ദുബൈ: മയക്കുമരുന്ന് കടത്തിനും വിൽപനക്കുമെതിരെ ശക്തമായ നടപടി തുടരുന്ന യു.എ.ഇയിൽ കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ പിടിയിലായത് 11,988 പേർ. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
2023ൽ മാത്രം 29.7 ടൺ മയക്കുമരുന്ന് പിടിച്ചെടുക്കുകയും 8,300 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡോർ പാനലുകൾക്കും മറ്റും ഉള്ളിൽ സൂക്ഷിച്ച നിലയിൽ 387കോടി ദിർഹം വിലമതിക്കുന്ന 13 ടണ്ണിലധികം മയക്ക്ഗുളികകൾ കടത്താനുള്ള ശ്രമം ദുബൈ പൊലീസ് കഴിഞ്ഞ വർഷം പരാജയപ്പെടുത്തിയിരുന്നു. 2022നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 24 ശതമാനം കൂടുതൽ മയക്കുമരുന്ന് പിടിച്ചെടുക്കലാണ് ഷാർജ പൊലീസ് റിപ്പോർട്ട് ചെയ്തത്.
11.53കോടി ദിർഹം വിലമതിക്കുന്ന മയക്കുമരുന്നുകൾ വിവിധ ഓപറേഷനുകളിലായി ഷാർജയിൽ പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായ ഉൽപന്നങ്ങൾ വിൽപന നടത്തുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത 2,397 വെബ്സൈറ്റുകൾ കഴിഞ്ഞ വർഷം തടഞ്ഞിട്ടുമുണ്ട്.
മയക്കുമരുന്നും മറ്റു നിരോധിത ഉൽപന്നങ്ങളും വിൽപന നടത്തിയ 1,60,000 വെബ്സൈറ്റുകളെയും സമൂഹ മാധ്യമ അക്കൗണ്ടുകളെയും ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് കൗൺസിൽ, സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരിച്ച് ബ്ലോക്ക് ചെയ്തതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മാർച്ച് മാസത്തിൽ വെളിപ്പെടുത്തിയിരുന്നു. രാജ്യത്തും വിദേശത്തുമുള്ള മയക്കുമരുന്ന് കടത്ത് ശൃംഖല തകർക്കുന്നതിന് യു.എ.ഇയുടെ ശക്തമായ സംവിധാനം വലിയ സംഭാവന നൽകിയതായി ആഭ്യന്തര മന്ത്രാലയത്തിലെ ഫെഡറൽ നാർകോട്ടിക് കൺട്രോൾ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സഈദ് അബ്ദുല്ല അൽ സുവൈദി പറഞ്ഞു.
കഴിഞ്ഞ വർഷം മയക്കുമരുന്ന് കടത്ത് എന്നിവയടക്കമുള്ള നിരവധി കേസുകളിൽ തുടർനടപടികൾക്കും വിവരങ്ങൾ ശേഖരിക്കാനും 30 ലധികം രാജ്യങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. യു.എ.ഇ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിന് പുറത്ത് 4.4 ടൺ മയക്കുമരുന്ന് പിടിച്ചെടുക്കാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.