഥമ ഹിന്ദു ക്ഷേത്രത്തിെൻറ അടിത്തറ നിർമാണം പുരോഗമിക്കുന്നു. ഏപ്രിൽ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാകും. അബൂദബിയിലെ അബൂ മുറൈഖ പ്രദേശത്തെ 27 ഏക്കർ സ്ഥലത്താണ് മൊത്തം 4500 ലക്ഷം ദിർഹം മുതൽമുടക്കിൽ പരമ്പരാഗത ശിലാക്ഷേത്രം നിർമിക്കുന്നത്.
ബോചസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ത (ബി.എ.പി.എസ്) ആണ് യു.എ.ഇ തലസ്ഥാന എമിറേറ്റിൽ ഹിന്ദു മന്ദിർ നിർമിക്കുന്നത്. തറനിരപ്പിൽനിന്ന് 4.5 മീറ്റർ ആഴമുള്ള ഫൗണ്ടേഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. ജനുവരി മുതൽ 4,500 ക്യുബിക് മീറ്റർ കോൺക്രീറ്റ് ഇതുവരെ ഫൗണ്ടേഷൻ ജോലികൾക്കായി വിനിയോഗിച്ചു.
3,000 ക്യുബിക് മീറ്റർ ബാക്ക്ഫില്ലിങ്ങും നടത്തി. ഫൗണ്ടേഷെൻറ കോൺക്രീറ്റ് ഭിത്തികൾക്കിടയിൽ സൈറ്റിലെ മണ്ണുപയോഗിച്ച് ബാക്ക്ഫില്ലിങ് നടത്തുന്ന പ്രവർത്തനങ്ങളാണിപ്പോൾ നടക്കുന്നതെന്ന് ക്ഷേത്ര നിർമാണ പ്രോജക്ട് ആൻഡ് ക്വാളിറ്റി പ്രോഗ്രസ് മോണിറ്ററിങ് എൻജിനീയർ അശോക് കോണ്ടെറ്റി പറഞ്ഞു.
ക്ഷേത്രത്തിെൻറ അടിത്തറ രൂപകൽപന ചെയ്തിട്ടുള്ള രണ്ടു തുരങ്കങ്ങൾ നിർമിക്കാനായി ഇന്ത്യയിൽനിന്ന് പ്രത്യേക കല്ലുകൾ എത്തിച്ചു. തുരങ്കഭിത്തികളിൽ അടുത്ത ആഴ്ചയോടെ ഈ കല്ലുകൾ പതിപ്പിച്ചു തുടങ്ങും. അടിത്തറയുടെ മൊത്തം പ്രവൃത്തികൾ ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കി മേയ് മാസത്തിൽ ക്ഷേത്രത്തിെൻറ ഇന്ത്യയിൽനിന്നെത്തിച്ച കൊത്തുപണി ചെയ്ത കല്ലുകളും സ്ഥാപിക്കും.
പരമ്പരാഗത ശിലാക്ഷേത്രത്തിെൻറ രൂപകൽപനയിൽ കൈ കൊണ്ട് കൊത്തിയ കൽതൂണുകളാണ് ഉപയോഗിക്കുന്നത്. രാജസ്ഥാനിലെയും ഗുജറാത്തിലെയും കരകൗശലത്തൊഴിലാളികളാണ് ക്ഷേത്രത്തിലെ കൽ തൂണുകൾ കൊത്തി രൂപകൽപന ചെയ്തത്. ശിലാക്ഷേത്രത്തിലെ പിങ്ക് കല്ലുകൾ രാജസ്ഥാനിൽനിന്നും മാർബിൾ ഇറ്റലിയിലെ മാസിഡോണിയയിൽനിന്നുള്ളതുമാണ്. കൊത്തിയെടുത്ത കല്ലുകളാണ് അബൂദബിയിലേക്ക് കൊണ്ടുവരുന്നത്. ഡിപി വേൾഡും ട്രാൻസ്വേൾഡ് ഗ്രൂപ്പും ലോജിസ്റ്റിക്കുമായി സഹകരിച്ചാണ് ഇവ അബൂദബിയിലെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.