അബൂദബി: ഈ വർഷത്തെ ടൂറിസം സീസണ് തുടക്കം കുറിച്ച് സെപ്റ്റംബർ ഒന്നു മുതൽ അബൂദബിയിൽ ക്രൂയിസ് കപ്പലുകൾ എത്തിത്തുടങ്ങുമെന്ന് അബൂദബി സാംസ്‌കാരിക ടൂറിസം വകുപ്പ് അറിയിച്ചു.
ഒന്നരവര്‍ഷത്തിനു ശേഷമാണ് വിദേശ സഞ്ചാരികളുമായി ക്രൂയിസ് കപ്പലുകള്‍ അബൂദബിയില്‍ നങ്കൂരമിടാന്‍ എത്തുന്നത്.
സായിദ് പോർട്ടിൽ 2019ൽ 192 ക്രൂയിസ് കപ്പലുകളിലായി അഞ്ചുലക്ഷം സന്ദർശകരാണെത്തിയത്. വിവിധ രാജ്യങ്ങളിൽനിന്ന് അബൂദബിയിലെത്തുന്ന സഞ്ചാരികൾ ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനെടുത്തവരായിരിക്കണം. എല്ലാ കോവിഡ് പ്രതിരോധ മുൻകരുതലുകളും പാലിക്കുകയും വേണം. സാധാരണയായി ഒക്ടോബർ മുതൽ മേയ് വരെ നടക്കുന്ന അബൂദബിയിലെ പരമ്പരാഗത ക്രൂയിസ് സീസൺ ഒന്നര വർഷത്തെ ഇടവേളക്കുശേഷം ഇക്കുറി സെപ്റ്റംബർ ഒന്നിനാണ് ആരംഭിക്കുന്നത്.
അബൂദബിയിലെത്തുന്ന ക്രൂയിസ് സഞ്ചാരികൾക്ക് സർ ബനിയാസ് ദ്വീപിലെ സ്റ്റോപ് ഓവറിലെ കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരവും ഈ വർഷത്തെ പ്രത്യേകതയാണ്. പ്രകൃതി മനോഹരമായ സർബനിയാസ് ദ്വീപ് അബൂദബിയിലെ വന്യജീവി സങ്കേതമാണ്. അബൂദബി നഗരാതിർത്തിയിലെ അൽ ക്വാന ടൂറിസ്റ്റ് കേന്ദ്രവും ക്രൂയിസ് സഞ്ചാരികളെ ആകർഷിക്കാനുള്ള അവസാനഘട്ട തയാറെടുപ്പിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.