അബൂദബി: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് (ഐ.എം.ഡി) പുറത്തിറക്കിയ വേൾഡ് ഡിജിറ്റൽ കോംപറ്റിറ്റീവ്നെസ് ഇയർബുക്ക് 2020 അടിസ്ഥാനമാക്കിയുള്ള ആഗോള സാങ്കേതിക സൂചികയിൽ അബൂദബിക്ക് 11ാം സ്ഥാനം. ഡിജിറ്റൽ പരിവർത്തനവുമായി ബന്ധപ്പെട്ട വിവിധ സൂചികകളിൽ അബൂദബി മികച്ച സ്ഥാനങ്ങളിലെത്തി.
സൈബർ സുരക്ഷ, പൊതു-സ്വകാര്യ പങ്കാളിത്തം, ടെക്നോളജി റെഗുലേറ്ററി ഫ്രെയിംവർക്ക് എന്നിവയിൽ അഞ്ചാം സ്ഥാനത്താണ് അബൂദബി. ഡിജിറ്റൽ/ടെക്നോളജിക്കൽ സ്കിൽസ് സൂചികയിൽ അബൂദബി എമിറേറ്റ് ആഗോളതലത്തിൽ ആറാം സ്ഥാനത്തെത്തിയപ്പോൾ ടെക്നോളജിക്കൽ ഫ്രെയിംവർക്ക് സൂചികയിൽ എട്ടും ബിഗ് ഡേറ്റ, അനലിറ്റിക്സ് സൂചികയുടെ ഉപയോഗത്തിൽ ഒമ്പതും ഐ.ടി ഇൻറഗ്രേഷൻ സൂചികയിൽ 12ാം സ്ഥാനത്തുമെത്തി. എമിറേറ്റ് കൈവരിച്ച സുപ്രധാന പുരോഗതിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഡി.ജി.എസ് ചെയർമാൻ അലി റാഷിദ് അൽ കെത്ബി പറഞ്ഞു. എമിറേറ്റിൽ ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങളെ അടിസ്ഥാനമാക്കി അബൂദബി ഡിജിറ്റൽ അതോറിറ്റി (എ.ഡി.ഡി.എ) രൂപവത്കരിച്ചു. അബൂദബിയിലെ മറ്റു സർക്കാർ സ്ഥാപനങ്ങളുമായുള്ള സഹകരണവും സമന്വയവും ശക്തിപ്പെടുത്തി ഡിജിറ്റൽ പരിവർത്തന പ്രക്രിയയിൽ മുന്നേറാനും സാങ്കേതിക രംഗത്ത് പുതിയ അവസരങ്ങൾ ഒരുക്കുകയും ചെയ്യും. സ്വകാര്യ പങ്കാളിത്തത്തോടെ ആഗോളതലത്തിൽ ഉയർന്ന റാങ്കുകൾ നേടാനും ഈ നടപടി പ്രോത്സാഹനമാണെന്നും അൽ കെത്ബി ഓർമിപ്പിച്ചു.
ആഗോള സാങ്കേതിക സൂചികയിൽ അബൂദബി നേടിയ മികച്ച ഫലങ്ങളിൽ അബൂദബി ഗവൺമെൻറ് സപ്പോർട്ട് വകുപ്പ് അണ്ടർസെക്രട്ടറി ഫഹദ് സാലിം അൽകയ്യൂമി ആഹ്ലാദം പ്രകടിപ്പിച്ചു. എമിറേറ്റിലുടനീളം സുസ്ഥിരവും സുരക്ഷിതവുമായ ഡിജിറ്റൽ സേവനങ്ങൾ ഫലപ്രദമായി നൽകുന്നതിന് ഈ നേട്ടം ശക്തമായ പ്രചോദനം പകരുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള പരിവർത്തന സൂചികയിൽ തലസ്ഥാന എമിറേറ്റ് കൈവരിച്ച ഫലങ്ങളിൽ സന്തുഷ്ടരാണെന്നും ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുകയും ആഗോള മത്സര സൂചികകളിൽ അബൂദബിയുടെ മുൻനിര സ്ഥാനം സ്ഥിരീകരിക്കുകയും ചെയ്യുന്നതായും എ.ഡി.ഡി.എ ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുൽ ഹമീദ് അൽ അസ്കർ ചൂണ്ടിക്കാട്ടി. ആഗോള സാങ്കേതിക സൂചികയിൽ കൂടുതൽ പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങൾ എ.ഡി.ഡി.എ തുടരുകയാണ്.സുരക്ഷിതമായ ഡിജിറ്റൽ സർക്കാറിനെ പ്രാപ്തമാക്കുകയും പിന്തുണക്കുകയും ചെയ്യുമെന്നും അസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.