അറേബ്യന്‍ കണ്ണിലൂടെ ഭൂമിയുടെ ചരിത്രം പറയാനൊരുങ്ങി അബൂദബി ദേശീയ ചരിത്രമ്യൂസിയം. സഅദിയാത്ത് ദ്വീപില്‍ മ്യൂസിയം പൂര്‍ത്തിയായി വരികയാണ്. 67 ദശലക്ഷം വര്‍ഷം പഴക്കമുള്ള ടൈറന്നോസറസ് റെക്സ് സ്കെല്‍ട്ടണ്‍ അടക്കമുള്ള അപൂര്‍വം വസ്തുക്കളാണ് മ്യൂസിയത്തിലെത്തിക്കുക. 13.8 ബില്യന്‍ വര്‍ഷത്തിനു പിന്നിലേക്കാവും മ്യൂസിയം സന്ദര്‍ശകരെ കൊണ്ടുപോവുക. ഭൂമിയുടെ പിറവി മുതല്‍ ഭാവി ലോകം എങ്ങനെയായിരിക്കുമെന്നുവരെ മ്യൂസിയത്തിലെ ഗാലറികള്‍ നമ്മോടു പറയും. ഭൂമി സംരക്ഷിക്കുന്നതിന് ഇളംതലമുറയെ പ്രചോദിപ്പിക്കുന്നതു കൂടിയാവും മ്യൂസിയത്തിന്റെ ഉള്ളടക്കം.
അറേബ്യന്‍ കണ്ണിലൂടെയാണ് അബൂദബി ദേശീയ ചരിത്രമ്യൂസിയം ഭൂമിയുടെ ചരിത്രം പറയുന്നത്. മേഖലയുടെ ഭൗമശാസ്ത്ര ചരിത്രവും മ്യൂസിയത്തിലുണ്ടാവും. മേഖലയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമായിരിക്കും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയം. ലോകത്തുടനീളമുള്ള അപൂര്‍വ അസ്ഥികൂടങ്ങള്‍ യു.എ.ഇയുടെ തലസ്ഥാന നഗരിയിലെത്തുന്നതിനും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയം കാരണമാവും. 40 വര്‍ഷം മുമ്പ് ആസ്ത്രേലിയയില്‍ പതിച്ച ഏഴു ബില്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള നക്ഷത്ര പൊടിയായ മുര്ഷിസോണ് മെറ്റീയോറൈറ്റ് വരെ മ്യൂസിയത്തിലെത്തിക്കുന്നുണ്ട്. 2022 മാര്‍ച്ച് 23ന് അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗവും അബൂദബി എക്സിക്യൂട്ടിവ് ഓഫിസ് ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആൽ നഹ്യാന് ആണ് അബൂദബി പ്രകൃതി ചരിത്ര മ്യൂസിയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
സുവോളജി, പാലിയന്തോളജി, മറൈന്‍ ബയോളജി, മോളികുലാര്‍ റിസര്‍ച്ച്, ഭൗമശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ പഠന ഗവേഷണ കേന്ദ്രവും അബൂദബി പ്രകൃതി ചരിത്ര മ്യൂസിയത്തിലുണ്ടാവും. പ്രദര്‍ശനത്തിനും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള സൗകര്യവും മ്യൂസിയത്തിലുണ്ടാവും. 2025 ഒടുവിലായിരിക്കും മ്യൂസിയം തുറന്നുകൊടുക്കുക. നിര്‍മാണ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. സഅദിയാത്ത് ദ്വീപിലെ സഅദിയാത്ത് കള്‍ച്ചറല്‍ ജില്ലയില്‍ 35000 ചതുരശ്രമീറ്ററിലാണ് മ്യൂസിയം ഒരുങ്ങുന്നത്.
സഅദിയാത്ത് ദ്വീപില്‍ ദൃശ്യവിസ്മയങ്ങളൊളിപ്പിച്ച മറ്റ് ചില വിനോദകേന്ദ്രങ്ങള്‍ കൂടി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. 17000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള ടീംലാബ് ഫിനോമിന അബൂദബി എന്ന പദ്ധതി ഏറെ പ്രത്യേകതകളോടെയാണ് പൂര്‍ത്തിയാവുന്നത്. കലയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ദൃശ്യാനുഭവമാണ് ടീംലാബ് ഫിനോമിന അബൂദബിയില്‍ അധികൃതര്‍ ഒരുക്കുന്നത്. സായിദ് നാഷനല്‍ മ്യൂസിയം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം അബൂദബി, ലൗറേ അബൂദബി, ഗുഗന്‍ഹൈം അബൂദബി എന്നിവയുടെ സമീപത്തായാണ് ടീംലാബും നിര്‍മിക്കുന്നത്. അബൂദബി സാംസ്കാരിക, വിനോദ വകുപ്പ്, മൈറല് ആൻഡ് ടീംലാബ് എന്നിവയാണ് കേന്ദ്രത്തിന്റെ നിര്‍മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. 2024ഓടെ പദ്ധതി നിര്‍മാണം പൂര്‍ത്തീകരിക്കും.
സഅദിയാത്ത് ദ്വീപില്‍ നിര്‍മിച്ചു വരുന്ന 'ഗുഗ്ഗന്‍ഹൈം അബൂദബി ' മ്യൂസിയം 2025ല്‍ പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആധുനികവും സമകാലികവുമായ ശൈലിയില്‍ കലാ മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സാംസ്കാരിക, ടൂറിസം വകുപ്പുകള്‍ സംയുക്തമായിട്ടാണ് മ്യൂസിയം ഒരുക്കുന്നത്. ഫ്രാങ്ക് ഗെറി രൂപകല്പന ചെയ്ത മ്യൂസിയം പൂര്‍ത്തിയാക്കുന്നതിനായി ഒരു ബില്യണ്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്. സോളമന് ആര് ഗുഗ്ഗെന്ഹൈം ഫൗണ്ടേഷനുമായി സഹകരിച്ച് അബൂദബി ഡി.സി.ടിയാണ് പദ്ധതി വികസിപ്പിക്കുന്നത്. മേഖലയുടെ സംസ്കാരത്തിന്റെയും സര്‍ഗാത്മക വ്യവസായങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനും ആഗോള സാംസ്കാരിക വിനിമയം പ്രോല്‍സാഹിപ്പിക്കാനും മ്യൂസിയത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.