അബൂദബി: തലസ്ഥാനത്തെ ബീച്ചുകൾ പരിപാലിക്കാനും കൈകാര്യം ചെയ്യാനും അബൂദബി സിറ്റി മുനിസിപ്പാലിറ്റി പദ്ധതി. അബൂദബി കോർണിഷ്, അൽ ബത്തീൻ, ഹുദൈരിയാത്ത് തുടങ്ങിയ പൊതു ബീച്ചുകളിലും ലേഡീസ് ബീച്ചുകളിലും പരിപാലന സേവന നിലവാരം ഉയർത്താൻ മുനിസിപ്പാലിറ്റി ദർഘാസ് ക്ഷണിച്ചു. നഗരാതിർത്തിയിലെ കടൽത്തീരങ്ങളുടെ പരിപാലനം, പ്രവർത്തനം എന്നിവക്കൊപ്പം പൊതുജനങ്ങളുടെ സുരക്ഷക്കും ആവശ്യമായ നടപടികൾക്കാണ് മുനിസിപ്പാലിറ്റി ടെൻഡർ ക്ഷണിച്ചത്.
ബീച്ചുകളിൽ നീന്തൽപ്രേമികൾക്കും വിനോദങ്ങൾ ആഗ്രഹിക്കുന്നവർക്കും സുരക്ഷ ഒരുക്കും. പ്രാദേശികവും അന്തർദേശീയവുമായ മാനദണ്ഡങ്ങളോടെ ബീച്ചുകളിലെ നിലവാരം മെച്ചപ്പെടുത്താനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. ബീച്ചുകൾക്ക് നീല പതാക ബാഡ്ജ് ലഭിച്ചശേഷം ആഗോള അംഗീകാരത്തിെൻറ നിലവാരം നിലനിർത്താനുള്ള നടപടികളാണ് ശ്രദ്ധിക്കുന്നത്.
സന്ദർശകരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ബീച്ച് സേവനങ്ങൾ വികസിപ്പിക്കാൻ നിരന്തരം ശ്രമിക്കുന്നതായി മുനിസിപ്പൽ അധികൃതർ ചൂണ്ടിക്കാട്ടി. സഞ്ചാരികൾക്ക് വിനോദവും സന്തോഷവും ഉറപ്പാക്കാൻ വിവിധ സേവന സൗകര്യങ്ങളൊരുക്കാനും ശ്രമിക്കുന്നു. അബൂദബി കോർണിഷ് ബീച്ചിലെത്തുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും മികച്ച അന്താരാഷ്ട്ര നിലവാരമുള്ള ആധുനിക സേവനങ്ങളും സൗകര്യങ്ങൾ നൽകാനും സിറ്റി മുനിസിപ്പാലിറ്റി ശ്രദ്ധിക്കുന്നു. ബീച്ചുകളിൽ വാട്ടർ ഗെയിമുകൾ, സെൻട്രൽ കാൾ സിസ്റ്റം എന്നിവയടക്കം ഒട്ടേറെ സേവനങ്ങളും സജ്ജമാക്കുന്നുണ്ട്.
അബൂദബി കോർണിഷിലെ കടൽത്തീരങ്ങൾ അന്താരാഷ്ട്ര നിലവാരമുള്ളവയാണ്. കുട്ടികളുടെ കളിസ്ഥലങ്ങൾ, ബീച്ച് ലൈബ്രറി, മറൈൻ സ്പോർട്സ്, ബീച്ച് കസേരകൾ, കുട സേവനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയുണ്ടാകുമെന്ന് മുനിസിപ്പൽ അധികൃതർ വിശദീകരിച്ചു.
കോർണിഷ്, അൽ ബത്തീൻ ബീച്ചുകളിൽ േഫ്ലാട്ടിങ് ചെയർ സേവനങ്ങളും ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റുകളും ബീച്ചുകളിൽ സൗജന്യ പ്രവേശന സൗകര്യവും നൽകുന്നുണ്ട്. ബീച്ചിന് ചുറ്റും എളുപ്പത്തിൽ സഞ്ചരിക്കാൻ പ്രത്യേക സൗകര്യവും ഭിന്നശേഷിക്കാർക്കൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.