അബൂദബി: 30 ാംമത് അബൂദബി അന്താരാഷ്ട്ര പുസ്തകോൽസവം മെയ് 23 മുതൽ 29 വരെ അബൂദബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷകർതൃത്വത്തിലാണ് പുസ്തകോൽസവം. സംഘാടകർ, എക്സിബിറ്റർമാർ, സന്ദർശകർ എന്നിവരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന് മുൻകരുതൽ നടപടികളോടെയാണ് പുസ്തകോൽസവമൊരുക്കുകയെന്ന് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പിലെ അറബി ഭാഷാ കേന്ദ്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജർമ്മനിയാണ് ഈ വർഷത്തെ വിശിഷ്ടാതിഥി. ഫ്രാങ്ക്ഫർട്ട് അന്താരാഷ്ട്ര പുസ്തകമേളയുമായുമായുള്ള പങ്കാളിത്തവും അബൂദബി അറബി ഭാഷാ കേന്ദ്രം പ്രസിഡൻറ് ഡോ. അലി ബിൻ തമീം പ്രഖ്യാപിച്ചു. അടുത്തവർഷവും ജർമ്മനിയുടെ പങ്കാളിത്തം ഉണ്ടാകും. അറബ് മേഖലയിൽ പകർപ്പവകാശം വിൽക്കുന്നതിനുള്ള ആദ്യത്തെ വെർച്വൽ പ്ലാറ്റ്ഫോമിന് ഈ വർഷത്തെ പുസ്തകോൽസവത്തിൽ തുടക്കംകുറിക്കും. പ്രസാധകർക്കും എഴുത്തുകാർക്കും പ്രചോദനാത്മകമായ ആനുകൂല്യങ്ങളുടെ സമഗ്ര പാക്കേജ് നൽകും.
ഫ്രാങ്ക്ഫർട്ട് ഇന്റർനാഷണൽ ബുക്ക് ഫെയർ പ്രസിഡൻറ് ജുർജെൻ ബൂസ്, അബുദബി അറബിക് ഭാഷാ കേന്ദ്രം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടറും അബൂദബി അന്താരാഷ്ട്ര പുസ്തകമേളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ മോസ അൽ ഷംസി, അറബിക് ലാംഗ്വേജ് സെൻറർ മീഡിയ ഓഫീസ് ഡയറക്ടർ സയീദ് അൽ തുനൈജി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. എക്സിബിഷൻ ഇലക്ട്രോണിക് ആക്സസ് കാർഡ് നേടുന്നതിന് സന്ദർശനത്തിനു മുമ്പ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ സന്ദർശകർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.