അബൂദബി: എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദന വളര്‍ച്ചയില്‍ കൂടുതല്‍ സാധ്യതകള്‍ തേടുന്ന യു.എ.ഇ, ആരോഗ്യ സുരക്ഷ രംഗത്ത് അമേരിക്കന്‍ സഹകരണം ഉറപ്പുവരുത്തുന്നു. ആരോഗ്യ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തേടി കഴിഞ്ഞദിവസം അബൂദബിയില്‍നിന്നുള്ള പ്രതിനിധി സംഘം വാഷിങ്ടണിലെ യു.എസ് ചേംബര്‍ ഓഫ് കോമേഴ്സും ലൈഫ് സയന്‍സസ് കേന്ദ്രമായ ബോസ്റ്റണിലെ ബയോ മെഡിസിന് ഗവേഷണ കേന്ദ്രവും സന്ദര്‍ശിച്ചു. യു.എ.ഇ തലസ്ഥാനമായ അബൂദബി ക്ലിനിക്കല്‍ ട്രയലുകളുടെ മുന്‍നിര ലക്ഷ്യസ്ഥാനമായി മാറുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.
ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക വളര്‍ച്ച, ജോലി തുടങ്ങിയവക്ക് അബൂദബിയുടെ സാധ്യതകള്‍ ഏറെ ഗുണകരമാണ്. 200ലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്നതും സവിശേഷമായ സ്ഥാനവുമെല്ലാം അബൂദബിയിലേക്ക് അന്താരാഷ്ട്ര ലൈഫ് സയന്‍സ് കോർപറേഷനുകളെ ആകര്‍ഷിക്കാന്‍ അനുയോജ്യമാണ്. യു.എ.ഇയെ മാത്രമല്ല, മുഴുവന്‍ ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിന് സംഭാവന നല്‍കാനും കൂട്ടായ ആരോഗ്യ ഭാവി സൃഷ്ടിക്കുന്നതിന്റെ ഭാഗമാകാനും തങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് അബൂദബി ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നാഇയുടെ അഭിപ്രായം. യു.എസ്-യു.എ.ഇ ആരോഗ്യ പങ്കാളിത്തം ആയിരക്കണക്കിന് രോഗികളുടെ ജീവിതവും ആരോഗ്യ സംരക്ഷണവും മെച്ചപ്പെടുത്താന്‍ സഹായകമാവുമെന്ന് യു.എ.ഇ അംബാസഡറും സഹമന്ത്രിയുമായ യൂസഫ് അല്‍ ഒതൈബ പറഞ്ഞു.
എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദന വളര്‍ച്ചയിലേക്ക് യു.എ.ഇ കുതിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സാധ്യതകള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ഒപ്പം മയക്കുമരുന്ന് നിര്‍മാണവുമായ ബന്ധപ്പെട്ട അനധികൃത ഇടപെടലുകളെ കര്‍ശനനിയമങ്ങള്‍ ഉപയോഗിച്ചു നിയന്ത്രിക്കാനും സാധിക്കും. കൊറോണ വൈറസ് വാക്സിനുകളുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുത്ത ആദ്യ രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. പ്രാദേശികമായി 3,00,000 കോവിഡ് ആര്.എന്‍.എ സാമ്പിളുകളും അബൂദബി നിര്‍മിച്ചിരുന്നു. കോവിഡ് സമയത്ത് അബൂദബി വഴി 60ലധികം രാജ്യങ്ങളിലേക്ക് 260 ദശലക്ഷത്തിലധികം വാക്സിന് ഡോസുകളാണ് കയറ്റിയയച്ചത്. എമിറേറ്റിന്റെ സാധ്യതകളുടെയും ദ്രുതഗതിയിലുള്ള വികസനത്തിന്റെയും ഉദാഹരണമാണിതെന്ന് അബൂദബി ആരോഗ്യ വകുപ്പിലെ എക്സിക്യൂട്ടിവ് അഫയേഴ്സ് ഡയറക്ടര്‍ ഡോ. ഒമര്‍ നജിം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.