61.5 ബില്യന്‍ ദിര്‍ഹമിന്‍റെ എണ്ണയിതര വ്യാപാരനേട്ടവുമായി അബൂദബി

അബൂദബി: 2022ലെ ആദ്യ പാദത്തില്‍ അബൂദബി എണ്ണയിതര മേഖലയില്‍ നടത്തിയ വിദേശ വ്യാപാരം 61.5 ബില്യന്‍ യു.എ.ഇ ദിര്‍ഹം പിന്നിട്ടു. 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനയാണ് വ്യാപാരത്തിലുണ്ടായത്. ഇറക്കുമതിയില്‍ അഞ്ചു ശതമാനത്തിന്‍റെ വര്‍ധന രേഖപ്പെടുത്തുകയുണ്ടായി. സാധാരണ ലോഹത്തിന്‍റെയും അതിന്‍റെ ഉല്‍പന്നങ്ങളുടെയും വ്യാപാരം 27 ശതമാനം വളര്‍ച്ച കൈവരിച്ച് 12.83 ബില്യന്‍ ദിര്‍ഹമായി ഉയര്‍ന്നു. 2021ല്‍ ഇത് 9.491 ബില്യന്‍ ദിര്‍ഹമായിരുന്നു. മുത്തുകള്‍, വിലപിടിപ്പുള്ള കല്ലുകള്‍, അവ കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ എന്നിവയില്‍ 78 ശതമാനത്തിന്‍റെ വ്യാപാര വര്‍ധനവാണുണ്ടായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ വ്യാപാരത്തിന്‍റെ 23 ശതമാനം(13.921 ബില്യന്‍ ദിര്‍ഹം) സൗദി അറേബ്യയുമായുള്ള വ്യാപാരത്തിലൂടെയാണ് കൈവരിച്ചത്.

സ്വിറ്റ്‌സര്‍ലൻഡ്(8 ശതമാനം), യു.എസ്(7), ചൈന(5), ഇന്ത്യ(5) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരം. അധികൃതര്‍ നടപ്പാക്കിയ മികച്ച സേവനങ്ങളാണ് വ്യാപാര വളര്‍ച്ചക്ക് കാരണമായതെന്ന് അബൂദബി കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ റാഷിദ് ലാഹിജ് അല്‍ മന്‍സൂരി പറഞ്ഞു. അതേസമയം പ്രാദേശികവും മേഖലപരവും ആഗോളതലത്തിലുള്ളതുമായ വിവിധ മേഖലകളുടെ വളര്‍ച്ചക്കും അബൂദബിയില്‍ വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിന്‍റെ ഭാഗമായി സംയോജിത ഭക്ഷ്യ സുരക്ഷ, കാര്‍ഷിക ഡാറ്റാ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി(എ.ഡി.എ.എഫ്.എസ്.എ) പുതിയ പദ്ധതിക്കു തുടക്കം കുറിച്ചിരുന്നു. ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുക, സുസ്ഥിരമായ കാര്‍ഷിക വികസനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ എ.ഡി.എ.എഫ്.എസ്.എയുടെ ലക്ഷ്യങ്ങളെ കൈവരിക്കുന്നതിന് സഹായകമാവുന്നതാണ് ഡാറ്റാ പ്ലാറ്റ്‌ഫോം.

കൃത്യമായ ആസൂത്രണത്തോടെ കന്നുകാലി, കാര്‍ഷിക ഉല്‍പാദന മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനാൽ തന്നെ ഓരോ വര്‍ഷവും ഗണ്യമായ വളര്‍ച്ചയാണ് അബൂദബി എമിറേറ്റിലുണ്ടാവുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ അബൂദബി എമിറേറ്റ്‌സ് കന്നുകാലി, കാര്‍ഷിക ഉല്‍പാദന മേഖലയില്‍ 13.7 ബില്യന്‍ ദിര്‍ഹമിന്‍റെ വളര്‍ച്ച നേടിയതായി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2019നെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ചയാണ് 2020ല്‍ അബൂദബി കരസ്ഥമാക്കിയത്. അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2020ലെ മികച്ച വളര്‍ച്ചയിലൂടെ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലേക്ക് കാര്‍ഷിക മേഖലയില്‍ നിന്ന് ലഭിച്ച സംഭാവന 1.1 ശതമാനമായിരുന്നു. അതിനു മുമ്പുള്ള വര്‍ഷമിത് 0.8 ശതമാനമായിരുന്നു.

Tags:    
News Summary - Abu Dhabi seizes 61.5 billion dirhams in non-oil trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.