അബൂദബി: എമിറേറ്റിലെ മുസ്‌ലിമേതര പ്രവാസികള്‍ക്കായി സ്ഥാപിച്ച പ്രത്യേക കോടതി ഒരുദിവസം കൊണ്ട് വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കി ശ്രദ്ധനേടി. യു.എസ് വനിതയുടെ വിവാഹമോചനമാണ് കോടതി അനുവദിച്ചത്. 10 മിനിറ്റിൽ കോടതി വാദം കേള്‍ക്കുകയും അതേദിവസം തന്നെ വിവാഹമോചനം അനുവദിച്ചതായി ഉത്തരവിറക്കുകയും ചെയ്തു. 10 ദിവസം മുമ്പാണ് യുവതി കോടതിയില്‍ അപ്പോയിന്‍മെന്‍റ് ബുക്ക് ചെയ്തത്. 35കാരിയും രണ്ടു മക്കളുടെ മാതാവുമായ കേറ്റ് സ്‌കലിയാണ് വിവാഹമോചന ആവശ്യവുമായി കോടതിയിലെത്തിയത്.
10 വര്‍ഷം മുമ്പാണ് കേറ്റ് വിവാഹിതയായത്. കേറ്റും പങ്കാളിയും വിവാഹമോചിതരാവാന്‍ ധാരണയിലെത്തുകയും ഇതേ തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നു. ഈ കോടതി ഇല്ലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് വിവാഹമോചനം അസാധ്യമാകുമായിരുന്നുവെന്ന് വിധിക്കുശേഷം കേറ്റ് പ്രതികരിച്ചു. വിവാഹമോചനം ലഭിക്കുന്നതിന് 10 ദിവസം മുമ്പ് മുഷ്രിഫ് മാളിലെ ഹാപ്പിനസ് സെന്‍ററില്‍ പോയി വിവാഹ സര്‍ട്ടിഫിക്കറ്റും ഇമാറാത്ത് ഐഡിയും അടക്കമുള്ള രേഖകള്‍ കൈമാറി. കോടതിയിലേക്ക് കേസ് നീക്കുന്നതിനായി ചെറിയൊരു ഫീസും അടച്ചു. ഇതുമാത്രമായിരുന്നു നടപടിയെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം കോടതിയിലെത്തേണ്ട തീയതിയും ഹാപ്പിനസ് സെന്‍ററില്‍നിന്ന് നല്‍കിയതായി യുവതി പറഞ്ഞു. മുമ്പായിരുന്നെങ്കില്‍ കോടതി നടപടികള്‍ക്കായി മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമായിരുന്നു.
ഇതിനു പുറമേ ദമ്പതികള്‍ പങ്കെടുക്കേണ്ട നിരവധി കൗണ്‍സലിങ്ങുകളും ഉണ്ടാവും. കഴിഞ്ഞ നവംബറിലാണ് അമുസ്‌ലിംകള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള നിയമസഹായം നൽകുന്നതിന് പ്രത്യേക കോടതിക്ക് തുടക്കമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.