നഗര സൗന്ദര്യത്തെ ബാധിക്കും: വസ്ത്രങ്ങൾ ബാൽക്കണിയിൽ വിരിക്കരുത്

അബൂദബി: താമസിക്കുന്ന ഫ്ലാറ്റുകളുടെയും വില്ലകളുടെയും ജനലുകള്‍, ബാല്‍ക്കണികള്‍ തുടങ്ങിയ ഇടങ്ങളില്‍ വസ്ത്രങ്ങള്‍ വിരിക്കുന്നത് നഗരസൗന്ദര്യത്തിന് കോട്ടം തട്ടിക്കുന്നതായി അബൂദബി മുനിസിപ്പാലിറ്റി. താമസക്കാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇതുസംബന്ധിച്ച് നഗരത്തിലെ താമസക്കാര്‍ക്കായി വെര്‍ച്വല്‍ ബോധവത്കരണം സംഘടിപ്പിച്ചിരുന്നു.

വസ്ത്രങ്ങളും വീട്ടുപകരണങ്ങളും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കെട്ടിടത്തിന്‍റെയും നഗരത്തിന്‍റെയും സൗന്ദര്യത്തിന് കളങ്കമുണ്ടാക്കും. വസ്ത്രം ഉണക്കാന്‍ മറ്റ് സംവിധാനങ്ങളെ ആശ്രയിക്കണം. പുറത്തേക്കു കാണാത്ത വിധത്തില്‍ ബാല്‍ക്കണിയില്‍ തുണി വിരിച്ചിടുന്നതിന് തടസ്സമില്ല. വസ്ത്രം പറന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രശ്‌നത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്തുന്നതിന് താമസക്കാര്‍ക്ക് അറബി, ഇംഗ്ലീഷ്, ഉര്‍ദു ഭാഷകളില്‍ എസ്.എം.എസ് സന്ദേശം അയക്കുമെന്നും നഗരസഭ അറിയിച്ചു. ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയും ബോധവത്കരണ കാമ്പയിന്‍ നടത്തിവരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ മുന്നറിയിപ്പ് നല്‍കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴ ചുമത്തും.

അതേസമയം, ബഹുനില കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍നിന്നോ ജനാലകളിലൂടെയോ കുട്ടികള്‍ വീഴാതിരിക്കാന്‍ സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടാവണമെന്നും അബൂദബി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. നിസ്സാര അശ്രദ്ധ വലിയ അപകടം വരുത്തിവെക്കും എന്നതിനാല്‍ കെട്ടിട നിര്‍മാതാക്കള്‍ മുതല്‍ താമസക്കാര്‍ വരെ അതീവ ശ്രദ്ധ പുലര്‍ത്തണം. ജനാലകളില്‍ കുട്ടികള്‍ കയറുന്നത് തടയാന്‍ ജനാലക്കു സമീപം ഗൃഹോപകരണങ്ങള്‍ വക്കരുതെന്നും നിര്‍ദേശമുണ്ട്. പുറത്തെ കാഴ്ചകള്‍ കാണാന്‍ കുട്ടികള്‍ മേശ, കസേര തുടങ്ങിയവയില്‍ പിടിച്ചുകയറി തെന്നി വീഴാന്‍ സാധ്യതയുണ്ട്.

ബാല്‍ക്കണിയില്‍നിന്നും ജനലില്‍നിന്നും താഴേക്ക് വീഴാത്തവിധം അധിക സുരക്ഷ ഒരുക്കണം. ഇതിനായി ഇരുമ്പു കവചമോ മറ്റോ സ്ഥാപിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. മതിയായ സുരക്ഷ സംവിധാനം ഉറപ്പാക്കിയ ശേഷമേ ജനലും ബാല്‍ക്കണികളും തുറക്കാവൂ. രക്ഷിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ജനലുകള്‍ക്കിരികിലോ ബാല്‍ക്കണിയിലോ കുട്ടികളെ പോകാൻ അനുവദിക്കരുത്. ജനലും ബാല്‍ക്കണിയിലും പൂട്ടി താക്കോല്‍ കുട്ടികള്‍ക്കു കിട്ടാത്തവിധം സൂക്ഷിക്കണം. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം ജനാലകള്‍ അടച്ചിടണം. അശ്രദ്ധമൂലമുണ്ടാകുന്ന സംഭവങ്ങളില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓര്‍മിപ്പിച്ചു. ബാലാവകാശ സംരക്ഷണ നിയമപ്രകാരം കുറ്റക്കാര്‍ക്ക് ഒരു വര്‍ഷം തടവോ 5000 ദിര്‍ഹം പിഴയോ രണ്ടും ചേര്‍ത്തോ ആണ് ശിക്ഷ ലഭിക്കുക.

Tags:    
News Summary - Affects the beauty of the city: clothes should not be spread on the balcony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.