അബൂദബി: മയക്കുമരുന്നിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് അബൂദബി പൊലീസ് കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലഫ് അൽ മസ്രൂയി. മയക്കുമരുന്നിന് അടിമകളായവരിൽ നിന്ന് പൊതുസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിവിധ സാമൂഹിക സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണ ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുപ്പക്കാർ, പ്രായമായവർ, സ്ത്രീകൾ, പുരുഷന്മാർ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ മയക്കുമരുന്ന് ഉപയോഗം നിർമാർജനം ചെയ്യാനാവൂ. മയക്കുമരുന്ന് ഉപയോഗത്തിെൻറ ദൂഷ്യങ്ങൾ, ആസക്തിയുടെ അപകടം, കുട്ടികളെ സുരക്ഷിതമാക്കൽ തുടങ്ങിയ വിഷയത്തിലൂന്നി അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണത്തിന് മുന്നോടിയായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവാക്കളിൽ കൂടുതൽ ബോധവത്കരണം ആവശ്യമാണ്. മയക്കുമരുന്നിൽനിന്ന് യുവാക്കളെയും സമൂഹത്തെയും സംരക്ഷിക്കുകയെന്നത് സംയോജിത ദേശീയ പദ്ധതിയാണ്. മതപരമായ ചിട്ടകൾ ചെറുപ്പത്തിലേ വികസിപ്പിച്ചെടുക്കുകയും മയക്കുമരുന്നിെൻറ അനന്തരഫലങ്ങളെക്കുറിച്ച് കുട്ടികളെയും യുവാക്കളെയും കുടുംബാംഗങ്ങൾ ബോധവത്കരിക്കുകയും ചെയ്യണം. മയക്കുമരുന്നിെൻറ ചതിക്കുഴികളിലേക്ക് നീങ്ങുന്നതിനുള്ള എല്ലാ മാർഗങ്ങളും തടയുക എന്നതിലും കുടുംബാംഗങ്ങളുടെ ശ്രദ്ധയും ജാഗ്രതയും പ്രധാനമാണ്.
വഴക്കും തർക്കങ്ങളും ഭീഷണിയുമൊന്നുമില്ലാതെ സ്നേഹത്തിെൻറയും ഐക്യത്തിെൻറയും സുരക്ഷിതമായ അന്തരീക്ഷം കുടുംബങ്ങളിൽ ഉണ്ടാകണം. ഒഴിവു സമയങ്ങളിൽ സ്പോർട്സ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കണം. മയക്കുമരുന്നിെൻറ പിടിയിലകപ്പെട്ടവരെ മോചിപ്പിക്കേണ്ടത് സാമൂഹിക നന്മക്കും പുരോഗതിക്കും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.