എന്താകണമെന്നാണ് ആഗ്രഹം എന്ന ചോദ്യത്തിന് 'സിനിമ നടനാവണം' എന്ന് മറുപടി പറയുന്ന കുട്ടികളുണ്ട്. അതൊരു പറച്ചിൽ മാത്രമായിരിക്കും മിക്കവർക്കും. എന്നാൽ അയേഷ് എന്ന പതിനാലുകാരൻ വ്യത്യസ്തനാണ്. സിനിമയോടും അഭിനയത്തോടുമുള്ള പാഷൻ മനസിൽ സൂക്ഷിക്കുകയും സ്വന്തമായി വഴികൾ കണ്ടെത്തി സഞ്ചരിക്കുകയുമാണ് ഇൗ മിടുക്കൻ. കുടുംബത്തിലോ സൗഹൃദങ്ങളിലോ സിനിമ മേഖലയിലുള്ളവർ ഇല്ലാതിരുന്നിട്ടും തേടിപ്പിടിച്ചാണ് ആദ്യ സിനിമയിൽ അവസരം നേടിയത്.
അങ്ങനെ 'ജോണി ജോണി യെസ് അപ്പ' എന്ന സിനിമയിൽ ചെറിയ റോളിലാണെങ്കിലും അയേഷ് പ്രത്യക്ഷപ്പെട്ടു. മിടുക്കൻ എന്ന് ആക്ടിങ് കണ്ടവരെല്ലാം പറഞ്ഞു. ആ പ്രോൽസാഹനം ഊർജമാക്കി ഇതിനകം നാലു സിനിമയിൽ വേഷമിട്ടുകഴിഞ്ഞു. ഷെയിൻ നിഗം നായകനായ ഇറങ്ങാനിരിക്കുന്ന ഉല്ലാസം, ദുബൈയിൽ ഷൂട്ട് ചെയ്ത അഭിരാമി, ഗൾഫ് ലൊക്കേഷനായ സൗബിൻ ഷാഹിറിെൻറ മ്യാവൂ എന്നിവയിലാണ് ഈ ഭാവി താരം ഇതിനകം മുഖം കാണിച്ചത്. 'അഭിരാമി'യിൽ സുപ്രധാന റോളിൽ തന്നെയാണ് അഭിനയിച്ചിട്ടുള്ളത്.
കണ്ണൂർ പയ്യന്നൂർ കവ്വായി സ്വദേശികളായ അബ്ദുലത്തീഫ്-സാഹിറ ദമ്പതികളുടെ മകനാണ് ദുബൈ വെസ്റ്റ്മിൻസ്റ്റർ സ്കൂളിലെ ഈ ഒമ്പതാം ക്ലാസ് വിദ്യാർഥി. ചെറുപ്പം മുതൽ സിനിമാറ്റിക് ഡാൻസിനോട് താൽപര്യമായിരുന്നു. ഡാൻസ് നല്ല രീതിയിൽ പഠിച്ചെടുത്തത് സ്കൂൾ തലത്തിലും മറ്റു പരിപാടികളിലും അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് കുഞ്ചാക്കോ ബോബൻ നായകനായി വരുന്ന 'ജോണി ജോണി യെസ് അപ്പ' എന്ന സിനിമയിലേക്ക് ബാലതാരങ്ങളെ തേടുന്ന പരസ്യം കണ്ടത്.
ഇതിലേക്ക് വീട്ടുകാർ പോലുമറിയാതെ അപേക്ഷ നൽകിയാണ് സിനിമയിലെ ആദ്യാവസരം നേടിയത്. മക്കളുടെ ആഗ്രഹങ്ങൾക്ക് തടസം പറയാത്ത മാതാപിതാക്കൾ പ്രോൽസാഹിപ്പിച്ചു. ഇതോടെ ചെറുപ്രായത്തിൽ തന്നെ കൂടുതൽ സിനിമകളിലേക്ക് ചേക്കേറാൻ അവസരമായി. അവസാനം അഭിനയിച്ച മൂന്ന് സിനിമകളും പ്രേക്ഷകരിലെത്തിയാൽ സിനിമയിൽ കൂടുതൽ അവസരങ്ങൾ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് അയേഷ്. അതിനാൽ ആക്ട് ലാബ് എന്ന സ്ഥാപനത്തിൽ ചേർന്ന് അഭിനയകല അഭ്യസിക്കാനും തുടങ്ങിയിട്ടുണ്ട്.
എമിറേറ്റ്സ് പോസ്റ്റിൽ ഉദ്യോഗസ്ഥനായ പിതാവ് ലത്തീഫ് 32വർഷമായി ദുബൈയിലാണ് കഴിയുന്നത്. അയേഷും ഏക സഹോദരൻ സനീനും ജനിച്ചതും വളർന്നതും ഇവിടെതന്നെ. നാടിനോട് ബന്ധം മുറിയാതെ സൂക്ഷിക്കുന്ന ഇവർ സാമൂഹിക പ്രവർത്തനങ്ങളിലും പരിസ്ഥതി സംരക്ഷണ യജ്ഞങ്ങളിലും ഭാഗമാവാറുണ്ട്. സഹോദരൻ സനീൻ യു.എ.ഇ അണ്ടർ -19 ക്രിക്കറ്റ് ടീം അംഗമായിരുന്നു. മികച്ച വിദ്യാർത്ഥിക്കുള്ള ശൈഖ് ഹംദാൻ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.